പൊലീസുകാർ ഒരു ഗ്രാമത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത തങ്കമണി സംഭവം തൊട്ട് രാജൻ കേസും, മുത്തങ്ങ സമരവും, ഉദയകുമാറിന്റെ ഉരുട്ടിക്കൊലയും തൊട്ട് നമ്മുടെ അലൻ-താഹ കേസ്വരെയുള്ള സ്റ്റേറ്റ് സ്പോൺസേഡ് ഭീകരതകളുടെ കഥകൾ ഒരുപാട് പറയാനുള്ള നാടാണ് നമ്മുടെ കേരളവും. 'അമ്മഅറിയാൻ' പോലുള്ള ഒറ്റപ്പെട്ട ചില ബുജി സിനിമകളിലല്ലാതെ, മുഖ്യധാരയിൽ ഈ മനുഷ്യാവകാശ ലംഘനങ്ങളും, അതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും ഒന്നും കാര്യമായി, ഈ പ്രബുദ്ധമെന്ന് പറയുന്ന കേരളത്തിലും ചിത്രീകരിക്കപ്പെടാറില്ല. (അസുരനും, കർണനും, ജയ്ഭീമുമടക്കമുള്ള എത്രയോ ചിത്രങ്ങൾ തൊട്ടടുത്ത് തമിഴ്‌നാട്ടിൽ ഇറങ്ങിക്കഴിഞ്ഞു) ഇപ്പോഴും പ്രണയവും, ഗോഡ്ഫാദർ മോഡൽ ഗ്യാങ്ങ്സ്റ്റർ സിനമകളുമൊക്കെയാണ് നമുക്ക് പഥ്യം. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും!

അവിടെയാണ് കമൽ കെ എം എടുത്ത 'പട' എന്ന ചലച്ചിത്രം വ്യത്യസ്തമാവുന്നത്. ആദിവാസി ഭൂസമരങ്ങളുടെ ചരിത്രത്തിൽ വേറിട്ട പ്രതിരോധവുമായി ദേശീയതലത്തിൽ ശ്രദ്ധ നേടിയ സംഭവമാണ്, 25 വർഷങ്ങൾക്കു മുൻപ് അയ്യങ്കാളിപ്പട നടത്തിയ പാലക്കാട് കലക്ടറേറ്റ് ആക്ഷൻ. 1996ൽ പാലക്കാട് കളക്ടറെ ബന്ദിയാക്കിയ സംഭവവും തുടർന്നുള്ള സംഭവ വികാസങ്ങളിലടെയുമാണ് 'പട' കടന്നുപോവുന്നത്.

ആദ്യമായി ഇതുപോലെ ഒരു വിഷയത്തെ തെരഞ്ഞെടുത്ത ടീമിനെ അഭിനന്ദിച്ചേ മതിയാവു. കേരളത്തിന്റെ സാമൂഹിക ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത, തട്ടുപൊളിപ്പൻ പടങ്ങൾ കണ്ട് കണ്ണ് കഴച്ചു നിൽക്കുന്ന സമയത്താണ് പച്ചയായ ജീവിത യാഥാർഥ്യങ്ങളുമായി ഇതുപോലെ ഒരു ചിത്രം ഇറങ്ങുന്നത്. തീർത്തും എൻഗേജിങ്ങായി, ഒട്ടും ബോറടി കൂടാതെ, ഒരു സെമി ത്രില്ലർ സ്വഭാവത്തിൽ, ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏത് തരത്തിലുള്ള പ്രേക്ഷകനും, കണ്ടിരിക്കാൻ കഴിയുന്ന ചിത്രമാണിത്.

