തിരുവനന്തപുരം: പത്മാപുരസ്‌കാരങ്ങൾക്ക് കേരളം കേന്ദ്രത്തിന് നൽകിയത് 42 പേരുടെ ശുപാശയായിരുന്നു. കേരളം പത്മവിഭൂഷണ് നിർദ്ദേശിച്ചത് എംടി വാസുദേവൻ നായരുടെ പേരായിരുന്നു. പത്മഭൂഷണ് കലാമണ്ഡലം ഗോപീ ആശാൻ, മമ്മൂട്ടി, മോഹൻലാൽ, പെരുവനം കുട്ടന്മാരാർ, സുഗതകുമാരി, ഫിലപ്പോസ് മാർ ക്രിസോസ്റ്റം എന്നിവരുടെ പേരും ശുപാർശ ചെയ്തു. പത്മശീ പുരസ്‌കാരത്തിന് അടക്കം 42 പേരെ ശുപാർശ ചെയ്തു. സൂര്യകൃഷ്ണമൂർത്തി, ജികെ പിള്ള, ഡോ വിപി ഗംഗാധരൻ, നെടുമുടി വേണു, ഐഎം വിജയൻ, ടി പത്മനാഭൻ, എംകെ സാനു, ടി പത്മനാഭൻ സി രാധാകൃഷ്ണൻ എന്നിവരും പട്ടികയിൽ ഉണ്ടായിരുന്നു.

ഇതിൽ കേന്ദ്രം കണ്ടത് ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ പേരു മാത്രമായിരുന്നു. പട്ടികയ്ക്ക് പുറത്തു നിന്ന് മൂന്ന് പേർക്ക് പത്മ പുരസ്‌കാരം നൽകുകയും ചെയ്തു. ഇതിൽ ആർഎസ്എസ് ത്വാതികാചാര്യനായ പി പരമേശ്വരന് പത്മവിഭൂഷൺ നൽകുകയും ചെയ്തു. ഇത് കേരളത്തെ ആലോസരപ്പെടുത്തുന്നുണ്ട്. എംടിക്ക് കൊടുക്കാതെ പി പരമേശ്വരനെ ആദരിച്ചത് ആർ എസ് എസുകാരനായതു കൊണ്ട് മാത്രമാണെന്ന് സർക്കാർ വിലയിരുത്തുന്നു. ഇതിനൊപ്പം പത്മശ്രീയ്ക്ക് പോലും കേരളത്തിന്റെ പട്ടികയിൽ നിന്ന് ആരേയും പരിഗണിച്ചില്ല. ഈ സാഹചര്യത്തിൽ ഭാവിയിൽ ഇത്തരമൊരു പട്ടിക കൊടുക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കുകയാണ് സംസ്ഥാന സർക്കാർ.

വളരെ നേരത്തെ തന്നെ മന്ത്രി എകെ ബാലന്റെ നേതൃത്വത്തിൽ പത്മപുരസ്‌കാര ശുപാർശ പട്ടിക കേരളം തയ്യാറാക്കിയിരുന്നു. എന്നിട്ടും തീർത്തും അവഗണനയാണുണ്ടായത്. ഈ സാഹചര്യത്തിൽ അടുത്ത വർഷം മുതൽ ഈ പട്ടിക കേന്ദ്രത്തിന് നൽകേണ്ടതുണ്ടോയെന്ന് കേരള സർക്കാർ ആലോചിക്കുന്നുണ്ട്. അപമാനിക്കപ്പെടാനായി പട്ടിക നൽകേണ്ടതില്ലെന്നാണ് സർക്കാരിന്റെ പൊതുവേയുള്ള വിലയിരുത്തൽ. പരസ്യ വിവാദങ്ങൾക്ക് ഇല്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ആലോചന സർക്കാർ തലത്തിൽ സജീവമാണ്.

കേന്ദ്രം പത്മശീ നൽകിയവർ അതിന് അർഹതപ്പെട്ടവരാണ്. അതുകൊണ്ട് അവരുടെ കാര്യത്തിൽ സർക്കാർ വിവാദങ്ങൾക്കില്ല. പാലിയേറ്റീവ് കെയറിൽ അഗ്രഗണ്യനായ എംആർ രാജഗോപാലിനേയും പാരമ്പര്യവൈദ്യത്തിലെ ലക്ഷ്മി കുട്ടിയമ്മയേയും കേന്ദ്ര സർക്കാർ സ്വന്തം നിലയിലാണ് ഉൾപ്പെടുത്തിയത്. പത്മാപുരസ്‌കാരത്തിന് നാമനിർദ്ദേശം സമർപ്പിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. ഈ സംവിധാനത്തിലൂടേയാണ് രണ്ട് പേരുടേയും പേരുകൾ കേന്ദ്ര സർക്കാരിന് മുമ്പിലെത്തിയതെന്നാണ് സൂചന. കേരളത്തിലെ ബിജെപി നേതൃത്വവും ചില പേരുകൾ മുന്നോട്ട് വച്ചു. ഇതും കേന്ദ്രം കാര്യമായെടുത്തില്ല. ഇത് ബിജെപി സംസ്ഥാന ഘടകത്തേയും ആലോസരപ്പെടുത്തുന്നുണ്ട്.

