പത്തനംതിട്ട: മീശ മാധവൻ സിനിമയിൽ സലിം കുമാർ പറഞ്ഞതു പോലെ ഒടുക്കത്തെ ബുദ്ധിയാണ് നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകാർക്ക്. അത് വല്യേട്ടനോ കൊച്ചേട്ടനോ എന്ന വ്യത്യാസമില്ല. മത്രൊൻ കായലിലും മറ്റും കൃഷിയിറക്കാൻ ഇറങ്ങുന്ന കൃഷി മന്ത്രി വി എസ് സുനിൽകുമാറിന് ഇത്തരം ചെറിയ വയൽ നികത്തലിനോടുള്ള നിലപാട് ഇനിയും വ്യക്തമല്ല.

പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ റിങ് റോഡിന് ചുറ്റും അവശേഷിച്ചിരുന്ന വയൽ കൂടി ക്വട്ടേഷൻ എടുത്തു നികത്തിയ പ്രാദേശിക സിപിഐ-സിപിഐ(എം) നേതാക്കന്മാർ അവിടൊക്കെ കുലച്ചതടക്കമുള്ള വാഴയും തെങ്ങുമൊക്കെ മൂടോടെ പിഴുതു കൊണ്ടുവന്ന് സ്ഥാപിച്ചിരിക്കുകയാണ്. ഇതിപ്പോഴല്ല, പുരാതന കാലത്ത് നികത്തിയതാണ് എന്ന് വ്യക്തമാക്കുകയാണ് ലക്ഷ്യം. എന്നിട്ടോ വ്യാപകമായ വയൽ നികത്തൽ തടയണം എന്നാവശ്യപ്പെട്ട് കിടിലൻ പ്രസ്താവനയും സമരവും.

നികത്തിയവർ തന്നെ സ്വന്തം പേരിൽ ഇറക്കിയിരിക്കുന്ന പ്രസ്താവന കണ്ട് അന്തം വിട്ടു നിൽക്കുകയാണ് നാട്ടുകാർ. രണ്ടുമൂട് വാഴയും 10 ലോഡ് പച്ചമണ്ണമുണ്ടെങ്കിൽ ഏതു വയലും നികത്താമെന്നതാണ് ജില്ലാ ആസ്ഥാനത്തെ സ്ഥിതി. കൊടി കുത്താനും ഊരിമാറ്റാനും വലിയേട്ടനും കൊച്ചേട്ടനും ഉണ്ടാകും. പ്രാദേശിക നേതാക്കളെ കാണേണ്ട പോലെ കണ്ടാൽ മാത്രം മതി. അല്ലെങ്കിൽ അവർക്ക് ക്വട്ടേഷൻ കൊടുക്കണം. ഒറ്റരാത്രി കൊണ്ട് മണ്ണടിച്ച് കുലച്ചതും അല്ലാത്തതുമായ വാഴയും വേണമെങ്കിൽ രണ്ടു തെങ്ങും വച്ച് നികത്തൽ നിയമവിധേയമാക്കിയും തരും. ഇതിന് പിന്നാലെയുള്ള നിയമപ്രശ്‌നങ്ങൾ മറികടന്ന് നിലം പുരയിടമാക്കുന്ന ജാലവിദ്യയും ഇവരുടെ കൈയിലുണ്ട്.

യു.ഡി.എഫിൽനിന്ന് സംസ്ഥാന ഭരണം എൽ.ഡി.എഫിലേക്ക് മാറിയ വേളയിലാണ് റിങ് റോഡിന് ചുറ്റും മൈലപ്രയിലും വയൽ നികത്തൽ പൂർവാധികം ശക്തിയായത്. ആറ•ുളയിൽ വിമാനത്താവളത്തിനായി നികത്തിയ സ്ഥലത്ത് കൃഷിയിറക്കാൻ വെമ്പുന്ന മന്ത്രിയുടെ പാർട്ടിക്കാരാണ് നികത്തൽ ക്വട്ടേഷൻ എടുത്തിരിക്കുന്നത്. ദോഷം പറയരുതല്ലോ, സിപിഎമ്മിന്റെ നേതാക്കൾക്കും ഇതിൽ മനസറിവുണ്ട്. മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ ഇത് വാർത്തയാക്കിയപ്പോൾ ചുവന്ന കൊടികുത്തലിന്റെ ബഹളം തന്നെ നടന്നു. പക്ഷേ, അതൊക്കെ നികത്തുന്നതിന് പടി കൊടുക്കാത്തവരുടെ പറമ്പിലായിരുന്നുവെന്ന് മാത്രം. നിലം നികത്തലിന് എതിരേ ഘോരഘോരം പ്രസംഗിക്കുന്നവരുടെ പ്രവൃത്തി മാദ്ധ്യമങ്ങൾ തുറന്നു കാണിച്ചപ്പോൾ മാനക്കേട് തോന്നി പ്രസ്താവനയുമായി ഇറങ്ങിയവരും കുറവല്ല. സ്വന്തം പാർട്ടിക്കുള്ളിലെ ഉൾപ്പോരിന്റെ പേരിൽ കൊടികുത്തിയവരും ഉണ്ട്.

