- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിയാറോ ലിയോണിൽ നിന്നും സ്വർണവും വജ്രവും കുഴിച്ചെടുത്ത് പി വി അൻവർ തിരിച്ചെത്തി; കരിപ്പൂർ വിമാനത്താവളത്തിൽ എംഎൽഎക്ക് വൻ സ്വീകരണം നൽകി സിപിഎം പ്രവർത്തകർ; പ്രവർത്തകരുടെ ആവേശത്തിൽ കോവിഡ് പ്രോട്ടോക്കോളെല്ലാം കാറ്റിൽപ്പറന്നു; വാഹനങ്ങളുടെ അകമ്പടിയോടെ അൻവർ നിലമ്പൂരിലേക്ക്; ഏഴു ദിവസം ക്വാറന്റീനിൽ കഴിയും
മലപ്പുറം: മൂന്ന് മാസത്തെ ആഫ്രിക്കൻ വാസത്തിന് ശേഷം നിലമ്പൂർ എംഎൽഎ പി വി അൻവർ നാട്ടിലെത്തി. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലായിരുന്ന അൻവർ ഉച്ചയോടെയാണ് കോഴിക്കോട്ട് വിമാനമിറങ്ങിയത്. എംഎൽഎയെ സ്വീകരിക്കാൻ പ്രവർത്തകരുടെ വലിയൊരു സംഘം വിമാനത്താവളത്തിനു പുറത്തു കാത്തുനിൽപ്പുണ്ടായിരുന്നു. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് എംഎൽഎ എത്തിയത്. നൂറു കണക്കിന് പ്രവർത്തകർ പി വി അൻവറിനെ സ്വീകരിക്കാൻ എത്തി. ഇവർ കോവിഡ് മാനദണ്ഡം പാലിക്കാതെ എംഎൽഎക്ക് ചുറ്റും നിൽക്കുകയായിരുന്നു.
നിലമ്പൂരുകാരോട് നന്ദിയുണ്ടെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നും അൻവർ പ്രതികരിച്ചു. വിദേശത്തുനിന്ന് വരുന്നതിനാൽ കാറിൽ നിന്ന് പുറത്തിറങ്ങാതെയാണ് അൻവർ സ്വീകരണം ഏറ്റുവാങ്ങിയത്. അതേസമയം കാറിൽ കയറും മുമ്പ് അണികൾ അദ്ദേഹത്തെ ചുറ്റും പൊതിയുകയായിരുന്നു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പി.വി അൻവർ നിലമ്പൂരിലേക്ക് തിരിച്ചെത്തുന്നത്. ക്വാറന്റീനിൽ കഴിയേണ്ടി വരുമെന്നതിനാൽ സജീവ പ്രചാരണത്തിനിറങ്ങാൻ ഇനിയും കാത്തിരിക്കണം. എംഎൽഎയെ കാണാനില്ലെന്ന് യൂത്ത് കോൺഗ്രസ് പരാതി നൽകിയപ്പോൾ ആഫ്രിക്കയിലെ സിയെറ ലിയോണിലുണ്ടെന്ന് അൻവർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ വിദേശത്തേക്ക് പോയതാണ് പി.വി. അൻവർ. ഇദ്ദേഹത്തെ കാണാനില്ലെന്ന യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലത്തിൽ പ്രചാരണം നടത്തിയിരുന്നു. എംഎൽഎ ഘാനയിലെ ജയിലിലാണെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഘാന പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിൽ മലയാളത്തിൽ പോസ്റ്റുകളും ഇട്ടതും വലിയ വാർത്തയായി. കഴിഞ്ഞ ദിവസം ഐശ്വര്യ കേരളയുടെ നിലമ്പൂരിലെ സ്വീകരണത്തിൽ പ്രതിപക്ഷ നേതാവും എംഎൽഎയെ മണ്ഡലത്തിൽ കാണാനില്ലെന്ന വിമർശനം ഉന്നയിച്ചിരുന്നു.
സ്വർണ-വജ്ര ഖനന വ്യവസായമാണ് ആരംഭിക്കുന്നതെന്നും 20,000 കോടിയുടെ പദ്ധതിയിലൂടെ 20,000 പേർക്ക് തൊഴിൽ നൽകുമെന്നും പി.വി. അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വെള്ളിയാഴ്ചയാണ് മണ്ഡലത്തിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ. ആഫ്രിക്കയിൽ എന്താണ് ചെയ്യുന്നതെന്ന് വിശദീകരിച്ച ശേഷമാണ് അൻവർ നാട്ടിൽ തിരിച്ചെത്തുന്നത്. ആഫ്രിക്കയിലെ സിയെറ ലിയോണിലെ ഇടപാടുകളെ കുറിച്ച് പിന്നീട് വിശദീകരിക്കുമെന്നും എംഎൽഎ പറഞ്ഞിരുന്നു.