പി പരമേശ്വരന് പത്മവിഭൂഷൺ നൽകണമെന്നത് ആർഎസ്എസ് കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യമായിരുന്നു. നരേന്ദ്ര മോദിയുടെ ഗുരുനാഥനായ പരമേശ്വരന് പത്മവിഭൂഷൺ സർക്കാർ ആദ്യമേ നൽകണമെന്ന അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ ഇത് അംഗീകരിക്കപ്പെട്ടില്ല. ഇത് വിമർശനത്തിന് വഴിയൊരുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആർഎസ്എസ് ചിന്തകനായ പരമേശ്വരന് പത്മവിഭൂഷൺ നൽകുന്നത്. എബി വാജ്‌പേയിയുടെ ഭരണകാലത്ത് പരമേശ്വരന് പത്മശ്രീയും നൽകിയിരുന്നു. എംടിയെ പോലൊരൊളെ മറികടന്ന് പരമേശ്വരന് പത്മശ്രീ നൽകിയത് ശരിയോ എന്ന ചോദ്യമാണ് സംസ്ഥാന സർക്കാരിനുള്ളത്. പൊതു പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലിന് നൽകിയ വിവരാവകാശ നിയമ പ്രകാരമുള്ള മറുപടിയിലാണ് ഇക്കാര്യ വ്യക്തമാകുന്നത്.

സാധാരണ സംസ്ഥാന സർക്കാരുകൾ നൽകുന്ന പട്ടികയിൽ പ്രഞ്ചിയേട്ടന്മാർ കയറികൂടുക പതിവാണ്. എന്നാൽ ഇത്തവണ കേരളം നിർദ്ദേശിച്ച പട്ടികയിൽ പ്രാഞ്ചിയേട്ടന്മാരും ഇല്ലായിരുന്നു. അർഹതപ്പെട്ട 42പേരുടെ പേരുകൾ മാത്രമാണ് മുന്നോട്ട് വച്ചത്. സംഘപരിവാറിനെതിരെ ഈ അടുത്ത കാലത്ത് എംടി ചില വിമർശനങ്ങൾ ഉയർന്നിരുന്നു. തിരൂരിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ നോട്ട് അസാധുവാക്കലിനെതിരായ പുസ്തകം പ്രകാശനം ചെയ്ത എംടി നോട്ട് അസാധുവാക്കലിനെ വിമർശിച്ചിരുന്നു. നോട്ട് അസാധുവാക്കിയ രാജ്യങ്ങളെ ഉദാഹരണമാക്കിയായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ 'കള്ളപ്പണവേട്ട മിഥ്യയും യാഥാർഥ്യവും' എന്ന പുസ്തകം പ്രകാശിപ്പിച്ച് എംടി സംസാരിച്ചത്.

ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ നോട്ട് അസാധുവാക്കൽ വൻ ആപത്താണ് വഴിവെച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കട്ടി. മാത്രമല്ല, പുതിയ പരിഷ്‌കാരത്തെ തുഗ്ലക്കിന്റെ ഭരണവുമായി അദ്ദേഹം താരതമ്യം ചെയ്യുകയും ചെയ്തു. കേന്ദ്ര സർക്കാരിനെതിരെ കുറിക്കുകൊള്ളുന്ന വാക്കുകൾ ഉപയോഗിച്ചാണ് എംടി പ്രസംഗിച്ചത്. ഇതിനെ ബിജെപി എതിർക്കുകയും ചെയ്തു. ഇതുകൊണ്ടാണ് അർഹതപ്പെട്ട എംടിക്ക് പുരസ്‌കാരം നൽകാത്തതെന്നാണ് ഉയരുന്ന വിമർശനം. സുഗതകുമാരിക്ക് അർഹതപ്പെട്ട പത്മഭൂഷണും നൽകിയില്ല. മോഹൻലാലിനേയും മമ്മൂട്ടിയേയും ഒരുമിച്ച് നിർദ്ദേശിച്ചതു കൊണ്ട് രണ്ട് പേർക്കും കൊടുത്തില്ലെന്ന വിമർശനവും ഉണ്ട്. മോഹൻലാലിന് കൊടുക്കാൻ ചില ആർഎസ്എസ് കേന്ദ്രങ്ങൾ സമ്മർദ്ദം ചെലുത്തിയിരുന്നു.

എന്നാൽ സിപിഎം സഹയാത്രികനായ മമ്മൂട്ടിയെ തഴഞ്ഞ് മോഹൻലാലിന് കൊടുക്കാനാവില്ല. പത്മശ്രീ ആദ്യം കിട്ടിയത് മമ്മൂട്ടിക്കാണ്. ഈ സാഹചര്യത്തിൽ മോഹൻലാലിനേയും കേന്ദ്ര സർക്കാർ ഒഴിവാക്കുകയായിരുന്നുവെന്നാണ് സൂചന.