കൊല്ലം: രാജ്യത്തെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തിനു കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം നൽകുന്ന ദീൻ ദയാൽ ഉപാധ്യായ ശാക്തീകരൺ പുരസ്‌കാർ 2020- 21 വർഷത്തിൽ നേടിയ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട പഞ്ചായത്ത് ഒരു പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കയാണ്. . പഞ്ചായത്തിലെ ജനങ്ങളിൽ പാതി വഴിയിൽ പഠനം നിന്നുപോയവരെ കണ്ടെത്തി അവരെ മുഴുവൻ ബിരുദ ധാരികളാക്കി മാറ്റുക എന്നൊരു ബ്രഹത്തായ പദ്ധതിക്ക് രൂപം കൊടുത്തു കഴിഞ്ഞു. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ് സിറ്റിയുമായി ചേർന്നാണ് ഈ നുതന വിദ്യാഭ്യാസ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നത്.'

പ്രവർത്തന മികവിനുള്ള കേന്ദ്ര പഞ്ചായത്ത്രാജ് മന്ത്രാലയത്തിന്റെ പുരസ്‌കാരം നേടിയ ഈ പഞ്ചായത്ത് ഇത്തരമൊരു പദ്ധതിക്ക് രൂപം കൊടുക്കുന്നതിന് പിന്നിൽ ദീർഘകാല പദ്ധതി തന്നെ യുണ്ട്. ഈ പഞ്ചായത്തി ലെ നിരവധി സ്ത്രീകൾ അവരുടെ ജീവിത വഴികളിലെ പല കാരണങ്ങൾ നിമിത്തം പാതി വഴിയിൽ പഠിത്തം ഉപേക്ഷിക്കേണ്ടി വന്നവരാണ്. പല സഹോദരി മാരും തങ്ങളുടെ പഠിത്തം മുടങ്ങിപ്പോയതിലും ബിരുദം നേടാൻ കഴിയാത്തതിലുമൊക്കെ തന്നോട് ദുഃഖം പങ്ക് വെച്ച സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പലരുടേയും ഇത്തരം അനുഭവങ്ങൾ കേട്ടതോടെ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് പഞ്ചായത്ത് സമിതി കൂട്ടായി തീരുമാനിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

ഒരു പക്ഷേ, രാജ്യത്ത് ഇതാദ്യമായിട്ടാവാം ഒരു ഗ്രാമ പഞ്ചായത്ത് അവിടുത്തെ ജനങ്ങളെ മുഴുവൻ ഗ്രാഡ്വേറ്റുകളാക്കാനുള്ള ദൗത്യമേറ്റെടുക്കുന്നത്. ഈ വിഷയം ഞങ്ങൾ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി അധികൃതരുമായി സംസാരിച്ചു. സർവ്വകലാശാലയുടെ ഭാഗത്ത് നിന്ന് സമ്പൂർണ്ണ പിന്തുണയാണ് ഞങ്ങൾക്ക് ലഭിച്ചതെന്ന് ഉണ്ണികൃഷ്ണ ൻ പറഞ്ഞു.

