നിലമ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ വിദേശത്തു പോയി തിരിച്ചെത്താത്ത പി വി അൻവർ എംഎൽഎ ഒടുവിൽ ഫേസ്‌ബുക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു. പി വി അൻവർ ഘാനയിലെ ജയിലിൽ ആണെന്നുള്ള ട്രോളുകൾ വ്യാപകമായതോടെയാണ് അൻവർ വീണ്ടും പ്രത്യക്ഷപ്പെട്ടത്. എംഎൽഎയുടെ വീഡിയോ സന്ദേശം ഫേസ്‌ബുക്ക് പേജിലാണ് പങ്കുവെച്ചത്. താൻ പോയത് ഘാനയിൽ അല്ല, സിയറ ലിയോണിലാണെന്നാണ് അൻവർ വ്യക്തമാക്കുന്നത്.

പി.വി.അൻവറിന്റെ വിഡിയോയ്‌ക്കൊപ്പം ചേർത്ത കുറിപ്പ്:

എന്നെ ഇത്രമാത്രം സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഊത്ത് കോൺഗ്രസുകാരേ.. മൂത്ത കോൺഗ്രസുകാരേ.. നിങ്ങളുടെ സ്‌നേഹം ഇത്രനാളും മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്ന കുറ്റബോധം എനിക്കിന്നുണ്ട്.. ആദ്യമേ പറയാമല്ലോ.. ഞാൻ കാനയിലും കനാലിലുമൊന്നുമല്ല.. ഇപ്പോഴുള്ളത് ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലാണ്. ഇനി കാര്യത്തിലേക്ക് വരാം.. രാഷ്ട്രീയം എന്റെ ഉപജീവന മാർഗ്ഗമല്ല.. അതിന്റെ പേരിൽ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല.

ജീവിതമാർഗ്ഗം എന്ന നിലയിൽ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണ്. പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്. ഈ രാജ്യത്തെ നിയമവ്യവസ്ഥകൾക്ക് വിധേയമായി സർക്കാർ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. നൂറോളം തൊഴിലാളികൾ ഒപ്പമുണ്ട്. കൂടുതൽ വിശദമായി കാര്യങ്ങൾ വിഡിയോയിൽ പറയുന്നുണ്ട്.. (വിഡിയോ ആദ്യാവസാനം നിങ്ങൾ കാണണം എങ്കിലേ പുതിയ തിരക്കഥകൾക്കുള്ള ത്രെഡ് കിട്ടൂ.)

പൗഡർ കുട്ടപ്പന്മാർക്കും വീക്ഷണം പത്രത്തിനും ചില വാലാട്ടി മാധ്യമങ്ങൾക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്.. എല്ലാവരും അവിടൊക്കെ തന്നെ കാണണം. എന്നാൽ ശരി.. വർമസാറിനോട് പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ..

ആഫ്രിക്കൻ രാജ്യമായ ഘാനയിലുണ്ടെന്ന അനുമാനത്തിൽ ട്രോളുമായി മലയാളികൾ രംഗത്തെത്തിയിരുന്നു. ഘാന പ്രസിഡന്റിന്റെ ഫേസ്‌ബുക് പേജിൽ എംഎൽഎയെ വിട്ടുതരണമെന്നും എത്ര വില വേണമെങ്കിലും തരാമെന്നും ഇല്ലെങ്കിൽ ഇന്നോവ അയക്കുമെന്നും ഒക്കെയായിരുന്നു ട്രോളുകൾ. പി.വി. അൻവർ എംഎ‍ൽഎ. അൻവറിനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഘാന പ്രസിഡന്റിന്റെ ഫേസ്‌ബുക്ക് പേജിൽ നിറഞ്ഞാടിയ കോൺഗ്രസ് പ്രവർത്തകർക്ക് മറുപടിയുമായി അൻവർ നേരത്തെ രംഗത്തുവന്നിരുന്നു.

'ഘാനയിൽ ജയിലിൽ ആണത്രേ ആഗ്രഹങ്ങൾ കൊള്ളാം.. പക്ഷേ,ആളുമാറി പോയി.. ലേറ്റായി വന്താലും ലേറ്റസ്റ്റായ് വരവേ.. വെയ്റ്റ്' -അൻവർ എഫ്.ബിയിൽ എഴുതി. ഘാനയുടെ പ്രസിഡന്റ് നാന അഡോ ഡാൻങ്ക്വേ അകുഫോ അഡ്ഡോയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് അൻവർ എംഎ‍ൽഎയെ വിട്ടുതരണമെന്ന കമന്റുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്.

രണ്ട് ദിവസം മുമ്പിട്ട ഒരു പോസ്റ്റിലാണ് കോൺഗ്രസുകാർ കൂട്ടത്തോടെ കമന്റുമായി എത്തിയത്. അൻവറിനെ കാണാനില്ലെന്ന് ഒരാഴ്ച മുമ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിലമ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിക്കാരെല്ലാം ക്ഷമിക്കണം, താൻ ആഫ്രിക്കയിലാണെന്നാണ് അന്ന് പി.വി. അൻവർ മറുപടി നൽകിയത്. 'പൊതുപ്രവർത്തകൻ എന്നതിനൊപ്പം താനൊരു ബിസിനസ്‌കാരൻ കൂടിയാണ്. രാഷ്ട്രീയപ്രവർത്തനമല്ല ത!!െന്റ വരുമാനമാർഗം. അലവൻസിനെക്കാൾ ഏറിയ തുക ഓരോമാസവും ചെലവഴിക്കേണ്ടിവരുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിന് ശേഷം ബിസിനസ് ആവശ്യത്തിനാണ് വിദേശത്തേക്ക് വന്നത്' -പി.വി. അൻവർ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

ഇതിനിടെയാണ് പുതിയ കമന്റ് യുദ്ധം. ഘാന പ്രസിഡന്റിന്റെ പോസ്റ്റിന് താഴെ മലയാളത്തിലാണ് കൂടുതൽ കമന്റുകളും. ചിലർ ഇംഗ്ലീഷിലും ഇട്ടിട്ടുണ്ട്. ഞങ്ങളുടെ അൻവർ എംഎ‍ൽഎയെ വിട്ടുതരൂ, തോളിൽ ചളി പുരണ്ട് തോർത്തിട്ടയാൾ അങ്ങോട്ട് വന്നിരുന്നു. അയാളെ വിട്ടുതരണം, ഇനിയൊരു യുദ്ധം അൻവറിന് വേണ്ടിയുള്ളതാകും, ജപ്പാനിൽ നിന്നും കാർമേഘം എത്തിക്കാൻ ആകെയുള്ള ഒരാളാണ് അദ്ദേഹം, രണ്ടടി കൊടുത്തിട്ടെങ്കിലും തുറന്ന് വിടൂ...ഇങ്ങനെയാണ് കമന്റുകൾ. ആയിരത്തഞ്ഞൂറോളം കമന്റുകളാണ് പോസ്റ്റിന് വന്നിരിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും മലയാളികളുടെതാണ്.