മലപ്പുറം: മാധ്യമ പ്രവർത്തകനെതിരെ ഉപയോഗിച്ച അധിക്ഷേപ വാക്ക് തിരുത്തില്ലെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. ഭൂലോകം ഇടിഞ്ഞുവീണാൽ പോലും അതിൽ നിന്ന് ഒരടി പിന്നോട്ട് പോകാൻ തയാറല്ലെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തനിക്കെതിരെ പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് മോശം കമന്റുവന്നത് സംബന്ധിച്ച പരാതി എന്തായെന്നും അദ്ദേഹം ചോദിച്ചു. അതിൽ നടപടി എടുക്കാൻ പ്രതിപക്ഷ നേതാവിന്റെ കൂടെ സമരത്തിന് താനുണ്ടാകുമെന്നും പി.വി അൻവർ കുറിച്ചു.

പി.വി അൻവർ എംഎ‍ൽഎ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ ആഫ്രിക്കയിലെ സിയറ ലിയോണിലേക്ക് പോയതിനെ ചൊല്ലിയുള്ള തർക്കമാണ് പ്രശ്‌നങ്ങളുടെ തുടക്കം. എംഎ‍ൽഎ സ്ഥലത്തില്ലാത്തത് സംബന്ധിച്ച് വാർത്ത കൊടുത്ത മാധ്യമപ്രവർത്തകനെതിരെ അധിക്ഷേപകരമായ വാക്കുപയോഗിച്ചാണ് എംഎ‍ൽഎ പ്രതികരിച്ചത്. എംഎ‍ൽഎയുടെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവടക്കം പ്രതികരിച്ചിരുന്നു. എംഎ‍ൽഎക്കെതിരെ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തു.

എന്നാൽ, മാധ്യമപ്രവർത്തകനെതിരായ മറുപടി അർഹിക്കുന്നതാണെന്നാണ് പി.വി അൻവർ എംഎ‍ൽഎയുടെ ഫേസ്‌ബുക്കിൽ പ്രതികരിച്ചത്. അതേസമയം, നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അക്കൗണ്ടിൽ നിന്ന് വന്ന മോശം കമന്റും അൻവർ ഉന്നയിച്ചു. ആരോ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും മോശം കമന്റ് അങ്ങിനെ വന്നതാണെന്നും കാണിച്ച് വി.ഡി സതീശൻ പരാതി നൽകുകയും ചെയ്തിരുന്നു. ഈ പരാതിയുടെ തുടർനടപടി എന്തായി എന്ന വെല്ലുവിളിയുമായാണ് എംഎ‍ൽഎ തനിക്കെതിരായ ആരോപണങ്ങളെ പ്രതിരോധിച്ചത്. വി.ഡി സതീശന്റെ പരാതിയിൽ നടപടി എടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലടക്കം കുത്തിയിരിക്കേണ്ടി വരുമെന്നും അതിന് താൻ കൂടെയുണ്ടാകുമെന്നും അൻവർ കുറിച്ചു.

പി.വി അൻവറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

സതീ(തെറീ)ശന്റെ ചാരിത്ര്യപ്രസംഗം
-------------------------------------------------------------
പി.വി.അൻവർ ഒരു ചിട്ടികമ്പനിയും പൊട്ടിച്ചിട്ട് നിലമ്പൂരിൽ നിന്ന് മുങ്ങിയതല്ല.മാന്യമായി ഒരു കച്ചവടം നടത്താനായി കുറച്ച് ദിവസത്തേക്ക് മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്.അതിനെ #മുങ്ങി എന്ന പേരിൽ അവതരിപ്പിച്ചവന് അവൻ അർഹിക്കുന്ന രീതിയിൽ തന്നെയുള്ള മറുപടി കൊടുത്തിട്ടുണ്ട്.അതിൽ നിന്ന് ഒരടി പിന്നോട്ട് പോകാൻ തയ്യാറുമല്ല.ഇനി ഭൂലോകം ഇടിഞ്ഞ് വീണാൽ പോലും.


