- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിയുടെ പിആർ വർക്കിൽ ജനം വീണതാണ് ഇടത് തരംഗത്തിന് കാരണം; വർഗ്ഗീയ പ്രീണനത്തിന് നീക്കിയ ശക്തമായ കരുക്കൾ ഫലം ചെയ്തു; ഇന്നല്ലെങ്കിൽ നാളെ അഴിമതിയുടെ തോടു പൊട്ടിച്ച് പിണറായി വിജയനെ ജനങ്ങൾ പിടിക്കും; പഴിചാരലും നേതൃമാറ്റം ഉന്നയിക്കലും കോൺഗ്രസിനെ കൂടുതൽ ദുർബലമാക്കുമെന്നും പി.ടി.തോമസ് മറുനാടനോട്
കൊച്ചി: പിണറായി വിജയന്റെ പി.ആർ വർക്കിൽ ജനം വീണതു മൂലമാണ് കേരളത്തിൽ ഇടതു തരംഗമുണ്ടായതെന്ന് തൃക്കാക്കര എംഎൽഎ പി.ടി തോമസ്. നൂറു കോടിയോളം രൂപ മുടക്കി പി.ആർ വർക്കിലൂടെ മാധ്യമങ്ങളെയും ജനങ്ങളെയും ഒരു മാസ്മരിക തലത്തിലേക്ക് എത്തിക്കാൻ പിണറായി വിജയന് കഴിഞ്ഞു. അത്തരം ഒരു ഭീമത്സ രാഷ്ട്രീയ പ്രചാരണ രീതി താൽക്കാലികമായി ജനങ്ങൾ വിശ്വസിച്ചു. അതിന്റെ ഭാഗമായിട്ടാണ് എൽ.ഡി.എഫിന് വലിയ വിജയം നേടാൻ കഴിഞ്ഞത്. വർഗ്ഗീയ പ്രീണനത്തിന് ശക്തമായ കരുക്കൾ നീക്കി. പലപ്പോഴും അത് ഫലം ചെയ്തു എന്ന് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ കാണാൻ കഴിയുമെന്നും പി.ടി മറുനാടനോട് പറഞ്ഞു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ട മൂല്യ ബോധം തമസ്ക്കരിച്ചുകൊണ്ട് ഏന്ത് വൃത്തികേട് ചെയ്തും തെരഞ്ഞെടുപ്പിൽ ജയിക്കുക എന്ന ഒരു നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. ആ വിജയം കമ്യൂണിസ്റ്റു മൂല്യങ്ങളുടെ നിരാസമാണ്. അതിന്റെ ഒരു ഉദാഹരണമാണ് എറണാകുളം ജില്ലയിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥികളെപോലും അവരുടെ ബി ടീമായി ഇറക്കിയത്. 100 ശതമാനം കോൺഗ്രസ് ജയിക്കേണ്ട എറണാകുളം ജില്ലയിൽ ഈ ബീ ടീമിനെ വച്ചുള്ള കളിയിൽ എൽ.ഡി.എഫ് വിജയിച്ചു എന്നും പി.ടി ആരോപിച്ചു. ഐക്യ കേരള രൂപീകരണത്തിന് ശേഷം ഇത്രയും അഴിമതി നിറഞ്ഞ ഒരു സർക്കാർ കേരളത്തിൽ വന്നിട്ടില്ല. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം എന്ന ചങ്ങമ്പുഴ കവിത പോലെ കേരളം മൊത്തം അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ്.
