റ്റ് കായിക അക്കാദമികൾക്കൊന്നും ലഭിക്കാത്തത്ര പിന്തുണയാണ് പി.ടി. ഉഷയുടെ ഉഷ സ്‌കൂൾ ഓഫ് അക്കാദമിക്ക് ഇതുവരെ ലഭിച്ചിരുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും മൾട്ടി നാഷണൽ കമ്പനികളും ബോളിവുഡ് നടന്മാരടക്കമുള്ളവരും ഉഷയുടെ ബ്രാൻഡ് മൂല്യത്തിൽ പ്രതീക്ഷയർപ്പിച്ച് സംഭാവനകൾ വാരിക്കോരി നൽകി. സിന്തറ്റിക് ട്രാക്കടക്കമുള്ള സൗകര്യങ്ങൾ ഉഷ സ്‌കൂളലുണ്ടെങ്കിലും ഏഷ്യൻ തലത്തിനപ്പുറത്തേയ്ക്ക് ഒരു നേട്ടം ഉഷ സ്‌കൂളിന് ഉണ്ടാക്കാനായിട്ടില്ല. ടിന്റു ലൂക്കയും ഇപ്പോൾ പ്രതീക്ഷ പകരുന്ന ജിസ്‌ന മാത്യുവുമൊഴികെ മറ്റുള്ളവരൊന്നും ശോഭിച്ചതുമില്ല.

സർക്കാരുകളിൽനിന്നും മറ്റു സ്രോതസ്സുകളിൽനിന്നുമുള്ള ഫണ്ടിങ് കുറഞ്ഞതോടെ ക്രൗഡ് ഫണ്ടിങ് രീതിയൽ ധനസമാഹരണത്തിന് ശ്രമം തുടങ്ങിയിരിക്കുകയാണ് ഉഷ സ്‌കൂൾ. മിലാപ് എന്ന വെബ്‌സൈറ്റിലൂടെ നടത്തിയ അഭ്യർത്ഥന ഫലം കാണുകയും ചെയ്യുകയും ചെയ്തു. തന്റെ 16 താരങ്ങൾക്കായി 27 ലക്ഷം ശേഖരിക്കുകയെന്നതായിരുന്നു ഉഷയുടെ ലക്ഷ്യം. ഇതുവരെ സമാഹരിച്ചത് 20 ലക്ഷം രൂപ. സംഭാവനകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

2002-ൽ തുടങ്ങിയ ഉഷ സ്‌കൂൾ, താരങ്ങൾക്ക് സൗജന്യ പരിശീലനവും താമസവും ഭക്ഷണവും നൽകുന്നുണ്ട്. മുൻകാലങ്ങളിൽ പല സർക്കാരുകളും സെലിബ്രിറ്റികളും ഉഷ സ്‌കൂളിനെ സഹായിച്ചിരുന്നു. മോഹൻദാസ് പൈ, കുമാരി ഷിബുലാൽ എന്നിവർ താരങ്ങളെ സ്‌പോൺസർ ചെയ്തിരുന്നു. സുധ മൂർത്തി ഒരിക്കൽ 20 ലക്ഷം രൂപ സംഭാവന നൽകി. ഹോസ്റ്റലുകളുടെ നിർമ്മാണം പൂർത്തിയാക്കിയത് ശോഭ ഡവലപ്പേഴ്‌സാണ്.

ഇത്തരം സഹായങ്ങൾ നിലച്ചതോടെയാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ വരുമാനം കണ്ടെത്താൻ ഉഷ തയ്യാറായത്. നിലവിലുള്ള 16 താരങ്ങൾക്കായി ഒരുവർഷം മൂന്നുമുതൽ ആറുലക്ഷം രൂപ വരെ ചെലവുണ്ടെന്ന് ഉഷ പറയുന്നു. അത്‌ലറ്റിക്‌സിനാണ് പ്രാധാന്യമെങ്കിലും, ഇവിടുത്തെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നുണ്ടെന്നും ഉഷ പറയുന്നു. രാവിലെ അഞ്ചരയ്ക്ക് തുടങ്ങുന്ന പരിശീലനം വൈകിട്ടും തുടരും. ഉഷയുടെ നേതൃത്തിലുള്ള പരിശീലക സംഘം ഇവർക്കൊപ്പം എപ്പോഴുമുണ്ടാകും.

ഒളിമ്പിക് മെഡൽ ലക്ഷ്യമിട്ട് തുടങ്ങിയ ഉഷ സ്‌കൂൾ ഇപ്പോഴും ലക്ഷ്യത്തിൽനിന്നകലെയാണ്. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടാൻ ടിന്റു ലൂക്കയ്ക്കായെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള താരമായി മാറാനായിട്ടില്ല. ഒളിമ്പിക്‌സിൽ റിലേ ടീമിൽ മത്സരിച്ച കൗമാരതാരം ജിസ്‌ന മാത്യുവാണ് ഇപ്പോൾ ഉഷ സ്‌കൂളിന്റെ പുതിയ പ്രതീക്ഷ. ടിന്റുവിനെയും ജിസ്‌നയെയും പോലുള്ള പ്രതിഭകൾ കടന്നുവരുന്നില്ലെന്ന വലിയൊരു പ്രതിസന്ധിയും ഉഷയുടെ പരിശീലനകേന്ദ്രം ഇപ്പോൾ നേരിടുന്നുണ്ട്.