എന്നാൽ ഈ ചിത്രത്തിന്റെ പരിമിതി പലപ്പോഴും ഇത് ഒരു ഡോക്യുഫിക്ഷൻ സിനിമയായി മാറിപ്പോവുന്നു എന്നതാണ്. അസുരനോ, കർണ്ണനോ, ജയ്ഭീമോപോലെ ഉള്ളുനുറുങ്ങുന്ന ഒരു അനുഭവമായി 'പട' മാറുന്നില്ല. എന്നിരുന്നാലും വ്യത്യസ്തതയെ സ്നേഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണിത്. കേരളത്തിലുണ്ടായ മികച്ച പൊൽറ്റിക്കൽ സിനിമകളുടെ പട്ടികയിൽ ഈ ചിത്രവും സ്ഥാനം പിടിക്കുന്നുണ്ട്.

അവർ എന്തിന് കലക്ടറെ ബന്ദിയാക്കി

ചില മനുഷ്യർ അങ്ങനെയാണ്. അവർക്ക് സ്വന്തം ജീവിതമല്ല, സമൂഹമാണ് പ്രധാനം. തങ്ങൾ ശരിയെന്ന് വിശ്വസിക്കുന്ന, സമൂഹത്തിൽ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് അവർക്ക് തോനുന്ന ലക്ഷ്യങ്ങൾക്കായി അവർ സ്വന്തം ജീവിതം തന്നെ ബലികൊടുക്കും. അങ്ങനെയുള്ള നാലുപേരുടെ കഥയിലുടെയാണ് ചിത്രം മുന്നോട്ട് പോവുന്നത്. 96ൽ കേരള നിയമസഭ, ഗൗരിയമ്മ എന്ന ഒറ്റയാളുടെ വിയോജിപ്പോടെയും, ബാക്കി 139 അംഗങ്ങളുടെയും പിന്തുണയോടെയും, ആദിവാസി ഭൂനിയമം ഭേദഗതി ചെയ്തതിന്റെ പത്രക്കട്ടിങ്ങുകൾ കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. മാറിമാറിവരുന്ന ഭരണകൂടങ്ങൾ ആദിവാസി ഭൂമി പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനങ്ങൾ നൽകുകയല്ലാതെ നടപടികൾ ഒന്നും ഉണ്ടാവുന്നില്ല. മാത്രമല്ല, പുതിയ നിയമങ്ങൾ ഉണ്ടാക്കി ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാൻ ഒത്താശ ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുകയും ചെയ്യുന്നു.

ഈ സഹാചര്യത്തിലാണ് ഈ നാലു ചെറുപ്പക്കാർ അനീതിക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ എത്തുന്നത്. സ്വന്തം മണ്ണിൽ അഭയാർഥികളായിപ്പോയ ആദിവാസികൾക്ക് നീതിക്കായി, ബാലു (വിനായകൻ), രാകേഷ് (കുഞ്ചാക്കോ ബോബൻ), അരവിന്ദൻ (ജോജു ജോർജ്), നാരായണൻകുട്ടി (ദിലീഷ് പോത്തൻ) എന്നിവരാണ് സ്വയം ചവേറാൻ പോലും തയ്യാറായി ഈ തീക്കളിക്ക് ഒരുങ്ങുന്നത്. വ്യവസ്ഥാപിതമായി സമരം ചെയ്തിട്ട് യാതൊരു കാര്യവും ഇല്ലെന്ന് അവർക്കും നന്നായി അറിയാം.

പാലക്കാട് കലക്ടറെ ബന്ദിയാക്കുക. എന്നിട്ട്, സർക്കാറിൽ സമ്മർദം ചെലുത്തി ആദിവാസി ഭുനിയമ ഭേദഗതി നിയമം റദ്ദാക്കിപ്പിക്കുക. ഇതായിരുന്നു, അയ്യൻകാളിപ്പടയുടെ പ്രവർത്തകരായ അവരുടെ ലക്ഷ്യം. അതിലേക്കായി അവർ ഒരു തോക്ക് സംഘടിപ്പിക്കുന്നു. ഡിറ്റണറേറ്ററുകൾ വാങ്ങുന്നു. ഒരു സുപ്രഭാതത്തിൽ കലക്ടറുടെ ചേംബറിൽ പരാതി നൽകുവാൻ എന്ന് പറഞ്ഞ് കയറി ആയാളെ തോക്കുചൂണ്ടി കസേരയിൽ കെട്ടിയിട്ട് ബന്ദിയാക്കുന്നു. പട്ടാപ്പകൽ നഗരമധ്യത്തിലാണ് ഈ സംഭവം എന്ന് ഓർക്കണം.