ഈ വിഷയത്തിലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കണ്ടു.വായിച്ചപ്പോൾ ശരിക്കും ചിരി വന്നു സതീശാ..
നമ്മൾക്ക് ഒരു ഫ്‌ളാഷ് ബാക്കിലേക്ക് പോകാം.കുറച്ച് മാസങ്ങൾക്ക് മുൻപ് അങ്ങയുടെ വെരിഫൈഡ് പേജിൽ നടന്ന ഒരു സംഭവം പറയാം.എന്തോ വിഷയത്തിൽ താങ്കളുടെ പോസ്റ്റിൽ ഒരു കമന്റിട്ടതിന്റെ പേരിൽ താങ്കളുടെ ഒരു വോട്ടറെ താങ്കൾ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചത് മറന്നിട്ടില്ലല്ലോ!വോട്ടറേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും താങ്കൾ വെറുതെ വിട്ടില്ല.സംഭവം വിവാദമായി.താങ്കൾ അന്ന് ഒരു പരാതി ആലുവ റൂറൽ എസ്‌പിക്ക് നൽകിയിരുന്നു.താങ്കളുടെ പേജ് ആരോ ഹാക്ക് ചെയ്‌തെന്നും അന്വേഷിക്കണം എന്നുമായിരുന്നു പരാതി.

മാധ്യമപ്രവർത്തകരെ വിളിച്ചുകൂട്ടിയും ഈ ആരോപണം താങ്കൾ ഉന്നയിച്ചിരുന്നു. പി.വി.അൻവർ പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കിൽ ഇന്നും അത് അവിടെ തന്നെ ഉണ്ട്.പിൻവലിക്കുകയുമില്ല. ആരും ഹാക്ക് ചെയ്തു എന്നും പറഞ്ഞ് കരഞ്ഞ് നടക്കുകയുമില്ല.

പ്രതിപക്ഷ നേതാവായ താങ്കൾ ഇത്ര സീരിയസായി ഒരു പരാതി നൽകിയെങ്കിൽ അതിന്റെ സ്റ്റാറ്റസ് എന്താണെന്ന് വ്യക്തമാക്കാമോആ പരാതി ഇതുവരെ ആരും അന്വേഷിച്ച് നടപടി സ്വീകരിച്ചില്ലേ സമരം ചെയ്യണം സതീശാ..സമരം ചെയ്യണം.അറിയില്ലെങ്കിൽ സമരമാർഗ്ഗം ഞാൻ പറഞ്ഞ് തരാം.ഈ വിഷയം അടിയന്തരമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അടുത്ത സഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കണം.മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുന്നിൽ കുത്തി ഇരിക്കണം.എന്തിനും കൂടെ ഈ ഞാനുണ്ടാവും.ഒരു സുഹൃത്തായി..

ഇതൊരു വെല്ലുവിളിയായി തന്നെ ഏറ്റെടുക്കണം.അൽപ്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ മതി കേട്ടോ.. ഇതൊരു തുറന്ന കത്തായി കാണണം. അങ്ങ് അന്ന് വോട്ടറെ വിളിച്ച തെറി അങ്ങയുടെ അത്രയും നിലവാരമില്ലാത്തതിനാൽ ഞാൻ ഇവിടെ പറയുന്നില്ല സതീശാ.. #തെറീശൻ എന്നൊരു പേരും ആ കമന്റ് വന്നതിനു ശേഷം അങ്ങേയ്ക്കുണ്ട്. എന്തായാലും എന്നെ ഉപദേശിക്കും മുൻപ് ആ കമന്റ് അങ്ങ് ഒന്നുകൂടി വായിക്കണം.. ഞാനത് വാട്ട്‌സാപ്പ് ചെയ്യുന്നുണ്ട്...

നന്ദി..നമസ്‌ക്കാരം