- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിയർപ്പൊഴുക്കിയത് മുസ്ലിംലീഗ്; തോൽപ്പിക്കാൻ പാലം വലിച്ചത് കോൺഗ്രസ്; സുധാകരനെതിരേയും ആരോപണങ്ങൾ; കണ്ണുരിൽ പാച്ചേനിയെ പുറകിൽ നിന്നും കുത്തിയതിന് പിന്നിൽ കോൺഗ്രസ് നേതാക്കളെന്ന് മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്
കണ്ണൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന കണ്ണുർ മണ്ഡലത്തിൽ മത്സരിച്ച ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിക്ക് പാര പണിതത് കോൺഗ്രസിലെ ചില നേതാക്കൾ തന്നെയാണെന്ന ഗുരുതരമായ ആരോപണവുമായി മുസ്ലിം ലീഗ് നേതൃത്വം രംഗത്തെത്തി.
ഇതോടെ കെപിസിസി അധ്യക്ഷനായ കെ.സുധാകരന്റെ ജില്ലയായ കണ്ണുരിൽ യു.ഡി.എഫിലും പടലപ്പിണക്കം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. കണ്ണുരിലെ തോൽവിക്കു കാരണം മുസ്ലിം ലീഗ് കാലുവാരിയതാണെന്ന ആരോപണം ചില കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നുണ്ട്. ഇതംഗീകരിക്കാൻ കഴിയില്ല.ലീഗിനെ പഴിചാരി സ്വന്തം പാർട്ടിയിലെ ഗ്രൂപ്പ് പോര് മറയ്ക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കഴിഞ്ഞ ദിവസം ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു
കണ്ണൂർ നിയോജക മണ്ഡലത്തിൽ സതീശൻ പാച്ചേനി മത്സരിച്ചപ്പോൾ വിജയമുറപ്പിക്കാനായി കോൺഗ്രസിനെക്കാൾ വിയർപ്പൊഴുക്കി പണിയെടുത്തത് മുസ്ലിം ലീഗ് പ്രവർത്തകരാണ് എന്നാൽ പിന്നിൽ നിന്നും പാര വെച്ച് പാച്ചേനിയെ വീഴ്‌ത്താനായിരുന്നു കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് താൽപ്പര്യം. കെ.സുധാകരന്റെ വലം കൈയായി അറിയപ്പെടുന്ന യൂത്ത് കോൺഗ്രസ് നേതാവാണ് ഈ നീക്കത്തിന് നേതൃത്വം നൽകിയതെന്നാണ് ആരോപണം.
മറ്റു ചില കോൺഗ്രസ് നേതാക്കളും ഇതിന് സഹായിച്ചു. പരമ്പരാഗതമായി കോൺഗ്രസിന് വോട്ടു ചെയ്തിരുന്ന കുടുംബങ്ങളിലെ രണ്ടായിരം വോട്ടുകൾ കടന്നപ്പള്ളിക്കായി രഹസ്യമായി മറിച്ചുവെന്നും ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തിൽ നേതാക്കൾ ആരോപിച്ചു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ ഈ വിഷയം കോൺഗ്രസ് നേതാവ് കെ.സുധാകരന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി.
മാത്രമല്ല സുധാകരന്റെ സാന്നിധ്യം പ്രചാരണ രംഗത്ത് വേണ്ടത്രയുണ്ടാവുകയും ചെയ്തില്ല പേരിന് മാത്രമാണ് കണ്ണൂർ മണ്ഡലത്തിൽ സുധാകരൻ പ്രചാരണ രംഗത്തിറങ്ങിയത് മാത്രമല്ല കോൺഗ്രസിലെ മറ്റു നേതാക്കളായ കണ്ണുർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ പി.കെ രാഗേഷ് തുടങ്ങി ഒട്ടനവധി നേതാക്കൾ പ്രചാരണ രംഗത്തു നിന്നും വിട്ടുനിന്നു.കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിച്ച കണ്ണുർ സിറ്റി, തോട്ടട, എടക്കാട് എന്നിവടങ്ങളിൽ യു.ഡി.എഫിന് വോട്ടു കുറഞ്ഞത് പരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന മുസ്ലിം ലീഗ് കണ്ണുർ മണ്ഡലം കമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി ചേർന്ന ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തിലെ റിപ്പോർട്ട് ജില്ലാ - സംസ്ഥാന കമ്മിറ്റികൾക്ക് കൈമാറും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്