ഒറ്റ രാപ്പകലുകൊണ്ട് അവസാനിക്കുന്ന ഈ കഥ കൈയടക്കത്തോടെ തന്നെ അവതരിപ്പിക്കാൻ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. ഈ ആക്ഷന് വരുന്നവരുടെ കുടുംബ പശ്ചാത്തലവും, പുറത്തനിന്ന് പിന്തുണ നൽകുന്നവരുടെ ജീവിതവും, പൊലീസുകാരുടെയും ചീഫ് സെക്രട്ടറിയുടെയും ബദൽ പ്ലാനുകളും, സമരക്കാരെ കൈയേറ്റം ചെയ്യാനെത്തിയ രാഷ്ട്രീയക്കാരുമൊക്കെയായി ചിത്രമങ്ങോട്ട് തിളച്ചുമറിയുകയാണ്. അതു കണ്ടുതന്നെ അറിയുക.

ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ അഭിനന്ദിക്കപ്പെടേണ്ടത് യാതൊരു ഈഗോയുമില്ലാതെ നാലുപേരിൽ ഒരാളായി വേഷമിട്ട കുഞ്ചാക്കോ ബോബനെയാണ്. അതുപോലെ ജോജുജോർജും. വിനായകനും ദിലീഷ്പോത്തനും ഒപ്പത്തിനൊപ്പം നിൽക്കുന്നത്. കുറച്ചുകാലത്തെ ഇടവേളക്കുശേഷം വിനായകന് കിട്ടിയ ശക്തമായ കഥാപാത്രമാണിത്. ഫലത്തിൽ ഈ നടന്റെ ഒരു തിരിച്ചുവരവ് എന്നുതന്നെ പറയാം.

ഇന്ദ്രൻസ്, സലീംകുമാർ, ടി ജി രവി, പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, ഉണ്ണിമായ പ്രസാദ്, കനികുസൃതി, വി കെ ശ്രീരാമൻ എന്നിങ്ങനെ ചെറുതുവലുതുമായ കഥാപാത്രങ്ങൾ ചെയ്ത ആരും മോശമായിട്ടില്ല. ഷൈൻ ടോം ചാക്കോയ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല എന്നേ പറയാൻ കഴിയൂ. ഭാവങ്ങൾകൊണ്ട് മൂഡ് ക്രിയേറ്റ് ചെയ്യാൻ കഴിയുന്നതിൽ ഇന്ദ്രൻസിനെ വെല്ലാൻ മറ്റൊരു നടനുമില്ലെന്ന് ഈ ചിത്രവും തെളിയിക്കുന്നു. കലക്ടറായെത്തിയ അർജുൻ രാധാകൃഷ്ണനും ഉജ്ജ്വലമായ അഭിനയമാണ് കാഴ്ചവെച്ചത്. ക്യാമറ സമീർ താഹിറാണെങ്കിൽ പിന്നെ അതിന്റെ ക്വാളിറ്റി എടുത്തു പറയേണ്ട കാര്യമില്ല. വിഷ്ണു വിജയിന്റെ സംഗീതവും പശ്ചാത്തലവും മികച്ചതായിട്ടുണ്ട്.