സ്റ്റാലിൻ യുഗത്തിൽ റഷ്യയിൽ നടന്നതാണ് ഇവിടെ സംഭവിക്കാൻ പോകുന്നത്. സ്റ്റാലിൻ തന്റെ ഭരണ പരാജയങ്ങൾ കുറേ കാലത്തേക്ക് തടഞ്ഞു വച്ചതുപോലെ പിണറായി വിജയനും അത് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അധിക നാൾ ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ല. ഇന്നല്ലെങ്കിൽ നാളെ അഴിമതിയുടെ തോടു പൊട്ടിച്ച് പിണറായി വിജയനെ ജനങ്ങൾ പിടിക്കും എന്നും പി.ടി പറഞ്ഞു. വചനം മാംസമായി എന്നൊരു ചൊല്ല് ക്രിസ്ത്യാനികൾക്കിടയിലുണ്ട്. ആദ്യം ഒരു വചനം ഉണ്ടാകുന്നു, അതു പിന്നെ മാംസമായി മനുഷ്യരൂപത്തിലായി എന്നർത്ഥത്തിലാണത്. അതു പോലെ യു.ഡി.എഫ് അന്തരീക്ഷത്തിലുയർത്തി നിർത്തിയിരിക്കുന്ന അഴിമതി എന്ന വചനം അത് മാംസമായി മാറുകയും പിണറായി വിജന്റെ തിളക്കമാർന്ന ഈ വിജയത്തിനിടയിലും അദ്ദേഹത്തിന് തിരിച്ചടി കിട്ടും എന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും പി.ടി കൂട്ടിച്ചേർത്തു.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലേയ്ക്കു ചുരുങ്ങിപ്പോയ എൽ.ഡി.എഫിനെ എഴുതിത്ത്ത്ത്ത്ത്തള്ളിയ കോൺഗ്രസും യു.ഡി.എഫും ഇന്ന് അതിന്റെ പാപഭാരം ഏറ്റെടുക്കണം. അന്ന് ലഭിച്ച വലിയ മുന്നേറ്റത്തിന്റെ ആവേശം ആലസ്യമായി മാറിയതാണ് ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയുണ്ടാക്കിയത്. ഘടനാപരവും പ്രവർത്തന പരവുമായുമുള്ള വീഴ്ചകൾ തുറന്ന് അംഗീകരിച്ച് ഒരു സ്വയം അന്വേഷണത്തിനു തയാറായി മുന്നോട്ടു പോയാൽ ഒരിക്കൽ 9 സീറ്റിലൊതുങ്ങിയ കോൺഗ്രസ് ഉയർത്തെഴുന്നേറ്റതുപോലെ കോൺഗ്രസ് പാർട്ടിക്ക് ഉയർത്തെഴുന്നേൽക്കാൻ സാധിക്കും. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ജനാധിപത്യത്തിന്റെ ജിഹ്വയാണ് അത് തകർക്കാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
പരാജയത്തിന്റെ പേരിൽ ആരെയെങ്കിലും ഒറ്റപ്പെടുത്തി ഉത്തരവാദിത്തം കെട്ടിവയ്ക്കുന്നത് യാഥാർഥ്യത്തിൽനിന്നുള്ള ഒളിച്ചോടലാണ്. പ്രധാന പോരായ്മകൾ കണ്ടറിഞ്ഞ് പരിഹരിക്കാൻ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിക്കണം. സംഘടനാപരമായ വീഴ്ചകൾ ഒന്നൊന്നായി പരിശോധിക്കണം. അതിന് കൂട്ടായ ചർച്ചയും നടപടികളുമുണ്ടാകണം. അതിനായി പാർട്ടി സജ്ജമാകുന്ന ഒരു സാഹചര്യമാണ് അനിവാര്യം. കെപിസിസി പ്രസിഡന്റും ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവും അവരുടെ കടമകൾ നിർവഹിച്ചു എന്നത് യാഥാർഥ്യമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ അവരെ കണക്കറ്റ് പുകഴ്ത്താൻ ആരും പോയില്ല. അതുകൊണ്ടു തന്നെ പരാജയം വരുമ്പോഴും കണക്കു വിട്ട് അവരെ പഴിക്കുന്നതും ന്യായമാണെന്നു കരുതുന്നില്ല. താനടക്കം എല്ലാ നേതാക്കൾക്കും ഈ പരാജയത്തിൽ പങ്കാളിത്തമുണ്ട്. അത് എന്താണെന്നു തിരിച്ചറിയുക എന്നതാണ് ഈ ഘട്ടത്തിൽ വേണ്ടത്.
