ഇടുക്കി:കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ ആൾക്കൂട്ടത്തിനിടയിൽ വ്യത്യസ്തത പുലർത്തുന്ന പി. ടി തോമസ് തന്റെ രാഷ്ട്രീയ തട്ടകമായ ഇടുക്കിയോട് വിട പറയുന്നുവോ ? പാർലമെന്റ് തെരഞ്ഞെടുപ്പു വേളയിൽപോലും ഗാഡ്ഗിൽ-കസ്തൂരിരംഗൻ പ്രശ്‌നത്തിൽ തന്റെ നിലപാടിൽ ഉറച്ചുനിന്നു സിറ്റിങ് സീറ്റ് നഷ്ടമാക്കിയ പി. ടി തോമസ് എന്ന മികച്ച പാർലമെന്റേറിയൻ ഇടുക്കി ജില്ലക്കാർക്ക് അന്യമാകുകയാണെന്നു വ്യക്തമായ സൂചന.

വിളിപ്പേര് പി. ടി എന്നതിലൊതുങ്ങുന്ന കോൺഗ്രസിലെ ഈ ഒറ്റയാൻ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന് ഇനി ഇടുക്കിയിലേക്കില്ലെന്ന വിവരമാണ് കോൺഗ്രസ് നേതൃത്വത്തിൽനിന്നു ലഭിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിന് അനുകൂലമായ നിലപാടെടുത്തതിനെ തുടർന്നു കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ രണ്ടാമതു മത്സരിക്കാനുള്ള നിയോഗം അദ്ദേഹത്തിന് ഇല്ലാതായി. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, പി. ടി ഇടുക്കിയിലെ ഏതെങ്കിലുമൊരു സീറ്റിൽനിന്ന് അസംബ്ലിയിലേക്കു മത്സരിക്കാനുള്ള സാധ്യത വിരളമാണെന്നാണ് നിലവിലെ രാഷ്ട്രീയചിത്രം വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ പി. ടി തോമസോ, നേതാക്കളോ മനസ്സു തുറന്നിട്ടില്ല. എന്നാൽ ചാലക്കുടി അസംബ്ലി സീറ്റിൽ അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന.

എം. പിയും രണ്ടു തവണ എംഎൽഎയുമായ പി. ടി തോമസ് തന്റെ രാഷ്ട്രീയജീവിതത്തിൽ എപ്പോഴും നിലപാടുകൾ മുറുകെപ്പിടിച്ചു നെഞ്ചുറപ്പോടെ നിന്ന വ്യക്തിയാണ്. പലപ്പോഴും അർഹതപ്പെട്ട സ്ഥാനമാനങ്ങൾ അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടതും മുമ്പിൽ വാതിലുകൾ കൊട്ടിയടക്കപ്പെട്ടതും ഈ സ്വഭാവ സവിശേഷതമൂലമാണ്. ഒടുവിൽ, രാജ്യത്തെ മികച്ച രണ്ടാമത്തെ എം. പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും സിറ്റിങ് സീറ്റിൽ വീണ്ടും മത്സരിക്കാൻ അനുമതി ലഭിക്കാതിരുന്നതും ഇതേ കാരണം കൊണ്ടുതന്നെ. പാലായിൽനിന്നും ഇടുക്കിയിലെ ഉപ്പുതോടെന്ന അവികസിത ഗ്രാമത്തിലേക്കു കുടിയേറിയ കാർഷിക കുടുംബത്തിലെ അംഗമായ പി. ടി തോമസ് കഠിനപ്രയത്‌നത്തിലൂടെയാണ് കോൺഗ്രസ് നേതൃനിരയിലെത്തിയത്. കെ. എസ്. യു യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന അധ്യക്ഷ പദവി വരെ എത്തിപ്പിടിച്ച അദ്ദേഹത്തിന് തുണയായിരുന്നത് സംഘാടക പാടവവും പ്രസംഗ ചാതുരിയും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വ്യക്തിബന്ധങ്ങളുമാണ്. വിനയായതാകട്ടെ, കടുത്ത നിലപാടുകളും. എ ഗ്രൂപ്പിലെ പ്രമുഖൻ എന്ന നിലയിലും ഗാഡ്ഗിൽ വിഷയത്തിൽ അടക്കമുള്ള സാമൂഹ്യപ്രശ്‌നങ്ങളിലുമുള്ള നിലപാടുകളാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.

