- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംഘപരിവാർ അന്തർധാരയുള്ള സ്റ്റാലിനിസ്റ്റാണ് പിണറായിയെന്ന് പി ടി തോമസ്; സെമി കേഡറെന്നാൽ പട്ടാള ച്ചിട്ടയല്ല; ജയിച്ചാലും തോറ്റാലും സമുദായ ശക്തികളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുത്; ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും പിന്നോട്ടു വലിക്കുന്നത് ഗ്രൂപ്പ് മാനേജർമാർ; നയം വ്യക്തമാക്കി പി.ടി
തിരുവനന്തപുരം: പാർട്ടി നേതൃത്വവുമായി സഹകരിച്ചു പോകണമെന്ന് ആഗ്രഹിക്കുന്ന ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പിന്നോട്ടുവലിക്കുന്നത് ഗ്രൂപ്പ് മാനേജർമാരാണെന്ന വിമർശനവുമായി പിടി തോമസ് എംഎൽഎ രംഗത്ത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പിടി തോമസിന്റെ തുറന്നുപറച്ചിൽ. ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും കൂടി രക്ഷകർത്തൃത്വത്തിൽ മാത്രമേ ഇപ്പോഴത്തെ മാറ്റം നല്ല നിലയിൽ പോകൂ. ആ വിശാലമനസ്കത അവർ കാണിക്കണമെന്നും പി.ടി അഭിപ്രായപ്പെട്ടു.
അവരെ ചുറ്റിപ്പിടിക്കുകയും വലിച്ചുപിടിക്കുകയും എല്ലാം ചെയ്യുന്ന ചിലരുണ്ട്. അങ്ങനെ ചെയ്യുന്ന പലരും ജനങ്ങളുമായുള്ള ബന്ധം ഇല്ലാത്തവരോ നഷ്ടപ്പെട്ടവരോ ആണ്. ജനപിന്തുണയുള്ള ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയേയും ഒരു പ്രത്യേക നിലപാടിൽ തളച്ചിടുക എന്നത് അത്തരക്കാരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. പല കാലങ്ങളിലായി ശീലിച്ചു പോകുന്ന പ്രവണത എന്ന നിലയിൽ അതിന്റ കൂടെ നിൽക്കാൻ ആ രണ്ടു പേരും നിർബന്ധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ചില നിർദ്ദേശങ്ങൾ പോലും ഗ്രൂപ്പ് മാനേജർമാരുടെ പിടിവാശി കൊണ്ട് നടക്കാതെ പോയിട്ടുണ്ട്. സ്നേഹവും സൗഹൃദവും ബന്ധവും മൂലം അതിനെ എതിർത്തു പറയാൻ പറ്റാത്ത ഒരു കമ്മിറ്റ്മെന്റ് ഈ നേതാക്കൾക്ക് ഉണ്ടാകുന്നതിന്റെ പോരായ്മ സംഭവിക്കുന്നുണ്ടെന്നും പി.ടി കൂട്ടിച്ചേർത്തു. സുധീരനെ മാറ്റിനിർത്തി പോകില്ല. അദ്ദേഹം ഒരു അഭിപ്രായം പറഞ്ഞപ്പോൾ തങ്ങളെല്ലാവരും അദ്ദേഹത്തെ പോയികണ്ട് ചർച്ച നടത്തി. പുതിയ കമ്മിറ്റി വന്നിട്ട് മൂന്നുമാസമേ ആയുള്ളൂ. അങ്ങനെയുള്ള ഒരു കമ്മിറ്റി അവസരത്തിനൊത്ത് ഉയർന്നില്ല എന്ന വിലയിരുത്തലാണ് അദ്ദേഹം നടത്തിയത്. അത് എന്തു കൊണ്ടാണെന്ന അദ്ഭുതമുണ്ടായി. ആറുമാസമോ ഒരു വർഷമോ കഴിഞ്ഞിട്ടാണെങ്കിൽ മനസ്സിലാക്കാം. പക്ഷേ നേരിട്ടു സംസാരിച്ചപ്പോൾ തങ്ങളുടെ ഭാഗത്തും ചെറിയ ചില പോരായ്മകൾ വന്നെന്നു മനസ്സിലായി. അതു തിരുത്തി പോകാൻ തീർച്ചയായും ശ്രമിക്കും. സുധീരനെ തള്ളിപ്പറഞ്ഞോ മാറ്റി നിർത്തിയോ ഉള്ള ഒരു കാര്യവും ആലോചിക്കില്ലെന്നും പി.ടി പറഞ്ഞു.
