- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൻവർ എംഎൽഎക്കെതിരായ പരാതിക്കാരിയുടെ എസ്റ്റേറ്റിലെ 45വാഴകൾ നശിപ്പിച്ച് വീണ്ടും ഗുണ്ടാ അതിക്രമം; 16 ഏക്കർ തീയിട്ടു നശിപ്പിച്ച കേസിൽ ആറു മാസമായിട്ടു പ്രതികളെ പിടികൂടാതെ പൊലീസും
മലപ്പുറം: നിലമ്പൂർ എംഎൽഎയായ പി.വി അൻവറിനെതിരായ പരാതിക്കാരി ജയ മുരുഗേഷിന്റെ പൂക്കോട്ടുംപാടം പാട്ടക്കരിമ്പിലെ റീഗൾ എസ്റ്റേറ്റിലെ 45 വാഴകൾ നശിപ്പിച്ചു. രണ്ടു മാസം വളർച്ചയെത്തിയ വാഴകളാണ് ഇന്നലെ രാത്രി എട്ടരയോടെ നശിപ്പിക്കപ്പെട്ടത്. എസ്റ്റേറ്റിൽ നാശനഷ്ടങ്ങളുണ്ടാക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. ഇത് ചൂണ്ടികാട്ടി ജയ മുരുഗേഷ് 23ന് എസ്പിയടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതിയും നൽകിയിരുന്നു.
കോവിഡ് ലോക്ഡൗണിനിടെ ഏപ്രിൽ 13ന് ജയമുരുഗേഷിന്റെ ഉടമസ്ഥതയിലുള്ള റീഗൾ എസ്റ്റേറ്റിലെ 16 ഏക്കർ തീയിട്ടു നശിപ്പിച്ചിരുന്നു. ആറു മാസമായിട്ടും ഈ കേസിലെ പ്രതികളെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. റീഗൾ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ കൂറ്റമ്പാറയിലെ ഉഷ എസ്റ്റേറ്റിൽ റീപ്ലാന്റേഷന്റെ ഭാഗമായി നട്ട 716 റബർ മരങ്ങളും നശിപ്പിച്ചു. ഈ കേസിലെ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല. റീഗൾ ഗ്രൂപ്പിനു കീഴിലുള്ള മാമ്പറ്റയിലെ ബൃന്ദാവൻ എസ്റ്റേറ്റിലെ 225 കമുകിൻ തൈകളും വെട്ടി നശിപ്പിച്ച കേസിൽ പൂക്കോട്ടുമ്പാടം മാമ്പറ്റയിലെ കൈനോട്ട് അൻവർ സാദത്ത് (35), മമ്പാട് സ്വദേശി എ.കെ.എസ് സിദ്ദിഖ് (63) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ ജയ മുരുഗേഷിന്റെ ഉടമസ്ഥതയിലുള്ള പാട്ടക്കരിമ്പ് റീഗൾ എസ്റ്റേറ്റിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തിയ കേസിലും ഇരുവരും പ്രതികളാണ്. മരങ്ങൾ കടത്തുന്നതിനിടെ ട്രാക്ടറും പിന്നീട് മരം കടത്താനുപയോഗിച്ച് ലോറിയും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. റീഗൾ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന ജയ മുരുഗേഷിന്റെ പരാതിയിൽ നേരത്തെ പി.വി അൻവർ എംഎൽഎയെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തിരുന്നു.
ഇതിനു പിന്നാലെ എസ്റ്റേറ്റിലെ റബർ മരങ്ങൾ കൈയേറി ടാപ്പ് ചെയ്തും രണ്ട് കുഴൽകിണറുകളിലെ മോട്ടോർ നശിപ്പിച്ചും നിരന്തരം അതിക്രമങ്ങൾ തുടർന്നിരുന്നു. എംഎൽഎയുടെ ആളുകളെന്നു പറഞ്ഞാണ് കാർഷിക വിളകൾ നശിപ്പിക്കുന്നതെന്നും പൊലീസ് അക്രമികൾക്ക് കൂട്ടുനിൽക്കുകയാണെന്നും ജയ മുരുഗേഷ് പറഞ്ഞു.