- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ പിന്തുണക്കട്ടെ..? എങ്കിൽ ഞങ്ങൾ രാജിവെക്കാം! നിലപാടുകൾ മാറിയും മറിഞ്ഞു തദ്ദേശ അദ്ധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ്; നിലപാട് കടുപ്പിച്ച് ഇടതുപക്ഷം;മാറിയും മറിഞ്ഞും യുഡിഎഫും ബിജെപിയും;ചാഞ്ചാടിയാടി അദ്ധ്യക്ഷ കസേരകൾ
തിരുവനന്തപുരം: കൃത്യമായ രാഷ്ട്രീയ നിലപാടിന്റെയും നിലപാട് മാറ്റങ്ങളുടെയും അടയാള പ്പെടുത്തലായിരുന്നു തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരുടെ അധികാരമേൽക്കൽ ചടങ്ങ്.കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ അധികാരസമവാക്യങ്ങൾ പോലും മാറ്റിമറിക്കുന്നതായിരുന്നു പല ഇടങ്ങളിലെയും സംഭവവികാസങ്ങൾ.രാഷ്ട്രീയ കാരണങ്ങളാലും അല്ലാതെയുമുള്ള വിട്ടുനിൽക്കലുകളാണ് പലയിടത്തും ഈ മാറ്റത്തിന് വഴിവെച്ചത്.
ചാഞ്ചാടിയാടി കസേരകൾ..മാറ്റിവെച്ച് തെരഞ്ഞെടുപ്പുകൾ
തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സംവരണ വിഭാഗത്തിൽ ജയിച്ച പ്രതിനിധി ഇല്ലാതിരുന്നതിനാൽ യുഡിഎഫ് വിട്ടുനിന്നു. എൽഡിഎഫ് പ്രതിനിധി എതി രില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കുന്നത്തുകാൽ പഞ്ചായത്തിലും സംവരണ വിഭാഗം പ്രതിനിധി ഇല്ലാതെ യുഡിഎഫ് വിട്ടുനിന്നതോടെ സിപിഎം പ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലയിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ 5 സീറ്റ് ലഭിച്ച ട്വന്റി20 വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. ഇതോടെ 5 സീറ്റ് ലഭിച്ച കോൺഗ്രസിനു ഭരണം ലഭിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ട്വന്റി20യും കോൺഗ്രസും വിട്ടുനിന്നതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു. എൽഡിഎഫിനു 6, ട്വന്റി20ക്ക് 4, യുഡിഎഫിനു 3 എന്നിങ്ങനെയാണ് സീറ്റ്. ട്വന്റി 20 വിട്ടുനിൽക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വീണ്ടും വോട്ടെടുപ്പു നടക്കുമ്പോൾ എൽഡി
എഫിനു ഭരണം ലഭിക്കും.ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത വെങ്ങോല പഞ്ചായത്തിൽ എൽഡിഎഫും ട്വന്റി20യും ലീഗ് അംഗവും വിട്ടുനിന്നതിനാൽ തിരഞ്ഞെടുപ്പു നടന്നില്ല. വാഴക്കുളം പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടെങ്കിലും സംവരണ സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ യുഡിഎഫ് വിട്ടുനിന്നു. എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ ബിജെപി അംഗം മാറിനിന്നതോടെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ഭരണം നേടി.
