കൊച്ചി: മലയാള സിനിമയിലെ പിടിച്ചു കുലുക്കി സംവിധായകന് നേരെ വീണ്ടും ലൈംഗിക പീഡന ആരോപണം ഉണ്ടായിരിക്കയാണ്. നടിയെ ആക്രമിച്ച കേസും ഹേമ കമ്മീഷൻ റിപ്പോർട്ടും അടക്കം കേരള സമൂഹത്തിൽ സജീവമായി ചർച്ചയാകുന്ന ഘട്ടത്തിലാണ് വീണ്ടും ഒരു പീഡന ആരോപണം ഉയർന്നിരിക്കുന്നത്. പുതുമുഖ സംവിധായകനായ ലിജു കൃഷ്ണയാണ് കാക്കനാട് പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ലിജുവിനെ കുടുക്കിയിരിക്കുന്നത് ഒരിക്കൽ ഉറ്റ സുഹൃത്തായിരുന്ന യുവതിയാണ്. ലിജു സംവിധാനം ചെയ്യുന്ന സിനിമ പടവെട്ടിന്റെ അണിയറക്കാരി കൂടിയാണ് പൊലീസിൽ പരാജി നൽകിയിരിക്കുന്നത്.

ലിജു കൃഷ്ണയുടെ കസ്റ്റഡിയോടെ പ്രതിസന്ധിയിൽ ആയിരിക്കുന്നത് നിവിൻ പോളി അണിനിരക്കുന്ന സിനിമയാണ്. കാക്കനാട് സ്വദേശിനിയാണ് പരാതിക്കാരി. ഇവരെ 2020 ഡിസംബർ മുതൽ ജൂൺ 2021 വരെയുള്ള കാലയളവിൽ കാക്കനാട്ടെ വസതിയിൽ വെച്ചും എടത്തല, കണ്ണൂർ പ്രദേശങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നുമാണ് പരാതിയിൽ ഉള്ളത്. സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവതി പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്റഫോ പാർക്ക് പൊലീസ് ഇടപെട്ടാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.

നിവിൻ പോളിയും അദിതി രവിയും പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് പടവെട്ട്. മഞ്ജു വാര്യർ ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന സിനിമ കൂടിയായിരുന്നു ഇത്. പടവെട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവതിയാണ് പരാതിക്കാരിയും. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയിൽ യുവതി നൽകിയ പരാതി സിറ്റി പൊലീസ് കമീഷണർക്ക് കൈമാറുകയായിരുന്നു.

കമീഷണറുടെ നിർദ്ദേശപ്രകാരം ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. ശനിയാഴ്ച നടിമാരായ പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ് എന്നിവർക്കൊപ്പം യുവതി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കണ്ണൂരിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇയാൾ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സണ്ണി വെയ്ൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ മൊമന്റ് ജസ്റ്റ് ബിഫോർ ഡെത്ത് എന്ന നാടകത്തിൽ സണ്ണി വെയ്നും ലിജു കൃഷണയും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഇയാൾ നിർമ്മിച്ച നാടകം സണ്ണി വെയ്ൻ ആയിരുന്നു സംവിധാനം ചെയ്തത്.

കണ്ണൂരിലാണ് പടവെട്ടിന്റെ പ്രധാന ലൊക്കേഷൻ. ഇവിടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്. ഇതേതുടർന്ന് തുടർചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷനിൽ എത്തി സംവിധായകനെ അറസ്റ്റു ചെയ്തതോടെ നിവിൻ പോളി നായികനാകുന്ന സിനിമയും പ്രതിസന്ധിയിലായി.

നേരത്തെ മഞ്ജു വാര്യർ അഭിനയിച്ച സിനിമയിലെ നടനായ ശ്രീകാന്ത് വെട്ടിയാറിനെതിരെയും പീഡന ആരോപണം ഉയർന്നിരുന്നു. വെള്ളരിക്കാ പട്ടണം എന്ന സിനിമയിൽ അഭിനയിക്കുന്ന വേളയിലാണ് ശ്രീകാന്തിനെതിരെ പീഡന ആരോപണം ഉയർന്നത്.