ഗാഡ്കിൽ കമ്മിറ്റി റിപ്പോർട്ടിന് വേണ്ടി നിലകൊണ്ടതിന് തനിക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായി. ഇടുക്കി പാർലമെന്റിൽ75,000 വോട്ടിന് ഞാൻ ജയിച്ചു നിൽക്കുമ്പോഴാണ് എഐസിസി എടുത്ത ആ തീരുമാനത്തിനൊപ്പം നിന്നതിന്റെ പേരിൽ തനിക്ക് നഷ്ടം വന്നത്. ജയറാം രമേശ് കൊണ്ടുവന്ന, കോൺഗ്രസിന്റെ കേന്ദ്രസർക്കാർ അംഗീകരിച്ച റിപ്പോർട്ടിനെ പിന്തുണച്ചു എന്ന തെറ്റേ താൻ ചെയ്തുള്ളൂ. താൻ സ്ഥാനാർത്ഥിയായാൽ തോറ്റു പോകും എന്ന വിചാരം കൊണ്ടാണോ, അതോ പള്ളിക്കാരുടെ എതിർപ്പു കൊണ്ടാണോ എന്നറിയില്ല, തന്നോട് മാറി നിൽക്കാൻ പറഞ്ഞു. അതിന്റെ കാരണം തന്നെ ബോധ്യപ്പെടുത്തിയില്ലെന്നും പി.ടി പരാതിപ്പെടുന്നു. പൊതുരംഗത്ത് എടുത്ത നിലപാടിനെ പാർട്ടി പിന്തുണച്ചില്ല എന്ന പരാതി അന്നും ഇന്നും തനിക്കുണ്ട്. തോറ്റാലും ജയിച്ചാലും പാർട്ടി ഇത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്നും പി.ടി നയം വ്യക്തമാക്കി.
സെമി കേഡർ എന്ന വാക്ക് കെപിസിസി പ്രസിഡന്റ് പറഞ്ഞതിനെ ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമർപ്പണബോധമുള്ള ഒരു പറ്റം ആളുകൾ എന്നേ ആ വാക്കിലൂടെ അർഥമാക്കുന്നുള്ളൂ. അല്ലാതെ ആരെയെങ്കിലും തല്ലാൻ പോകുന്നവരോ എതിർ സംഘടനക്കാരുടെ പട്ടാളച്ചിട്ടയോ ഒന്നുമല്ല. ഒരു കാര്യം ഏൽപ്പിച്ചാൽ അതു കൃത്യമായി നടക്കണം എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയനോട് ബഹുമാനമാണെന്നാണ് തുറന്നുപറഞ്ഞ പിടി തോമസ് അതിനുള്ള കാരണങ്ങളും അക്കമിട്ട് നിരത്തുന്നുണ്ട്. അദ്ദേഹത്തിന് ചില ഉറച്ച തീരുമാനങ്ങളുണ്ട്, നേതാവിനുവേണ്ട കാർക്കശ്യം ഉണ്ട്. അക്കാര്യങ്ങളിലെല്ലാം തനിക്ക് അദ്ദേഹത്തോട് ബഹുമാനമാണ്- പി.ടി പറയുന്നു. എന്നാൽ പിണറായി തികഞ്ഞ ഒരു സ്റ്റാലിനിസ്റ്റും വിമർശനങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുന്ന നേതാവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘപരിവാറുമായി ഒരു അന്തർധാര പിണറായിക്കുണ്ടെന്നും പിടി തോമസ് ആരോപിച്ചു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കെതിരെ ആരോപണമുന്നയിച്ചതിൽ കുറ്റബോധമില്ല. താൻ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയായിരുന്നു. അദ്ദേഹത്തിന്റെ മകളുടെ വെബ്സൈറ്റിൽ കാണുന്ന ചില പേരുകൾ സ്പ്രിൻക്ളർ കമ്പനിയുടെ വെബ്സൈറ്റിലും സമാനമായി കണ്ടു. ഇതു ഞാൻ പുറത്ത് ചൂണ്ടിക്കാട്ടിയ ദിവസം തന്നെ ആ വെബ്സൈറ്റ് അപ്രത്യക്ഷമായി. അതൊക്കെ സ്പ്രിങ്ക്ളർ അഴിമതിയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പങ്കാളിത്തം സംശയിക്കുന്നതിന് കാരണമാണെന്നും പിടി തോമസ് വ്യക്തമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