ആലപ്പുഴയിൽ യുഡിഎഫിന് ഭൂരിപക്ഷമുള്ള ചിങ്ങോലി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാന ത്തെച്ചൊല്ലിയുള്ള തർക്കം മൂലം യുഡിഎഫ് അംഗങ്ങൾ ഹാജരായില്ല. ആർക്കും ഭൂരിപക്ഷമി ല്ലാത്ത നീലംപേരൂർ പഞ്ചായത്തിൽ 3 യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതോടെ 13 അംഗ ഭരണ സമിതിയിൽ 6 അംഗങ്ങളുള്ള എൽഡിഎഫ് ഭരണത്തിലെത്തി. മാന്നാർ ഗ്രാമപ്പഞ്ചാ യത്തിൽ ബിജെപി അംഗം വിട്ടുനിന്നു. യുഡിഎഫ് അംഗം കൂറുമാറി വോട്ടു ചെയ്തതോടെ യുഡിഎഫിനു കേവല ഭൂരിപക്ഷമുണ്ടായിട്ടും എൽഡിഎഫ് ഇരുസ്ഥാനവും പിടിച്ചെടുത്തു.ഇടുക്കി കരുണാപു രം പഞ്ചായത്തിൽ എൻഡിഎ സ്വതന്ത്രൻ വിട്ടുനിന്നത് നിർണായകമായി. നറുക്കെടുപ്പിലൂടെ എൽഡിഎഫിനു ഭരണം ലഭിച്ചു. ചിന്നക്കനാൽ പഞ്ചായത്തിലെ സ്വതന്ത്ര അംഗം ജയന്തി രവി വിട്ടുനിന്നു. ജയന്തിയുടെ പിന്തുണയോടെയാണ് എൽഡിഎഫ് ഭരണമുറപ്പിച്ചിരുന്നത്. ഇവരുടെ പിന്മാറ്റത്തെ തുടർന്ന് നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനു ലഭിച്ചു.പത്തനംതിട്ട തോട്ടപ്പുഴശേരി പഞ്ചായത്തിൽ കോൺഗ്രസ്, ബിജെപി അംഗങ്ങളും ഇടതു വിമതനും വിട്ടുനിന്ന തിനെ തുടർന്ന് ക്വോറം തികയാതെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. അയിരൂരിൽ കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതോടെ എൽഡിഎഫ് ജയിച്ചു.
മലപ്പുറത്ത് ത്രിശങ്കുവിലായിരുന്ന ആതവനാട് പഞ്ചായത്തിൽ എസ്ഡിപിഐ അംഗം വിട്ടുനിന്ന തോടെ യുഡിഎഫിന് പ്രസിഡന്റ് പദവി. നന്നംമുക്ക് പഞ്ചായത്തിൽ എൻഡിഎ അംഗം വിട്ടുനിന്നതോടെ നറുക്കെടുപ്പിൽ എൽഡിഎഫ്. വാഴയൂരിൽ യുഎൻഡിഎ വിട്ടുനിന്നതോടെ നറുക്കെടുപ്പിലൂടെ യുഡിഎഫ്.മാറഞ്ചേരിയിൽ എസ്ഡിപിഐ അംഗം വിട്ടുനിൽക്കുകയും സ്വതന്ത്ര അംഗം എൽഡിഎഫിന് വോട്ട് ചെയ്യുകയും ചെയ്തതോടെ സിപിഐ അംഗം പ്രസിഡ ന്റായി.തൃശൂർ പാവറട്ടിയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഒരു വോട്ടു കുറഞ്ഞതിനാൽ യുഡിഎഫ് വിമത അംഗം എൽഡിഎഫ് പിന്തുണ യോടെ പ്രസിഡന്റായി.വയനാട് തവിഞ്ഞാലിൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുസ്ലിം ലീഗ് ബഹിഷ്കരിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് അംഗത്തെ പരിഗണിക്കാ ത്തതിലായിരുന്നു പ്രതിഷേധം. കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തെങ്കിലും എൽഡിഎഫിനോ എൻഡിഎയ്ക്കോ വോട്ട് ചെയ്തില്ല. ബാലറ്റ് പേപ്പർ വാങ്ങി വോട്ട് രേഖപ്പെടുത്താതെ പെട്ടിയിൽ നിക്ഷേപിക്കുകയായിരുന്നു. ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എൻഡിഎ അധികാരത്തിലെത്തി.കോഴിക്കോട് കുന്നമംഗലം പഞ്ചായത്തിൽ 2 ബിജെപി അംഗങ്ങളും ലീഗ് വിമതനും വിട്ടുനിന്നതോടെ എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം.
