തിരുവനന്തപുരം: സോഷ്യലിസ്റ്റ് നേതാവും മുൻ എംപിയുമായ പി വിശ്വംഭരൻ അന്തരിച്ചു. 91 വയസായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആദ്യ കൺവീനറായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച വൈകിട്ടോടെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.

1973ൽ ഇടതു ജനാധിപത്യ മുന്നണി (എൽഡിഎഫ്) രൂപീകരണ വേളയിൽ ആദ്യ കൺവീനറായിരുന്നു. നേമത്തുനിന്ന് ജയിച്ച് 1960ൽ നിയമസഭയിൽ എത്തി. 1967ൽ തിരുവനന്തപുരത്തുനിന്ന് ജയിച്ച് ലോക്‌സഭാംഗമായി. സോഷ്യലിസ്റ്റ് പാർട്ടിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്താണ് വിശ്വംഭരൻ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പ്രവേശിച്ചത്. അടിയന്തരാവസ്ഥയിൽ അറസ്റ്റിലായ സോഷ്യലിസ്റ്റ് നേതാക്കൾക്ക് പുറത്തുനിന്ന് സഹായമെത്തിച്ചുകൊടുത്തു. 21 മാസം നീണ്ട അടിയന്തരാവസ്ഥയിൽ അറസ്റ്റ് ചെയ്യപ്പെടാത്ത അപൂർവം സോഷ്യലിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു വിശ്വംഭരൻ. ജയപ്രകാശ് നാരായണൻ ഉൾപ്പെടെയുള്ളവരോടൊപ്പം അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരട്ടങ്ങളിൽ അണിചേർന്നു.