നേതൃമാറ്റം പോലെയുള്ള വിഷയങ്ങൾ ചർച്ചയായി ഉയർത്തി കൊണ്ടു വരുന്നത് നേതൃത്വത്തെ ദുർബലപ്പെടുത്തുന്നതിനേ ഉപകരിക്കൂ. ഇതുപോലെയുള്ള കാര്യങ്ങൾ കൂട്ടായി ആലോചിച്ച് ചെയ്യേണ്ടതാണ്. പാർട്ടിക്ക് സംഘടനാപരമായി പോരായ്മകളുണ്ട്. അത് എന്താണെന്ന് കണ്ടറിഞ്ഞ് പരിഹരിക്കുകയാണ് വേണ്ടത്. ഒരു വ്യക്തിയെ കാണിച്ച് പരാജയത്തെ ഒതുക്കുന്നത് ശരിയല്ല, അത് വിഷയങ്ങളിൽ നിന്ന് അകന്നു പോകുന്നതിനേ സഹായിക്കൂ. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉമ്മൻ ചാണ്ടിയും അവരുടേതായ പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട്. സംഘടനാപരമായ ദൗർബല്യം കോൺഗ്രസിനുണ്ട് എന്നത് എല്ലാവരും അംഗീകരിക്കുകയാണ് വേണ്ടത് എന്നും പി.ടി തോമസ് പറയുന്നു.
രാഷ്ട്രീയ ചരിത്രത്തിൽ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകൾ മാത്രം നടന്നിട്ടുള്ള തൃക്കാക്കര മണ്ഡലത്തിൽ ആദ്യ വിജയം നേടാൻ എൽ.ഡി.എഫ് നിയോഗിച്ച സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. ജെ. ജേക്കബിനെ 14329 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് പി.ടി. തോമസ് വിജയം പിടിച്ചു നിർത്തിയത്. രാഷ്ട്രീയ അടിയൊഴുക്കുകൾ ഉണ്ടായിരുന്നെങ്കിലും പി.ടി തന്നെ തൃക്കാക്കരക്കാരുടെ മനം കവർന്നു. കോളേജ് പഠനകാലം മുതൽ എറണാകുളവുമായി അടുത്ത ബന്ധം പുലർത്തുന്ന പി.ടിയുടെ രാഷ്ട്രീയാതീത സൗഹൃദങ്ങളും ഇടപെടലുകളും ജയത്തിനു തുണയായി.
പി.ടിയെ തൃക്കാക്കര സീറ്റിൽ നിന്നും നിയമസഭാ കാണിക്കരുതെന്ന കടുത്ത വാശിയിലായിരുന്നു സിപിഎം. ഈ സർക്കാരിന്റെ കാലത്തുടനീളം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ തുടർച്ചയായി കടുത്ത ആരോപണങ്ങൾ ഉന്നയിച്ച ആളാണ് പി.ടി.തോമസ്. നിയമസഭയിൽ പി.ടി.തോമസ് നടത്തിയ പ്രസംഗങ്ങളെല്ലാം തന്നെ പലപ്പോഴും ഭരണപക്ഷത്ത് വലിയ ബഹളത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. മുഖ്യമന്ത്രിയും പിടിയും തമ്മിൽ വാക്ക്പ്പോരുണ്ടാവുന്നതും സഭയിൽ പതിവാണ്. അതുകൊണ്ട് തന്നെ പി.ടിയെ തളയക്കാൻ വളരെ നാളായി സിപിഎം ശ്രമിച്ചുവരികയാണ്.
ഈ സർക്കാരിന്റെ കാലത്ത് പി.ടി തോമസിനെതിരെ എടുത്തത് മൂന്ന് വിജിലൻസ് കേസുകളാണ്. വൻ താരപ്രഭയുള്ള ഒരു സ്ഥാനാർത്ഥിയെ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയായി ഇറക്കി തോമസിനെ തറപറ്റിക്കാൻ കഴിയുമോ എന്നായിരുന്നു സിപിഎമ്മിന്റെ ആലോചന. സിനിമാരംഗത്ത് നിന്നുൾപ്പെടെ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഒടുവിൽ ജേക്കബിനെ തീരുമാനിക്കുകയായിരുന്നു. ഭൂമാഫിയായുടെ തലവൻ എന്നടക്കമുള്ള ആരോപണമായിരുന്നു സിപിഎം പി.ടിക്കെതിരെ ആദ്യമുയർത്തിയത്. എന്നാൽ അതൊന്നും വിലപ്പോയില്ല.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.