പിഴച്ചത് ഡോക്യുഫിക്ഷൻ സ്വഭാവം

പക്ഷേ ഈ ചിത്രത്തിന്റെ സിനിമാറ്റിക്കായ ഒരു ഫാൾട്ട് കിടക്കുന്നത്, പൂർണ്ണമായും ഡോക്യുഫിക്ഷന്റെ സ്വഭാവത്തിൽനിന്ന് ഇതിന് മോചനം നേടാൻ കഴിഞ്ഞില്ല എന്നതാണ്. പാലക്കാട് കലക്ടറെ ബന്ദിയാക്കിയ സംഭവം അറിയുന്ന ആർക്കും അറിയാവുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. ഇത് ഇങ്ങനെ തുടങ്ങി ഇങ്ങനെയേ അവസാനിക്കൂവെന്ന് ആദ്യമേ തീരുമാനിക്കപ്പെടുന്നിടത്ത് ചലച്ചിത്രത്തിന്റെ സുഖം പോവുന്നു. മൂലകഥയിൽനിന്ന് മാറിപ്പോവാതെ, ചില സാങ്കൽപ്പിക കഥാപാത്രങ്ങളെ കൊണ്ടുവന്നൊക്കെയാണ്, ഈ പരിമിതി ലോകത്തിലെ പ്രഗൽഭരായ ഫിലിം മേക്കേഴ്സ് മറികടക്കാറുള്ളത്. സിപിൽബർഗിന്റെ ഷിൻഡ്ലേഴസ് ലിസ്റ്റ് തൊട്ട്, ജ്ഞാനവേലിന്റെ ജയ്ഭീം വരെയുള്ള സിനിമകൾ നോക്കുക. അല്ലാതെ ഒരു സംഭവകഥക്ക് അതേപോലെ തൂക്കമൊപ്പിച്ച് കഥാപാത്രങ്ങളെ കൊണ്ടുവരുന്നത് സിനിമയല്ല, ഡോക്യുമെന്റിയാണ്. ഇവിടെ രണ്ടാം പകുതിയിലൊക്കെ ചിത്രം പലപ്പോഴും ഡോക്യുഫിക്ഷനിലേക്ക് മാറുന്നു. ഡോ ബിജുവിന്റെ 'കാടുപൂക്കുന്ന നേരം' സമാനമായ പ്രമേയം ഇതിലും എത്രയോ ശക്തമായി കൈകാര്യം ചെയ്യുന്നുണ്ട്.

അതുപോലെ ഡയലോഗുകളിലുമുണ്ട് ഈ കല്ലുകടി. വിനായകൻ അടക്കം ചില കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾക്ക് ഒരു സ്വാഭാവികത കിട്ടുന്നില്ല. എന്തിനാണ് തന്നെ ബന്ദിയാക്കിയത് എന്ന കലക്ടറുടെ ചോദ്യത്തിന് ഈ നാൽവർ സംഘം പറയുന്ന മറുപടിയൊക്കെ, തെരുവ് നാടകത്തിൽ കണാതെ പഠിച്ച് പറയുന്നതുപോലെ തോന്നിക്കുന്നു. ഇതൊക്കെ മെച്ചപ്പെടുത്തിയിരുന്നെങ്കിൽ ചിത്രത്തിന്റെ നിലവാരം എത്രയോ കൂടുമായിരുന്നു.