ഭൂരിപക്ഷമുണ്ട്... പക്ഷെ ഭരണമില്ലലോ!
ഭൂരിപക്ഷം ലഭിച്ചിട്ടും ഭരണം കൈവിട്ടുപോകുന്ന അപൂർവ്വതയ്ക്കും തദ്ദേശ അദ്ധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് സാക്ഷിയായി.ഒരിടത്തല്ല, മൂന്നിടത്താണ് ഇത്തരത്തിൽ അപൂർവ്വതയ്ക്ക് സാക്ഷി യായത്. ഇടുക്കി, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് ഈ അട്ടിമറി.മലപ്പുറം ജില്ലയിലെ ചാലിയാ ർ പഞ്ചായത്തിൽ ഭൂരിപക്ഷം നേടിയത് യുഡിഎഫാണെങ്കിലും സംവരണത്തിലൂടെ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന്. യുഡിഎഫിന് സംവരണ വിഭാഗത്തിൽ നിന്ന് അംഗങ്ങളില്ല. യുഡി എഫ് 8, എൽഡിഎഫ് 6 എന്നിങ്ങനെയാണ് കക്ഷിനില.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയിൽ കേവല ഭൂരിപക്ഷം പോലുമില്ലാത്ത സിപിഎമ്മിനു വിജയമെത്തിയത് യുഡിഎഫ് വോട്ടുകൾ കൂടി ലഭിച്ചതോടെ. ഇവിടെ പട്ടികജാതി വനിതയ്ക്കാണു പ്രസിഡന്റ് സംവരണം. സിപി എമ്മിനും ബിജെപിക്കും ആണ് ഈ വിഭാഗത്തിൽ സ്ഥാനാർത്ഥി. ഇതോടെ, കോൺഗ്രസിലെ 6 അംഗങ്ങളും സിപിഎം സ്ഥാനാർത്ഥിക്കു വോട്ടു ചെയ്തു.
ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിട്ടും പട്ടികജാതി സംവര ണമായ പ്രസിഡന്റ് പദവിയിലേക്ക് എത്തിയത് എൻഡിഎ പ്രതിനിധി. 16 അംഗ പഞ്ചായത്തിൽ ബിജെപിക്ക് ഒരംഗം മാത്രമാണുള്ളത്. പട്ടികജാതി വിഭാഗത്തിൽപെട്ട 2 സ്ഥാനാർത്ഥികളെ എൽ ഡിഎഫ് മത്സരിപ്പിച്ചെങ്കിലും ഇരുവരും പരാജയപ്പെട്ടു. ഉപ്പുതറ പഞ്ചായത്തിലാകട്ടെ ഭൂരിപക്ഷം യുഡിഎഫിനെങ്കിലും ഭരണം എൽഡിഎഫിന്. പ്രസിഡന്റ് പദവി പട്ടികവർഗ സംവരണമാണി വിടെ. യുഡിഎഫിന്റെ പട്ടികവർഗ സ്ഥാനാർത്ഥി തോറ്റതാണു കാരണം.
നിലപാട് ഇങ്ങനെ.. ആ പിന്തുണ ഞങ്ങൾക്ക് വേണ്ട..
പരസ്പരമുള്ള രാഷ്ട്രീയ വിരുദ്ധതകാരണം പിന്തുണവേണ്ടെന്ന് വച്ച് അധികാരം രാജിവെച്ചതായി രുന്നു മറ്റൊരു കാഴ്ച്ച.ഇത്തരത്തിൽ രാജിവെച്ചതിൽ ഇടതുപക്ഷമായിരുന്നു മുന്നിൽ അതേസമ യം കണ്ണൂരിൽ ഇടതിന്റെ പിന്തുണ നേടിയ യുഡിഎഫ് പ്രസിഡന്റിനെ കോൺഗ്രസ്സിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു.