കെ കരുണാകരന്റെ രാഷ്ട്രീയ എതിരാളികളിൽ പ്രമുഖനായി അറിയപ്പെട്ടത് അർഹതപ്പെട്ട സ്ഥാനമാനങ്ങൾ അകന്നു പോകുന്നതിന് കാരണമായിരുന്നു. 1984 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ മത്സരിപ്പിക്കാൻ പി. ടിയെ എ. ഐ. സി. സി പരിഗണിച്ചെങ്കിലും ഒടുവിൽ നറുക്കു വീണത് ജില്ലയ്ക്കു പുറത്തുള്ള പി. ജെ കുര്യനായിരുന്നു. കരുണാകരന്റെ വിമർശകനായിരുന്നതാണ് സീറ്റ് നിഷേധിക്കപ്പെട്ടതിന് കാരണമായി ഉയർന്നു കേട്ടത്. പിന്നീട് പ്രഥമ ജില്ലാ കൗൺസിലിൽ വാത്തിക്കുടി ഡിവിഷനിൽനിന്നു വിജയിച്ചു. ശക്തനായ വിമതസാന്നിധ്യത്തിലും ഇടതുപക്ഷ സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണ് വിജയം പിടിച്ചെടുത്തത്. 1991-ൽ തൊടുപുഴയിൽ പ്രഗത്ഭനായ പി, ജെ ജോസഫിനെ അട്ടിമറിച്ചു നിയമസഭയിലെത്തിയെങ്കിലും 96-ൽ ജോസഫിനോട് പരാജയപ്പെട്ടു. 2001-ൽ പി. സി ജോസഫിനെ പരാജയപ്പെടുത്തി തൊടുപുഴയെ വീണ്ടും പ്രതിനിധീകരിച്ചു. 2006-ൽ വീണ്ടും ജോസഫ് പി. ടിയെ തകർത്തു. 2009-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനകീയനായ സിറ്റിങ് എം. പി ഫ്രാൻസീസ് ജോർജിനെ പരാജയപ്പെടുത്തിയത് പി. ടി തോമസിന്റെ സംഘടനാ പ്രാഗത്ഭ്യം കൊണ്ടായിരുന്നു.

എന്നാൽ ഗാഡ്ഗിൽ പ്രശ്‌നത്തിന് അനുകൂലമായി എടുത്ത നിലപാടുകൾ ഹൈറേഞ്ചിലെ ഒരു വിഭാഗത്തിനിടയിൽ കടുത്ത അമർഷത്തിനിടയാക്കി. ഗാഡ്ഗിൽ റിപ്പോർട്ട് കർഷക വിരുദ്ധമല്ലെന്നും കർഷകർക്കും ഭാവിതലമുറക്കും ഗുണകരമാണെന്നും റിപ്പോർട്ട് നടപ്പാക്കുമ്പോൾ 1000 കോടി രൂപ വികസനപ്രവർത്തനങ്ങൾക്കായി ചെലവഴിക്കപ്പെടുമെന്നും അദ്ദേഹം ആവർത്തിച്ചു പ്രഖ്യാപിച്ചെങ്കിലും വേണ്ടത്ര പിന്തുണ പാർട്ടിയിൽപ്പോലും ലഭിച്ചില്ല. ഇടുക്കി രൂപതയുടെ എതിർപ്പും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രത്യക്ഷ സമരങ്ങളും അദ്ദേഹത്തിനെതിരെ പുതിയ നീക്കങ്ങൾക്ക് കാരണമായി. പ്രബല വിഭാഗമായ കത്തോലിക്ക സഭയിലെ ഇടുക്കി മേഖലയിലുള്ള വൈദികരിൽ പലരും പി. ടിക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയതും ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെയുള്ള സമരങ്ങളും തെരഞ്ഞെടുപ്പിൽനിന്നു അദ്ദേഹത്തെ പിൻവലിക്കാൻ കോൺഗ്രസിനെ നിർബന്ധമാക്കുകയായിരുന്നു. പകരം സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെ രംഗത്തിറക്കിയെങ്കിലും കോൺഗ്രസിന് പരാജയമായിരുന്നു ഫലം. പാർലമെന്റ് സീറ്റിനു പകരം എ. ഐ. സി. സി സെക്രട്ടറി പദം ലഭിക്കുമെന്നു പ്രചാരണമുണ്ടായെങ്കിലും ഒന്നും സംഭവിച്ചില്ല.