എല്ലാ വാതിലുകളും അടഞ്ഞപ്പോൾ മിറാക്കിൾ പോലെയാണ് ആഫ്രിക്കയിൽ നിന്നുള്ള സാധ്യത തുറന്നതെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറയുന്നു. ഉംറ തീർത്ഥാടന യാത്രക്കിടെ പരിചയപ്പെട്ട ആഫ്രിക്കൻ വ്യവസായിയാണ് അവിടെ ഖനനത്തിന് ക്ഷണിച്ചത്. എല്ലാ വർഷവും ഉംറ യാത്ര പോവുന്ന താൻ യാത്രകളിൽ കണ്ട് പരിചയപ്പെട്ട ആഫ്രിക്കൻ വ്യവസായിയുമായി 2018 ൽ ഉണ്ടായ സൗഹൃദമാണ് തന്നെ ഇവിടെയെത്തിച്ചതെന്നാണ് വീഡിയോയിൽ പറയുന്നത്. ഇദ്ദേഹം ആഫ്രിക്കയിലെ വ്യവസായ പ്രമുഖനാണെന്ന് മനസ്സിലായി.
കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ കേരളത്തിൽ തനിക്ക് ഒരു വ്യവസായി സുഹൃത്തുണ്ടായിരുന്നെന്നും അദ്ദേഹം മരിച്ചു പോയെന്നും അദ്ദേഹം പറഞ്ഞു. പേരു നൂർബിനാണെന്ന് പറഞ്ഞപ്പോൾ ഞാൻ കൗതുകം കൊണ്ട് ഫോണിലുള്ള ഫോട്ടോ കാണിച്ചു നോക്കി. എന്റെ ഭാര്യ ഷീജയുടെ പിതാവിന്റെ പേര് നൂർബിൻ എന്നായിരുന്നു. അദ്ദേഹം പഴയകാല കശുവണ്ടി വ്യവസായിയാണ്. ഫോട്ടോ കാണിച്ചപ്പോൾ ഇദ്ദേഹം തന്നെയാണ് എന്റെ സുഹൃത്തെന്ന് വ്യവസായി പറഞ്ഞു. ഞാനദ്ദേഹത്തിന്റെ മകളെയാണ് വിവാഹം ചെയ്തത് എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് വളരെ അത്ഭുതവും എന്നോട് വളരെ അടുപ്പവുമായി. പിന്നീടങ്ങോട്ടുള്ള ഞങ്ങളുടെ യാത്രയിൽ മകനോടു കാണിക്കുന്ന സ്നേഹം അദ്ദേഹം കാണിക്കാൻ തുടങ്ങിയെന്നും പിവി അൻവർ പറയുന്നു.
നേരത്തെ കശുവണ്ടി വ്യാപാരം നടത്തിയിരുന്ന ആഫ്രിക്കൻ വ്യവസായിയെ യാദൃശ്ചികമായി പരിചയപ്പെടുകയായിരുന്നെന്നും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 200 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് ഖനനം നടത്തുന്നതെന്നും അൻവർ പറഞ്ഞു. പദ്ധതിയിലൂടെ നിരവധി പേർക്ക് തൊഴിലവസരം ലഭിക്കും. കേരളത്തിൽ നിന്നുള്ള ആറായിരത്തോളം വിദഗ്ധ തൊഴിലാളികൾ പദ്ധതിയിൽ അവസരം ലഭിക്കും. 750 ഡോളർ മുതൽ 5000 ഡോളർ വരെ ശമ്പളം ലഭിക്കുന്ന തൊഴിലവസരങ്ങൾ ഉണ്ടെന്നും അൻവർ പറഞ്ഞു.
20000 കോടി രൂപയുടെ പദ്ധതിയാണ് സിയെറ ലിയോണിൽ ആസൂത്രണം ചെയ്യുന്നതെന്നും ഒരു വർഷം കൊണ്ട് തന്നെ പദ്ധതി പൂർത്തീകരിക്കാനാകുമെന്നും പി.വി അൻവർ പറഞ്ഞു. മലയാളികൾ അടക്കമുള്ളവർക്ക് ജോലി നൽകാൻ സാധിക്കുമെന്നുമാണ് അൻവർ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയത്. ഇതിന് മുമ്പ് അൻവർ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒന്നും പ്രതീക്ഷിക്കാതെയാണ് രാഷ്ട്രീയത്തിലെത്തിയതെന്നും വർഷത്തിൽ മൂന്ന് ലക്ഷത്തിന്റെ ഇന്ധനത്തുക, 75,000 രൂപയുടെ ട്രെയിൻ അലവൻസ് എന്നിവ മാത്രമാണ് സർക്കാറിൽനിന്ന് സ്വീകരിച്ചതെന്നും എംഎൽഎ പഞ്ഞിരുന്നു. കടബാധ്യതകൾ തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആഫ്രിക്കയിൽ എത്തിയതെന്നുമാണ് അൻവർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