ആലപ്പുഴയിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്ത തിരുവൻവണ്ടൂർ പഞ്ചായത്തിൽ യുഡി എഫ് അംഗങ്ങൾ എൽഡിഎഫ് സ്ഥാനാർത്ഥികൾക്കു വോട്ടു ചെയ്തതോടെ ഏറ്റവും വലിയ ഒറ്റക്ക ക്ഷിയായ ബിജെപിക്ക് അധികാരം നഷ്ടമായി. എന്നാൽ വിജയിച്ച ശേഷം, യുഡിഎഫ് പിന്തുണ വേണ്ടെന്നു പ്രഖ്യാപിച്ച് എൽഡിഎഫ് സ്ഥാനങ്ങൾ രാജിവച്ചു.തൃശ്ശൂരിൽ എൻഡിഎയ്ക്കു ഭൂരിപ ക്ഷമുള്ള അവിണിശ്ശേരിയിൽ എൽഡിഎഫിനെ യുഡിഎഫ് തുണച്ചു സിപിഎം അംഗം പ്രസിഡ ന്റായെങ്കിലും പിന്തുണ ആവശ്യമില്ലെന്നു പ്രഖ്യാപിച്ച് ഉടൻ രാജിവച്ചു. ബിജെപി ഭരണം തടയാ നാണ് എൽഡിഎഫിനെ യുഡിഎഫ് പിന്തുണച്ചത്.പത്തനംതിട്ട ചിറ്റാറിൽ കോൺഗ്രസിനു ഭൂരിപ ക്ഷമുള്ള പ്രസിഡന്റ് പദത്തിലേക്ക് അവകാശമുന്നയിച്ച കോൺഗ്രസ് അംഗത്തെ പിന്തുണച്ച് സിപിഎം ഭരണം പിടിച്ചു.
യുഡിഎഫിനു മേൽക്കൈ ഉണ്ടായിരുന്ന അഴിയൂരിൽ (കോഴിക്കോട്) എൽഡിഎഫിനെ എസ്ഡിപി ഐ പിന്തുണച്ചതോടെ നറുക്കെടുപ്പ് വേണ്ടിവന്നു; പക്ഷേ, യുഡിഎഫ് ജയിച്ചു. ഇതേസമയം, എൽഡിഎഫിനു മേൽക്കൈ ഉണ്ടായിരുന്ന വെമ്പായം പഞ്ചായത്തിൽ (തിരുവനന്തപുരം) യുഡി എഫിനെ എസ്ഡിപിഐ പിന്തുണച്ചതോടെ നറുക്കെടുപ്പ് വേണ്ടിവന്നു; യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം. യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചെങ്കിലും രാജിവയ്ക്കാൻ കോൺഗ്രസ് നേതൃ ത്വം നിർദ്ദേശം നൽകി.നാൽപ്പത് വർഷത്തോളമായി സ്വന്തം ഉരുക്കുകോട്ടയായിരുന്ന നടുവിൽ പഞ്ചായത്തിൽനിന്ന് കോൺഗ്രസ് പുറത്തായത് ഡി.സി.സി.ക്ക് കടുത്ത അടിയായി. ഭൂരിപക്ഷം ഉണ്ടായിട്ടും ഗ്രൂപ്പ് താത്പര്യവും വ്യക്തിതാത്പര്യവും കോൺഗ്രസ് നേതാക്കൾ യുദ്ധമാക്കി മാറ്റിയപ്പോൾ സിപിഎം. അവസരം മുതലെടുത്ത് രംഗത്തുവന്നു. ഭരണം അങ്ങനെ എൽ.ഡി. എഫ്. പക്ഷത്തേക്ക് ചാഞ്ഞു.ഇക്കുറി ആകെയുള്ള 19 സീറ്റിൽ 11 സീറ്റാണ് യു.ഡി.എഫിന് ലഭിച്ചത്. ഭൂരിപക്ഷം കിട്ടിയപ്പോൾ മുതൽ പ്രസിഡന്റ് പദത്തെച്ചൊല്ലി എ വിഭാഗവും ഐ വിഭാഗവും പോരുതുടങ്ങിയിരുന്നു. എ വിഭാഗത്തിലെ അലക്സ് ചുനയംമാക്കൽ, ഐ വിഭാഗത്തിലെ നേതാവും ഡി.സി.സി. സെക്രട്ടറിയുമായ ബേബി ഓടമ്പള്ളി എന്നിവരാണ് പ്രസിഡന്റ്പദത്തിന് അവകാശവാദം ഉന്നയിച്ചത്. അതേസമയം കോൺഗ്രസ് പാർലമെന്ററി പാർട്ടി ചേർന്ന് വോട്ടിനിട്ടപ്പോൾ ഒരു വോട്ടിന്റെ ഭൂരിപക്ഷം അലക്സ് ചുനയം മാക്കലിനായിരുന്നു. അതിനാൽ അദ്ദേഹത്തെ പ്രസിഡന്റാക്കാൻ ഡി.