പാർലമെന്റ് തെരഞ്ഞെടുപ്പോടെ ഇടുക്കിയിലെ എ ഗ്രൂപ്പ് രണ്ടായി പിളർന്നു. പി. ടി തോമസിനെ അനുകൂലിക്കുന്ന വിഭാഗവും ഡി. സി. സി പ്രസിഡന്റ് റോയി കെ. പൗലോസിനെ അനുകൂലിക്കുന്ന വിഭാഗവും രണ്ടു ചേരിയായി നിലകൊള്ളുകയാണ്. കോൺഗ്രസ് ജില്ലാ - ബ്ലോക്ക് നേതാക്കളിലധികവും റോയിക്കൊപ്പം നിലയുറപ്പിച്ചത് പി. ടിക്ക് തിരിച്ചടിയായി. എന്നാൽ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നിവയുടെ ചുക്കാൻ പി. ടി ഗ്രൂപ്പിനാണ്. കോൺഗ്രസ് എ ഗുപ്പിനുള്ളിൽത്തന്നെ രൂക്ഷമായ ഭിന്നത നിലനിൽക്കുന്നതും ഇടുക്കി രൂപതാ നേതൃത്വത്തിന്റെ എതിർപ്പും പി. ടിയുടെ വിജയസാധ്യതയ്ക്ക് മങ്ങലേൽപിച്ചുവെന്നാണ് പി. ടിയോട് അടുപ്പമുള്ളവർ തന്നെ വ്യക്തമാക്കുന്നത്.

മാത്രമല്ല, ഇടുക്കി ജില്ലയിൽ കോൺഗ്രസിന് മത്സരിക്കാൻ നിലവിലുള്ളത് സംവരണ മണ്ഡലമായ മൂന്നാർ ഒഴിവാക്കിയാൽ രണ്ടെണ്ണമാണ്. ഉടുമ്പൻചോലയും പീരുമേടും. ഇതു രണ്ടും എൽ. ഡി. എഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഉടുമ്പൻചോലയിൽ മുമ്പ് മത്സരിച്ചു പരാജയപ്പെട്ട ഐ ഗ്രൂപ്പിലെ കെ. പി. സി. സി സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറിന് തന്നെയാണ് സാധ്യത. അല്ലെങ്കിൽ ഇതേഗ്രൂപ്പിലെ തന്നെ ഇ. എം ആഗസ്തി സ്ഥാനാർത്ഥിയാകും മുൻ എംഎൽഎ കൂടിയായ ആഗസ്തി പീരുമേട്ടിൽ കഴിഞ്ഞ രണ്ടുതവണ ഇ. എസ് ബിജിമോളോട് പരാജയപ്പെട്ടിരുന്നു. അതിനാൽ ഇക്കുറി വീണ്ടും ഇവിടെ മത്സരിച്ചേക്കില്ല.
ഡി. സി. സി പ്രസിഡന്റ് റോയി കെ. പൗലോസ് പീരുമേട്ടിൽ മത്സരിക്കാൻ താൽപര്യം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ശക്തമായ ട്രേഡ് യൂണിയനുകൾ വിജയം നിശ്ചയിക്കുന്ന തോട്ടം മേഖലയായ പീരുമേട്ടിൽ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ബലാബലം പരീക്ഷിച്ച് ഇനിയുമൊരു രക്ത്‌സാക്ഷിയാകാൻ പി. ടി തോമസും ഒരുക്കമല്ല. അതുകൊണ്ടാണ് ചാലക്കുടിയിലേക്കൊരു മാറ്റത്തിനു നീക്കമുണ്ടാകുന്നത്. തൊടുപുഴയിൽ വോട്ടുണ്ടായിരുന്ന പി. ടി തോമസ്, വോട്ട് ഇപ്പോൾ താമസിക്കുന്ന എറണാകുളത്തേക്കു മാറ്റിയതും രാഷ്ട്രീയ കളം മാറ്റത്തിന്റെ സൂചനയായി വിലയിരുത്താം. ചാലക്കുടി ഇടതുപക്ഷം ഭരിക്കുന്ന മണ്ഡലമാണെങ്കിലും പി. ടി തോമസിലൂടെ തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷ കോൺഗ്രസ് നേതൃത്വത്തിനുമുണ്ട്.