കാസർകോട്: ചിറ്റാരിക്കാലിൽ ഇന്നലെ മതമൈത്രിയുടെ അപൂർവ്വ നിമിഷം അരങ്ങേറി. വ്യാഴാഴ്ച വൈകീട്ട് 3.45. പെരുമ്പട്ട താഴത്തിടം പാടാർകുളങ്ങര ഭഗവതിക്ഷേത്രത്തിൽനിന്ന് വിഷ്ണുമൂർത്തി തെയ്യം തൊട്ടടുത്ത ജുമാ മസ്ജിദിലെത്തി. മസ്ജിദിൽ കാത്തുനിന്ന മുസ്ലിം സഹോദരങ്ങൾ ദക്ഷിണ നൽകി സ്വീകരിച്ചു. തെയ്യം അവർക്ക് അനുഗ്രഹം ചൊരിഞ്ഞു, പ്രസാദമായി ഇളനീർ നൽകി. അങ്ങനെ തെയ്യത്തിന്റെ മണ്ണ് വീണ്ടും അപൂർവ്വ മത മൈത്രിയുടെ കാഹളമുയർത്തി.

കളിയാട്ടത്തോടനുബന്ധിച്ചുള്ള തെയ്യത്തിന്റെ മസ്ജിദ് സന്ദർശനം നാനൂറു വർഷത്തിലേറെയായി ഇവിടെ നിലനിൽക്കുന്ന ആചാരമാണ്. ഇത്തവണയും ചടങ്ങിനൊന്നും മാറ്റമുണ്ടായില്ല. മതത്തിന്റെ പേരിൽ തമ്മിലടിക്കുന്നവർക്കുള്ള നല്ല സന്ദേശവുമായി ഇത്തവണയും അത്. ഇസ്ലാംമതവിശ്വാസികളുടെ പള്ളിയും ഹിന്ദുമതവിശ്വാസികളുടെ പള്ളിയറയും ഒന്നുതന്നെയാണെന്ന് വിഷ്ണുമൂർത്തി അരുൾചെയ്താണ് മടങ്ങിയത്. അത്യാഹ്ലാദത്തോടെ മസ്ജിദിൽ തടിച്ചുകൂടിയവർ അതേറ്റുചൊല്ലി. 4.04-ന് അസർ നിസ്‌കാരത്തിനുള്ള ബാങ്ക്വിളി കഴിയുംവരെ തെയ്യം മസ്ജിദിനുള്ളിൽ അനുഗ്രഹം നൽകി. പിന്നെ ക്ഷേത്രത്തിലേക്ക് മടക്കം.

മാനവമൈത്രിയുടെ സന്ദേശം പരത്തുന്ന ഈ സന്ദർശനം നാട്ടുകാർക്ക് ഉത്സവമാണ്. ജാതിമതഭേദമില്ലാതെ ആളുകൾ അതിൽ പങ്കെടുക്കുന്നു. കളിയാട്ടത്തിന്റെ അവസാനദിവസമാണ് മസ്ജിദ് സന്ദർശനം. പള്ളിക്കമ്മിറ്റി ഭാരവാഹികളടക്കം ആയിരക്കണക്കിനാളുകൾ ചേർന്നാണ് വിഷ്ണുമൂർത്തിയെ മസ്ജിദിലേക്ക് ആനയിക്കുന്നത്. മൂന്നുവർഷത്തിലൊരിക്കലാണ് കളിയാട്ടം. മതമൈത്രി ഊട്ടിയുറപ്പിക്കുംവിധത്തിലാണ് സംഘാടകസമിതി പ്രവർത്തിക്കുന്നത്.

എം.സി.സലാം ഹാജിയാണ് ഉത്സവാഘോഷക്കമ്മിറ്റി ചെയർമാൻ. കളിയാട്ടദിവസത്തേക്കുള്ള അന്നദാനത്തിന്റെ അരി മസ്ജിദ് ഭാരവാഹികളാണ് നൽകുന്നത്. കളിയാട്ട ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് കുടിവെള്ളമൊരുക്കാനും മസ്ജിദ് കമ്മിറ്റി പ്രത്യേകം സജ്ജീകരണമൊരുക്കിയിരുന്നു.