സി.സിയും നിർദ്ദേശിച്ചു. ഒരു കാരണവശാലും അലക്സിനെ ആക്കില്ലെന്ന് ബേബി വിഭാഗവും ശഠിച്ചു.അതിനിടെ കോൺഗ്രസ് വിമതയായി ജയിച്ച രേഖാ രജിത്തും മറ്റു രണ്ട് കോൺഗ്രസ് അംഗങ്ങളും ബേബി ഓടമ്പള്ളിയെ പിന്തുണയ്ക്കുമെന്നായി. അതോടെ എൽ.ഡി.എഫ്. ക്യാമ്പ് ഉണർന്നു. ചൊവ്വാഴ്ച പാർട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജൻ തന്നെ നടുവിലിൽ എത്തി ലോക്കൽ കമ്മിറ്റിയിൽ പങ്കെടുത്തു. കൃത്യമായ ഫോർമുല രൂപം കൊണ്ടു. സിപിഎമ്മിലെ ഏഴ് അംഗങ്ങളും ഒരു കോൺഗ്രസ് വിമതയും ബേബി ഓടമ്പള്ളി ഉൾപ്പെടെ ഐ ഗ്രൂപ്പിലെ മൂന്നുപേരും ചേർന്നപ്പോൾ ഈ വിഭാഗത്തിന് ഭൂരിപക്ഷമായി. ബേബി പ്രസിഡന്റാവുകയും ചെയ്തു. ആകെയുള്ള 11 സീറ്റിൽ എ, ഐ വിഭാഗത്തിന് നാലുവീതവും ലീഗിന് മൂന്നും സീറ്റാണുണ്ടായിരുന്നത്.
തലേന്ന് രാത്രിവരെ ഡി.സി.സി.യിൽ പ്രസിഡന്റ് സതീശൻ പാച്ചേനി, കെ. സുധാകരൻ എംപി., കെ.സി. ജോസഫ് എംഎൽഎ തുടങ്ങിയവർ ചേർന്ന് ചർച്ച നടത്തിയിരുന്നു. കെ.പി.സി. സി.യുടെയും ഡി.സി.സി.യുടെയും അഭിപ്രായപ്രകാരം അലക്സ് പ്രസിഡന്റാവണന്നൊയിരുന്നു തീരുമാനം. അതിനിടെ പ്രസിഡന്റ് പദവി പങ്കുവെക്കാനും തീരുമാനമായി. പക്ഷേ, ഒന്നാംഘട്ടം തങ്ങൾക്ക് വേണമെന്ന് ബേബി ഓടമ്പള്ളി വിഭാഗം ആവശ്യപ്പെട്ടു എ വിഭാഗം അത് തള്ളി. പ്രസിഡന്റ് പദം പോയാലും വിട്ടുവീഴ്ചയ്ക്കില്ലെന്നായിരുന്നു അവരുടെ നിലപാട്.എങ്കിലും ഇവരെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്സ് മുഖം രക്ഷിച്ചു.നടുവിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് സിപിഎം. അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റായി മത്സരിച്ച ബേബി ഓടമ്പള്ളിയെയും അദ്ദേഹത്തിന് വോട്ട് ചെയ്ത ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യൻ വിലങ്ങോലി, ലിസി ജോസഫ് എന്നിവരെയും കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തതായി ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.നാലുപതിറ്റാണ്ടായി കൈവശമുള്ള നടുവിൽ പഞ്ചായത്ത് നഷ്ടപ്പെട്ടത് വലിയ വീഴ്ചയാണെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി തന്നെ പറയുന്നു.
