നിലമ്പൂർ: വ്യക്തിതാൽപര്യങ്ങൾക്കായി മണ്ഡലത്തിൽ നിന്നും നിയമസഭയിൽ നിന്നും വിട്ടുനിന്നതോടെ വീണ്ടും വിവാദച്ചുഴിയിലകപ്പെട്ട് നിലമ്പൂർ എംഎ‍ൽഎ. പി.വി. അൻവർ. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒന്നരമാസം കഴിഞ്ഞപ്പോൾ ബിസിനസ് ആവശ്യാർഥം വിദേശത്തേക്ക് പോയ അൻവറിനെ മണ്ഡലത്തിൽ കാണാൻ കിട്ടുന്നില്ലെന്ന ആക്ഷേപം ഉയർന്നതും വിമർശനം ഉന്നയിച്ചവരെ അസഭ്യം പറഞ്ഞ് എംഎൽഎ രംഗത്തെത്തിയതുമാണ് വിവാദത്തിന് ഇടയാക്കിയത്.

ഇതുസംബന്ധിച്ച് ചില രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികൾ മുഖ്യമന്ത്രിക്ക് പരാതിനൽകിയിരുന്നു. അൻവറിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും എവിടെയാണെന്ന് അറിയുന്നില്ലെന്നും കാണിച്ച് വാർത്ത നൽകിയ മാധ്യമ പ്രവർത്തകനെതിരെ എംഎൽഎ സഭ്യേതരമായ രീതിയിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ടതും വിവാദമായി.

നിലമ്പൂർ മണ്ഡലത്തിൽനിന്ന് രണ്ടാമതും ജയിച്ച അൻവർ ആദ്യ നിയമസഭാ സമ്മേളനം കഴിഞ്ഞ് ജൂൺ 15-നാണ് പടിഞ്ഞാറെ ആഫ്രിക്കയിലെ സിയാറ ലിയോണിലേക്ക് പോയത്. സ്വർണഖനനവുമായി ബന്ധപ്പെട്ട് ബിസിനസിനാണ് പോയതെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഒരുമാസംകൂടി കഴിയുമ്പോൾ തിരിച്ചെത്തുമെന്നാണ് അറിയുന്നത്.

പാർട്ടിയിൽനിന്ന് മൂന്നുമാസത്തെ അവധിയെടുത്തും പാർട്ടിയുടെ അറിവോടെയുമാണ് താൻ ആഫ്രിക്കയിലേക്ക് പോയതെന്നാണ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അൻവർ പറയുന്നത്.
കള്ളവാർത്തകൾ തുടർച്ചയായി നൽകിയ മാധ്യമങ്ങൾ കാരണമാണ് തനിക്ക് നാടുവിടേണ്ടിവന്നത്. സാമ്പത്തിക ബാധ്യതമൂലം നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. തന്റെ അസാന്നിധ്യം മണ്ഡലത്തിൽ ഒരു കുഴപ്പവുമുണ്ടാക്കില്ല. ഏഴ് ജീവനക്കാരുള്ള തന്റെ ഓഫീസ് നിലമ്പൂർ കേന്ദ്രമായി ഞായറാഴ്ചയടക്കം പ്രവർത്തിക്കുന്നുണ്ടെന്നും അൻവർ പറയുന്നു.

നിയമസഭയുടെ രണ്ടാംസമ്മേളനത്തിൽ പി.വി. അൻവർ ഒരുദിവസംപോലും പങ്കെടുത്തില്ല. വിദേശത്തായിട്ടും അവധിയാണെന്ന് നിയമസഭയെ അറിയിച്ചതുമില്ല. അതേ സമയം പനിബാധിച്ച് ചികിത്സയിലായതുകാരണം നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച് കടകംപള്ളി സുരേന്ദ്രൻ അവധിക്ക് അപേക്ഷിച്ചിരുന്നു. അതിന് സഭ അനുമതി നൽകിയിരുന്നു. സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.

എന്നാൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കുന്നതിന് സഭയുടെ അനുമതി പി വി അൻവർ വാങ്ങിയിരുന്നില്ല. സമ്മേളന കാലയളവിൽ സ്വകാര്യ ആവശ്യത്തിനാണ് വിദേശത്തു പോകുന്നതെങ്കിൽക്കൂടിയും അംഗങ്ങൾ സ്പീക്കറെ അറിയിക്കാറുണ്ട്. ഒരംഗം സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കുന്നതിന് സഭയുടെ അനുമതി വാങ്ങണമെന്ന് നിർബന്ധമല്ല. എന്നാൽ സാധാരണയായി അംഗങ്ങൾ അക്കാര്യം സഭയെ അറിയിക്കുകയാണ് പതിവ്.

അവധിക്ക് അപേക്ഷിക്കാതെ 60 സമ്മേളനദിവസങ്ങളിൽക്കൂടുതൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാൽ അംഗത്തെ പുറത്താക്കാമെന്നാണ് ഭരണഘടനാ വ്യവസ്ഥ. അതും സ്വമേധയാ നടപടിയെടുക്കാനാവില്ല. അനധികൃതമായി വിട്ടുനിൽക്കുന്ന അംഗത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മറ്റൊരംഗം പ്രമേയം അവതരിപ്പിക്കുകയും അത് നിയമസഭ പാസാക്കുകയും വേണം. നിയമസഭാ മണ്ഡലത്തെ ഒന്നാകെ പ്രതിനിധീകരിക്കുന്ന ഒരു സാമാജികൻ സഭയുടെ കീഴ് വഴക്കങ്ങൾക്ക് വിരുദ്ധമായി പെറുമാറുന്നതാണ് ആക്ഷേപങ്ങൾക്ക് ഇടയാക്കുന്നത്.

ഒരു ജനപ്രതിനിധി എന്നനിലയിൽ പി.വി. അൻവറിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം നിലവിട്ടുള്ളതും നിലവാരമില്ലാത്തതുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു. വാർത്തകളോട് വിയോജിപ്പും വിമർശനവും പ്രകടിപ്പിക്കാം. അത് ഏതൊരു വ്യക്തിയുടെയും അവകാശമാണ്. പക്ഷേ, മോശം വാക്കുകൾ ഉപയോഗിച്ചും നിലവാരംകുറഞ്ഞ രീതിയിലുമാകരുത്.

ജനങ്ങളുടെ പ്രതിനിധിക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്. എന്തും വിളിച്ചുപറഞ്ഞ് അവമതിപ്പുണ്ടാക്കുകയല്ല ആ ഉത്തരവാദിത്വം. അതുകൊണ്ട്, അൻവർ മാപ്പുപറയുകയാണ് വേണ്ടതെന്നും വി ഡി സതീശൻ പറയുന്നു.

മാധ്യമപ്രവർത്തകനെക്കുറിച്ച് ഫേസ്‌ബുക്കിൽ മോശമായി പരാമർശം നടത്തിയ അൻവറിനെക്കൊണ്ട് മാപ്പുപറയിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് കെ. മുരളീധരൻ എംപി. ആവശ്യപ്പെട്ടു. ഇത്തരംപരാമർശം നടത്തിയ പി.വി. അൻവറിനെതിരേ ജനങ്ങളുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകും. മുരളീധരൻ പറഞ്ഞു.