മാത്രമല്ല സംവിധായകനും കൂട്ടരും തങ്ങൾ ശരിയെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയത്തിനുവേണ്ടി എടുത്ത സിനിമയാണിത്. അല്ലാതെ നിഷ്പക്ഷമായ ഒരു വസ്തുതാന്വേഷണത്തിന്റെ മോഡലില്ല ചിത്രം പോകുന്നത്. അതുകൊണ്ടുതന്നെ പറഞ്ഞു പഠിപ്പിച്ചപോലെയാണ് ഇതിലെ പൊൽറ്റിക്സ്. നേരെ മറിച്ച്'ജയ്ഭീം' നോക്കുക. പലരംഗങ്ങളിലും നമ്മുടെ കണ്ണ് നിറഞ്ഞുപോകും. എത്ര ശക്തമായാണ്, എലിയെ പിടിച്ച് ജീവിക്കുന്ന, ഭരണകൂടം ക്രിമനിലുകൾ ആക്കിയ ഇരുളർ എന്ന സമുദായത്തിന്റ കഥ എടുത്തിരിക്കുന്നത്. രാജാക്കണ്ണ് കസ്റ്റഡിമരണം എന്ന തമിഴ്‌നാടിനെ ഞെട്ടിച്ച യഥാർഥ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രം എടുത്തിട്ടുള്ളത്. ജയ്ഭീമം പക്ഷേ ഡോക്യുഫിക്ഷൻ രീതിയിലേക്ക് മാറുന്നില്ല. മുദ്രാവാക്യം മോഡൽ സംഭാഷണങ്ങൾ ഒട്ടുമില്ല. പക്ഷേ അത് നമ്മുടെ ഹൃദയം തകർക്കും.

കണ്ടിറങ്ങുന്നവരോട് ഭരണകൂട ഭീകരതക്കെതിരെ പ്രതികരിക്കൂ എന്നൊന്നും അവസാനം പറയേണ്ട കാര്യമില്ല, തമിഴകത്തെ ഹീനമായ ജാതി വ്യവസ്ഥയും, നിഷഠൂരമായ പൊലീസിങ്ങും, ഒക്കെ നമ്മുടെ മനസ്സിൽ തിളച്ചു മറിയും. ഏത് കടുത്ത ജാതിവാദിയുടെയും മനസ്സ് ഒന്ന് ഇടറും. ഈ മാനസികമായ മാറ്റമാണ് ആധുനിക കാലത്തെ വിപ്ലവം. അതിന് പട എന്ന ഈ ചിത്രത്തിന് എത്രകണ്ട് കഴിയുന്നുണ്ട്? അവിടെയാണ് ഒന്നാന്തരം ഒരു ചലച്ചിത്രം സൃഷ്ടിക്കാനുള്ള അവസരം സംവിധാകൻ കളഞ്ഞു കുളിച്ചതായി തോനുന്നത്.

പക്ഷേ എന്തെല്ലാം പരിമിതികൾ ഉണ്ടെങ്കിലും 'പട' എന്ന കൊച്ചു ചിത്രം, വേറിട്ട സിനിമകളെ സ്നേഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ്.

വാൽക്കഷ്ണം: ഒരു 'നക്സൽ നൊസ്റ്റു' ഉണ്ടാക്കിയെടുക്കാൻ ഈ ചിത്രം ശ്രമിക്കുന്നതുപോലെ തോനുന്നുണ്ട്. ഹിന്ദുത്വ അജണ്ടപോലെ, ഇസ്ലാമിസ്റ്റ് അജണ്ട പോലെ അതിശക്തമായ വിമർശിക്കേണ്ട ഒരു സാധനമാണ് ഈ നക്സൽ അജണ്ടയും. ലോകത്തിനെ ചോരയിൽ മുക്കിയ, കെടുതികൾ മാത്രം സമ്മാനിച്ച, തീർത്തും അശാസ്ത്രീയവും അമാനവികവുമായ ആശയമാണ് നക്സലിസവും കമ്യൂണിസവും. 70 കളിലെ കേരളത്തിലെ ചിന്തിക്കുന്ന ചെറുപ്പക്കാരിൽ നല്ലൊരു ഭാഗവും ഈ മനുഷ്യത്വ രഹിതമായ ആശത്തിന്റെ പിറകിൽപോയി ജീവിതം തുലച്ചവരാണ്. നക്സലിസത്തിലുടെയല്ല ക്യാപ്പിറ്റലസിത്തിലൂടെയാണ് കേരളം ഇന്നും കഞ്ഞികുടിച്ച്പോവുന്നത്!