തിരുവനന്തപുരം: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പിയു ചിത്രയ്ക്ക് പങ്കെടുക്കാനാകില്ല. ചിത്രയെ ഉൾപ്പെടുത്തണമെന്ന ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ ആവശ്യം അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷൻ തള്ളുകയായിരുന്നു. രണ്ട കാരണങ്ങളാണ് ഇത് തള്ളാൻ കാരണം. ആരൊക്കെ പങ്കെടുക്കണമെന്ന് നേരത്തെ തന്നെ അറിയിക്കണമെന്ന തീരുമാനം നടപ്പിലാക്കാൻ കഴിയാത്തതാണ്ാ ചിത്രയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ചിത്രയെ ഉൾപ്പെടുത്തേണ്ട പട്ടികയുടെ അന്തിമ പട്ടിക സമർപ്പിക്കേണ്ട സമയവും നേരത്തെ തന്നെ അവസാനിച്ചിരുന്നു. തന്നെ പിന്തുണയ്ച്ച എല്ലാവരോടും നന്ദിയുണ്ടെന്നും പങ്കെടുക്കാൻ കഴിയാത്തതിൽ വലിയ സങ്കടമുണ്ടെന്നുമാണ് തനിക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന വാർത്ത പുറത്ത് വന്നതോട് ചിത്ര പ്രതികരിച്ചത്.

ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് ലോക മീറ്റിൽ സ്വാഭാവികമായും സെലക്ഷൻ ലഭിക്കേണ്ടതാണ്. എന്നാൽ സെലക്ഷൻ കമ്മിറ്റിയിൽ പിടി ഉഷ ഉൾപ്പടെ മൂന്ന് മലയാളികളുണ്ടായിരുന്നിട്ടും ചിത്രയെ തെരഞ്ഞെടുക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ചിത്ര വിജയിച്ചത് ചൈനയുടേയും മറ്റും രണ്ടാം നിര താരങ്ങളോടാണെന്നും റാങ്കിങ്ങിൽ പിന്നോട്ടാണെന്നും 200 ന് മുകളിലാണെന്നും പറഞ്ഞിരുന്നു. സെലക്ഷൻ കമ്മിറ്ഖറിയിൽ ഉൾപ്പടെ അംഗമായ പിടി ഉഷയ്ക്ക് വലിയ വിമർശനമാണ് പിന്നീട് നേരിടേണ്ടി വന്നത്. വിരമിച്ച താരങ്ങൾ പിന്നാലെ വരുന്നവരെ എപ്രകാരം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് പറയുകയും ചെയ്തു.

സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് കൂലിപ്പണിക്കാരയ രക്ഷിതാക്കൾക്കും ചിത്രയ്ക്കും ലഭിച്ചത്. പിന്നീട് നിയമനടപടിയുമായി താരം തന്നെ മുന്നോട്ട് പോയപ്പോഴാണ് ഹൈ്കകോടതി തന്നെ ചിത്രയെ പരിഗണിക്കാൻ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷനോട് നിർദ്ദേശിക്കുകയായിരുന്നു.എന്നാൽ വെള്ളിയാഴ്ച ആരംഭിക്കുന്ന മീറ്റിലെ താരങ്ങളുടെ എല്ലാം പങ്കെടുക്കുന്ന ഇനം തിരിച്ച് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്നാണ് അന്താറാഷ്ട്ര ഫെഡറേഷൻ വിശദീകരണം.

ലോക റാങ്കിങ്ങിൽ ചിത്രയുടെ പ്രകടനം 200ാമത് മാത്രമാണെന്നും പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡൽ നേടാൻ സാധ്യതയില്ലെന്നും പറഞ്ഞാണ് ചിത്രയെ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ ടീമിൽ നിന്ന് ഒഴിവാക്കിയത്. ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള 24 അത്‌ലറ്റിക് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ചിത്ര, സുധാ സിങ്, അജയ്കുമാർ സരോജ് എന്നിവരെ പുറത്താകുകയായിരുന്നു. എന്നാൽ പി്ന്നീട് സുധാസിങ് ദ്വിതി ചന്ദ് എന്നിവരെ ഉൾപ്പെടുത്തുകയായിരുന്നു.

