ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡ് വലിയ പ്രതിസന്ധിയിലാണ്. യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധിയാണ് ഇതിന് കാരണം. ഇത് മൂലമുണ്ടായ പ്രതിസന്ധിയിൽ ശബരിമലയിൽ ഈ മണ്ഡലകാലത്ത് എത്തിയ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വൻ കുറവുണ്ടായതായി ദേവസ്വം ബോർഡിന്റെ കണക്ക്. മകരവിളക്ക് സമയത്ത് കൂടുതൽ പേരെത്തുമെന്നാണ് പ്രതീക്ഷ. മകരവിളക്ക് തീർത്ഥാടനവും പ്രതിഷേധങ്ങളിൽ നിറഞ്ഞാൽ നടവരവിൽ വലിയ കുറവ് വരും. ഇത് മൂലം ബോർഡിന് ശമ്പളം പോലും കൊടുക്കാനാവത്ത അവസ്ഥയുണ്ടാകും. ഇതോടെ യുവതി പ്രവേശനത്തിലെ സർക്കാർ നിലപാടിനെ പോലും തള്ളി പറയുകയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ.

ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി വേണ്ടവിധം പ്രവർത്തിക്കുന്നില്ലെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിമർശനം തള്ളുകയുമാണ് പത്മകുമാർ. സമിതിയിൽ നിന്നു നല്ല നിലയ്ക്കുള്ള സഹായമാണു ബോർഡിനു ലഭിക്കുന്നത്. മന്ത്രിയുടെ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കണം. ബോർഡിന്റെ അഭിപ്രായം ഇതാണ്- പത്മകുമാർ പറഞ്ഞു. അയ്യപ്പജ്യോതിയും വനിതാമതിലും ശബരിമലയെ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. ഇതുവരെ ശരണം വിളിക്കാത്തവരും ശരണം വിളിച്ചു തുടങ്ങി എന്നതാണു നല്ല കാര്യമെന്നും പറയുന്നു. ഇതോടെ സർക്കാരിന്റെ കണ്ണില കരടായി പത്മകുമാർ മാറുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ശബരിമലയിൽ രാഷ്ട്രീയമായ ഭീതിപ്പെടുത്തലും പ്രശ്‌നങ്ങളും ഭക്തരുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. യുവതികൾ ശബരിമലയിൽ ദർശനത്തിനായി വരരുത് എന്ന നിലപാടാണു തനിക്കു മുൻപും ഇപ്പോഴുമുള്ളത്. അതേ സമയം താൻ സർക്കാരിനും ബോർഡിനും വിധേയനാണ്. യുവതീദർശനം അനുവദിക്കരുതെന്നാണു ദേവസ്വം ബോർഡ് സുപ്രീം കോടതിയിലും വാദിച്ചതെന്നും പത്മകുമാർ പറയുന്നു. ഫലത്തിൽ യുവതി പ്രവേശനത്തിലെ സർക്കാർ നിലപാടിനെ തള്ളുകയാണ് ദേവസ്വം ബോർഡ്. സാമ്പത്തിക പ്രതിസന്ധിയെത്തിയപ്പോഴാണ് ഇത്തരത്തിൽ പരസ്യ നിലപാട് എടുക്കാൻ ബോർഡ് പ്രസിഡന്റ് തയ്യാറാകുന്നതും.

ചൊവ്വാഴ്ച വരെ (39 ദിവസം) 30 ലക്ഷത്തിലേറെ തീർത്ഥാടകരാണ് എത്തിയത്. കഴിഞ്ഞ മണ്ഡലകാലത്ത് ഇത്രയും ദിവസം കൊണ്ട് 68 ലക്ഷം പേരാണു വന്നതെന്നും അതിനപ്പുറം പറയുന്ന കോടികളുടെ കണക്കു പെരുപ്പിച്ചു കാട്ടിയതാണെന്നും പത്മകുമാർ പറഞ്ഞു.ഈ കണക്കനുസരിച്ചും മുൻ വർഷത്തിന്റെ പകുതി തീർത്ഥാടകർ പോലും ഇത്തവണ എത്തിയില്ലെന്നു വ്യക്തം. ആകെ വരുമാനം കഴിഞ്ഞ വർഷം 39 ദിവസം കൊണ്ട് 164.03 കോടിയായിരുന്നെങ്കിൽ ഇത്തവണ 105.11 കോടിയാണ്. കുറവ് 58.92 കോടി. ചില്ലറ എണ്ണി തീർക്കാനുണ്ട്. പ്രധാന വരുമാന മാർഗങ്ങളായ കാണിക്ക ഇനത്തിൽ 42.33 കോടിയും (കഴിഞ്ഞ വർഷം 59.69 കോടി) അരവണ വിൽപ്പനയിലൂടെ 40.99 കോടിയും (മുൻ വർഷം 70.68 കോടി) അപ്പം വിൽപനയിലൂടെ 3.88 കോടിയുമാണ് (മുൻ വർഷം 12.19) വരവ്.

ഇത്തവണ കാണിക്കയിൽ 17.36 കോടിയുടെയും അരവണയിൽ 29.69 കോടിയുടെയും അപ്പത്തിൽ 8.31 കോടിയുടെയും കുറവ്. 18-ാം പടിയിലൂടെ പൊലീസിനെ ഉപയോഗിച്ചു പരമാവധി ശ്രമിച്ചാലും ഒരു മിനിറ്റിൽ 100 പേരെ വരെ മാത്രമേ കടത്തിവിടാനാവൂവെന്നും ദിവസവും 20 മണിക്കