ഗ്ലാസ്ഗോ: പി.വി സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ കടന്നു.ലോക മൂന്നാം റാങ്കുകാരിയും ടൂർണമെന്റ് നാലാം സീഡുമായ പി.വി സിന്ധു വനിതാ സിംഗിൾസ് ക്വാർട്ടർഫൈനലിൽ ചൈനയുടെ അഞ്ചാം സീഡ് യു സുന്നിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോൽപിച്ചത്. സ്‌കോർ: 21-14, 21-9. ലോക ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ തോറ്റാലും വെങ്കല മെഡൽ ലഭിക്കും.

തീർത്തും ഏകപക്ഷീയമായിരുന്നു 39 മിനിറ്റ് മാത്രം നീണ്ടുനിന്ന ക്വാർട്ടർ പോരാട്ടം. യു സുന്നിനെതിരെ സിന്ധു നേടുന്ന നാലാമത്തെ വിജയമാണിത്. കഴിഞ്ഞ വർഷം നടന്ന ചൈന ഓപ്പണിലാണ് സിന്ധു അവസാനമായി സുന്നിനെ തോൽപിച്ചത്. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഒന്നിൽ കൂടുതൽ തവണ മെഡൽ നേടിയിട്ടുള്ള ഏക ഇന്ത്യൻ താരമാണ് ഇരുപത്തിരണ്ടുകാരിയായ സിന്ധു. 2014ൽ നടന്ന കോപ്പൻഹേഗൻ, 2013ൽ നടന്ന ഗ്വാങ്ഷു ലോക ചാമ്പ്യൻഷിപ്പുകളിലാണ് സിന്ധു ഇതിന് മുൻപ് വെങ്കല മെഡൽ നേടിയത്.

ചൈനയുടെ ഒൻപതാം സീഡ് യുഫെയ് ചെന്നാണ് സെമിയിൽ സിന്ധുവിന്റെ എതിരാളി. തായ്ലൻഡിന്റെ രത്ചനോക്ക് ഇന്തനോനിനെയാണ് ചെൻ ക്വാർട്ടറിൽ തോൽപിച്ചത്. 2013ൽ രത്ചനോക്കാണ് സെമിയിൽ സിന്ധുവിനെ തോൽപിച്ചത്.അതേസമയം, ഇന്ത്യയുടെ ഏറ്റവും വലിയ കിരീടപ്രതീക്ഷയായിരുന്ന കെ. ശ്രീകാന്ത് ക്വാർട്ടർഫൈനലിൽ പരാജയപ്പെട്ടു. പുരുഷ സിംഗിൾസ് ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ ദക്ഷിണ കൊറിയയുടെ സോൻ വാൻ ഹോയോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് ശ്രീകാന്ത് തോറ്റത്. സ്‌കോർ: 14-21, 18-21.