അതേസമയം ചിത്രയ്ക്കെതിരായ അവഗണനയിൽ മുഖ്യമന്ത്രിയും കായികമന്ത്രിയുമടക്കമുള്ളവർ ശക്തമായി പ്രതികരിച്ച് രംഗത്തെത്തുമ്പോഴും പി ടി ഉഷയെയും അഞ്ജു ബോബി ജോർജ്ജിനെയും പോലുള്ളവർ ഇതിനെതിരെ ഒരക്ഷരം പോലും ഉരിയാടാത്തതിൽ കായിക പ്രേമികൾ കടുത്ത പ്രതിഷേധത്തിലാണ്.ചിലരുടെ മൗനം ദുരൂഹമാണെന്ന് കായിക വിദഗ്ധരും ആരോപിച്ചിരുന്നു. പ്രിയപ്പെട്ടവർക്ക് വേണ്ടി എപ്പോഴും ഒച്ചപ്പാടുണ്ടാക്കുന്നു പി ടി ഉഷയെങ്കിലും ഈ വിഷയത്തിൽ പ്രതികരിക്കണമായിരുന്നു എന്നാണ് പൊതുവേ ഉയരുന്നു വന്നത് മറ്റു പല കായികതാരങ്ങളും അവഗണിക്കപ്പെട്ടപ്പോൾ വിപ്ളവം സൃഷ്ടിച്ചവരൊക്കെ ഇപ്പോൾ ഉറക്കം നടിക്കുന്നതിന്റെ കാരണമെന്തെന്നും ഇവർ പറയുന്നു.

ജീവിതത്തിന്റെ കനൽ വഴികൾ താണ്ടിയായിരുന്നു പി യു ചിത്ര എന്ന കായികതാരത്തിന്റെ ഉദയം. സാഹചര്യങ്ങൾ ഉയർത്തിയ വെല്ലുവിളികളെ ഉറച്ച നിശ്ചയദാർഢ്യവും ലക്ഷ്യബോധവും കൊണ്ട് മറികടന്നാണ് ചിത്ര ഉയരങ്ങളിലേക്ക് കുതിച്ചത്. കൃഷിപ്പണി ചെയ്ത് നാല് മക്കളെ വളർത്താൻ നന്നേ പാടുപെട്ട അച്ഛനും അമ്മയ്ക്കും ഓട്ടക്കാരിയായ മകൾ മെഡലുകൾ വാരിക്കൂട്ടുമ്പോൾ സന്തോഷം നൽകിയിരുന്നെങ്കിലും അതിനും അപ്പുറമായിരുന്നു അവളെ കുറിച്ചുള്ള ആശങ്കകൾ. മകൾക്ക് വേണ്ടത് പ്രോത്സാഹനം മാത്രമല്ല മികച്ച പരിശീലനവും നല്ല ഭക്ഷണവും ആണെന്ന തിരിച്ചറിവായിരുന്നു ഈ മാതാപിതാക്കളെ വേദനിപ്പിച്ചത്.

വളർത്തേണ്ടവർ തന്നെ തള്ളിക്കളഞ്ഞതാണ് കേരളത്തിന്റെ അഭിമാനമായ ഈ താരത്തിന് അന്താരാഷ്ട്ര മീറ്റിൽ പങ്കെടുക്കാൻ പറ്റാത്തതിന് കാരണമെന്നും ഇപ്പോഴും വിമർശനങ്ങൾ നിലനിൽക്കുന്നു. സിലക്ഷൻ കമ്മിറ്റിയിലുണ്ടായിരുന്ന പിടി ഉഷ ഉൾപ്പടെയുള്ളവർ യോഗത്തിൽ ഒന്നും മിണ്ടാതിരുന്നത് ചിത്രയ്ക്ക് തിരിച്ചടിയായിരുന്നു.കേരളത്തിലെ പ്രമുഖരായ മുൻ അത്‌ലറ്റിക്ക് താരങ്ങൾ ഉൾപ്പെട്ട സമിതിയിലാണ് ചിത്രക്ക് ഇങ്ങനെ ഒരു ദുർഗതി ഉണ്ടായതു എന്നതാണ് ഏറെ നിരാശജനകം.ചിത്രയെ ഉൾപ്പെടുത്താൻ ആര് തന്നെ ഇടപെട്ടാലും സാധിക്കാൻ കഴിയാത്ത വിധം അവസാന നാളിലാണ് ചിത്രയെ ഒഴിവാക്കിയത് പുറം ലോകം അറിയുന്നത്. ചിത്രയെ പങ്കെടുക്കാൻ കഴിയുന്നതെല്ലാം ചെയ്തിരുന്നുവെന്ന ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ ഭാരവാഹികൾ പ്രതികരിച്ചു.