എന്തായാലും, ജില്ലാ ആസ്ഥാനത്തെ റിങ് റോഡിന് ചുറ്റും അവശേഷിച്ചിരുന്ന പാടങ്ങൾ കരഭൂമിയായി മാറി. നിലം നികത്തിയിട്ട് രണ്ടു വാഴയോ മൂന്നു തെങ്ങോ നട്ടുകഴിഞ്ഞാൽ അത് കരയായി മാറിയെന്നാണ് നാട്ടുനടപ്പ്. രേഖകളിൽ തിരുത്തൽ വരുത്താൻ സർക്കാർ ഓഫീസുകളിൽ പിടിപാടുള്ളവരാണ് ക്വട്ടേഷൻ എടുക്കുന്നത്. നഗരസഭയിൽ ഒരു ഇടതു കൗൺസിലറുടെ ഭർത്താവിന്റെ പേരാണ് നികത്തലിന് ക്വട്ടേഷൻ എടുത്തവരുടെ കൂട്ടത്തിൽ ഉയർന്നു കേൾക്കുന്നത്. ഈ മേഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ളവരും രംഗത്തുണ്ട്. ഭരണം മാറിയപ്പോൾ ധൃതി പിടിച്ച് നടത്തുന്ന നികത്തലിന്റെ പേരിൽ മാനഹാനിയുണ്ടാകുമെന്ന് വന്നതോടെ അത് ഒരു പ്രസ്താവന ഇറക്കി മറികടക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്.

മൈലപ്ര പഞ്ചായത്ത് ഒമ്പതാം വാർഡിൽ കുമ്പഴ വടക്ക് എസ്.എൻ.വി.യു.പി.എസിന് സമീപം രണ്ടര ഏക്കറോളം വരുന്ന കുന്നിൻ പുരയിടം ഇടിച്ചു നിരത്താൻ തുടങ്ങിയിട്ട് മാസമൊന്നു കഴിയുകയാണ്. ഏഴു മീറ്റർ ഉയരമുള്ള കുന്നാണ് ഇടിക്കുന്നത്. വലിയ ടോറസ് ലോറിയിൽ കൊണ്ടുപോകുന്ന മണ്ണ് വയൽ നികത്തുന്നതിനാണ് ഉപയോഗിക്കുന്നത്. കുന്നിടിച്ചത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. സമീപത്തെ കിണറുകളിലെ വെള്ളംവറ്റി. കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇവിടെ നിന്ന് മണ്ണു കൊണ്ടുപോകുന്നത് കാരണം സംസ്ഥാനപാതയിൽ ചെളിരൂപം കൊണ്ടിരിക്കുകയാണ്. മഴ കൂടി പെയ്യുന്നതോടെ വാഹനങ്ങൾ ഇതിൽ തെന്നിമറിയുന്നു.

മൈലപ്ര വില്ലേജിൽ പള്ളിപ്പടി ഭാഗത്തും നിലംനികത്തൽ വ്യാപകമാണ്. തോട് കൈയേറി കെട്ടിയടച്ചതിനാൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂപം കൊള്ളും. അഞ്ചു വീടുകൾ വെള്ളം കയറി ദുരിതത്തിലാകും. കെട്ടിയടച്ച തോട് പുനഃസ്ഥാപിക്കണമെന്ന അടൂർ ആർ.ഡി.ഓയുടെ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല. തോട് പുറമ്പോക്ക് കൈയേറി കെട്ടിയടച്ചിട്ടുമുണ്ട്. മുൻപ് പഞ്ചായത്തിലും മറ്റും നൽകിയ പരാതി പൊട്ടി തട്ടിയെടുത്ത് ഓർമപ്പെടുത്തലുമായി ഒരു നിവേദനം കൂടി സിപിഐ(എം) ജില്ലാ കലക്ടർക്ക് നൽകിയിട്ടുണ്ട്. പാർട്ടിക്കും ഭരണകൂടത്തിനുമെതിരേ ആരോപണം ഉയർന്നപ്പോഴാണ് വീണ്ടും ഇവർ ശക്തമായി രംഗത്ത് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഇവർ കുറ്റം പറയുന്നത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിനെയാണ്. ഇപ്പോഴാണ് നികത്തൽ നടക്കുന്നതെന്ന കാര്യം സൗകര്യപൂർവം വിസ്മരിച്ചാണ് പ്രസ്താവന.