- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുങ്ങല്ലൂരിലെ കോവിഡ് രോഗികൾക്ക് ഇനി ആശങ്ക വേണ്ട; കാർ ആംബുലൻസുമായി പിഎ ലത്തീഫ് എത്തും; ആംബുലൻസാക്കിയത് സ്‌കോർപ്പിയോ കാർ
എറണാകുളം: കടുങ്ങല്ലൂരിലെ കോവിഡ് രോഗികൾക്ക് ഇനി ആശുപത്രിയിലേക്കുള്ള യാത്രയ്ക്ക് ആംബുലൻസിനെ കുറിച്ചോർത്ത് ആശങ്ക വേണ്ട. ഒരു വിളിപ്പുറത്ത് ലത്തീഫ് തന്റെ കാറുമായെത്തും. കോവിഡ് രോഗികൾക്ക് വേണ്ടി തന്റെ കാർ ആംബുലൻസ് സൗകര്യങ്ങളോടെ രോഗികൾക്കായി തയ്യാറാക്കിയിരിക്കുകയാണ് കടുങ്ങല്ലൂർ ഏലൂക്കര പടുവത്തിൽ വീട്ടിൽ പി.എ. ലത്തീഫ് എന്ന പൊതുപ്രവർത്തകൻ. ആംബുലൻസ് കിട്ടാനില്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ ജനങ്ങൾക്ക് ഒരുകൈ സഹായമെന്ന നിലയിലാണ് ലത്തീഫ് തന്റെ കാർ ആംബുലൻസാക്കി മാറ്റിയിരിക്കുന്നത്. കോവിഡ് രോഗികൾക്കായി ഓടാൻ പല ആംബുലൻസ് ഡ്രൈവർമാരും തയ്യാറാകാത്ത സാഹചര്യത്തിലും തന്റെ ആംബുലൻസ് ഒരു ആശ്വാസമാകുമെന്ന് അദ്ദേഹം കരുതുന്നു.
സൗജന്യമായാണ് ഈ ആംബുലൻസിന്റെ സേവനം. ഇത് പൂർണമായും ഒരു സാമൂഹ്യസേവനമായാണ് ലത്തീഫ് കാണുന്നത്. ലത്തീഫിന്റെ മകനും മരുമകളും കഴിഞ്ഞദിവസം കോവിഡ് പോസിറ്റീവായിരുന്നു. ഇവരെ പരിശോധനയ്ക്കായി കൊണ്ടുപോകുന്ന സമയത്താണ് തന്റെ സ്‌കോർപ്പിയോ കാറിനുള്ളിൽ രൂപമാറ്റം വരുത്തുന്നതിനെകുറിച്ച് അദ്ദേഹം ചിന്തിച്ചത്.
ഡ്രൈവർ സീറ്റ് ഉൾപ്പടെയുള്ള മുൻഭാഗം മറച്ചു. പിൻസീറ്റ് രോഗിയെ കിടത്തിക്കൊണ്ടു പോകുവാൻ സൗകര്യത്തിൽ കട്ടിൽ പോലെയാക്കി. സമീപത്ത് രണ്ടുപേർക്ക് ഇരിക്കുകയും ചെയ്യാം. രോഗികളുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന കടുങ്ങല്ലൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് ഒരു ആശ്വാസമാകുമെന്നതു കൊണ്ട് ലത്തീഫ് ഈ വണ്ടി അവർക്കു വേണ്ടി സമർപ്പിച്ചിരിക്കുകയാണ്.
9846019358 എന്ന ഫോൺ നമ്പറിൽ വിളിച്ചാൽ പഞ്ചായത്തിലെ ഏതു പ്രദേശത്തും ലത്തീഫ് വണ്ടിയുമായെത്തും. രോഗികളെ എവിടെ വേണമെങ്കിലും എത്തിക്കുകയും ചെയ്യും. സിപിഎം. കടുങ്ങല്ലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗമായ ലത്തീഫ് പഞ്ചായത്തിലെ ജാഗ്രതാ സമിതി അംഗവും കൂടിയാണ്.
മറുനാടന് മലയാളി ബ്യൂറോ