ദോഹ: ഖത്തറിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കെ.എം.സി.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന പി.എ മുബാറക് (66) അന്തരിച്ചു. അസുഖ ബാധിതനായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഖത്തറിലെ ഹമദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നാല് പതിറ്റാണ്ടിലേറെ ഖത്തറിൽ ജോലി ചെയ്തിരുന്ന അദ്ദേഹം സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. വാണിജ്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം പിന്നീട് ബിസിനസ് കൺസൾട്ടന്റായും ചന്ദ്രിക ദിനപ്പത്രത്തിന്റെ ഖത്തറിലെ ആദ്യകാല ലേഖകനായും പ്രവർത്തിച്ചു.

എറണാകുളം ജില്ലയിലെ മുസ്‌ലിം ലീഗ് ഭാരവാഹിയായിരുന്ന പരേതനായ പി.എ അബ്ദുൽ റഹ്‌മാൻ കുട്ടിയുടെയും പരേതയായ എ.ജെ ഫാത്തിമയുടെയും മകനാണ്. ഭാര്യ നാജിയ മുബാറക് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ഏപ്രിലിൽ മരണപ്പെട്ടിരുന്നു.

മക്കൾ - നാദിയ (ദുബൈ), ഫാത്തിമ (ഖത്തർ). മരുമക്കൾ - മുഹമ്മദ് ഷമീൻ (ദുബൈ), മുഹമ്മദ് പർവീസ് (ഖത്തർ). നിര്യാണത്തിൽ ഖത്തർ ഇന്ത്യൻ മീഡിയാ ഫോറം അനുശോചിച്ചു.