തുടക്കമെന്ന നിലയിൽ പ്ലസ്ടുവിൽ പഛനം പൂർത്തിയായവരെ കണ്ടെത്തി അവർക്കനുയോജ്യമായ കോഴ്‌സുകൾ പഠിപ്പിക്കാനാണ് ആലോചിക്കുന്നത്. അതുപോലെ ബിരുദം പൂർത്തിയായവർക്ക് പിജിക്ക് പഠിക്കണമെന്നു ണ്ടെങ്കിൽ അതിനും അവസരമുണ്ടാക്കും. 12 ബിരുദ കോഴ്‌സുകളും അഞ്ച് ബിരുദാനന്തര ബിരുദ കോഴ്‌സുകളുമാണ് ശ്രീനാരായണ ഗുരു സവർകലാശാല നൽകുന്നത് - തുടക്കത്തിൽ 50 വയസിൽ താഴെ ഉള്ളവരെ ഉദ്ദേശിച്ചായിരുന്നു ഈ പദ്ധതി തുടങ്ങാനിരുന്നത്. പക്ഷേ, പഠിക്കാൻ താൽപര്യമുള്ള ഏത് പ്രായക്കാരെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഗ്രാമസഭയിൽ ഈ വിഷയം ചർച്ചക്ക് വന്നപ്പോൾ ഈ പദ്ധതിയെക്കുറിച്ച് ഒരു പാട് പേർ താൽപര്യം പ്രകടിപ്പിച്ചു. അതോടെ പ്രായഭേദമെന്യേ ആർക്കും പഠിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും നേടാൻ അവസരം കൊടുക്കാൻ ഏകകണ്ഠമായി പഞ്ചായത്ത് സമിതി തീരുമാനിച്ചുവെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പഞ്ചായത്തിലെ എല്ലാവരേയും ബിരുദധാരികളാക്കുക എന്ന ഏക ലക്ഷ്യം മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഗുണഭോക്താക്കളെ കണ്ടെത്താൻ പഞ്ചായത്തിലെ 14 വാർഡുകളിലും വിപുലമായ സർവ്വെ നടത്തും. താൽപര്യമുള്ളവരെ കണ്ടെത്തി അവരെ പഠിപ്പിക്കാൻ പ്രോത്സാഹിപ്പിക്കും, അതിനവസരമുണ്ടാക്കും. വിമുഖത കാണിക്കുന്നവരുമായി സംസാരിച്ച്, കാര്യങ്ങൾ മനസിലാക്കി ഈ മഹത്തായ ലക്ഷ്യത്തിലേക്ക് അവരെക്കൂടി പങ്കാളികളാക്കും. ജൂലൈക്കു മുമ്പായി പഠിതാക്കളെ കണ്ടെത്തി രജിസ്‌ട്രേഷൻ പൂർത്തിയാക്കി ക്ലാസുകൾ തുടങ്ങണമെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

ഈ പഞ്ചായത്തിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും കൃഷിക്കാരും മത്സ്യത്തൊഴിലാളികളുമാണ്. നിരവധി പേർ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളാണ്, തുശ്ചമായ വരുമാനം മാത്രമുള്ള ജനതയാണ് ഇവിടുത്തേത്. വിദ്യാഭ്യാസം കൊടുക്കുന്നതോടൊപ്പം തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കാനുമുള്ള പരിപാടികൾക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നതെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

പടിഞ്ഞാറെ കല്ലട ഗ്രാമത്തെ ടൂറിസം പ്രാധാന്യമുള്ള പ്രദേശമായി വളർത്തിക്കൊണ്ടു വരാനാണ് ശ്രമിക്കുന്ന തെന്നദ്ദേഹം പറഞ്ഞു. ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം കൊടുക്കുന്ന പദ്ധതികൾക്ക് രൂപം കൊടുത്തു വരികയാണ്.

അതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ തരിശ് കിടക്കുന്ന പാടങ്ങളിൽ വെള്ളത്താമര കൃഷി വ്യാപകമാക്കിയിട്ടുണ്ട്. പൂത്തു നിൽക്കുന്ന താമരപ്പാടങ്ങൾ കാണാൻ ധാരാളം പേരാണ് പടിഞ്ഞാറെ കല്ലടയിലെത്തുന്നത്. താമരപ്പൂക്കളെ വാരിച്ചൂടി നിൽക്കുകയാണ് പടിഞ്ഞാറെ കല്ലട ഗ്രാമം. കാക്കത്തോപ്പ് മുണ്ടകൻ പാടത്താണ് വെള്ളത്താമരകൾ വിരിഞ്ഞു നിൽക്കുന്നത്. തങ്ങളുടെ ഗ്രാമത്തെ ഗ്രാമീണ ചാരുതകൾ നിറഞ്ഞു നിൽക്കുന്ന പ്രദേശമായി വളർത്തിയെടുത്ത് ടൂറിസം ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.