സ്ഥിരംസമിതിക്കാരെ ജനുവരിയിൽ അറിയാം
തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിരസമിതി അംഗങ്ങളുടെയും അധ്യക്ഷരുടെയും തിരഞ്ഞെടുപ്പ് ജനുവരി 7, 8, 11, 12 തീയതികളിൽ നടക്കുമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.സ്ഥിരസമിതി അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിന് ഏതൊരു സ്ഥാനാർത്ഥിക്കും സ്വയം നാമനിർദ്ദേശം സമർപ്പിക്കാം. മറ്റൊരു അംഗം നിർദ്ദേശിക്കേണ്ട. തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ചേരുന്ന സ്ഥലം, തീയതി, സമയം എന്നിവ കാണിച്ചുള്ള നോട്ടിസ് എല്ലാ അംഗങ്ങൾക്കും യോഗ തീയതിക്ക് 5 ദിവസം മുൻപും സ്ഥിരസമിതി അധ്യക്ഷരെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗത്തിന്റെ നോട്ടിസ് ബന്ധപ്പെട്ട സമിതിയിലെ എല്ലാ അംഗങ്ങൾക്കും യോഗ തീയതിക്ക് 2 ദിവസം മുൻപും നൽകണം.സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള ഓരോ സ്ഥാനത്തേക്കാണ് ആദ്യം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. സ്ഥിരം സമിതിയിലെ ഒഴിവും സ്ഥാനാർത്ഥികളുടെ എണ്ണവും തുല്യമാണെങ്കിൽ അവരെ തിരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിക്കണം. ഒഴിവിനെക്കാൾ കുറവാണ് സ്ഥാനാർത്ഥികളുടെ എണ്ണമെങ്കിൽ അവരെ തിരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിക്കണം. ബാക്കി സ്ഥാനത്തേക്ക് 5 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം.സ്ഥാനാർത്ഥികളുടെ എണ്ണം ഒഴിവിനെക്കാൾ കൂടുതലാണെങ്കിൽ യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങളിൽ നിന്ന് ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ഒറ്റക്കൈമാറ്റ വോട്ടുമൂലം (പ്രിഫറൻഷ്യൽ വോട്ടിങ്) വോട്ടെടുപ്പ് നടത്തി അംഗങ്ങളെ തിരഞ്ഞെടുക്കണം.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനം, വികസനം, ക്ഷേമം , ആരോഗ്യ വിദ്യാഭ്യാസം എന്നിങ്ങനെ 4 സ്ഥിരസമിതികളാണ്. ജില്ലാ പഞ്ചായത്തുകളിൽ ധനം, വികസനം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസം, ക്ഷേമം എന്നിങ്ങനെ 5 സമിതികൾ. മുനിസിപ്പാലിറ്റികളിൽ ധനം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ കലാകായികം എന്നിങ്ങനെ 6. കോർപറേഷനുകളിൽ ധനം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതി അപ്പീൽ, വിദ്യാഭ്യാസ കായികം എന്നിങ്ങനെ 8 സമിതികൾ രൂപീകരിക്കണം.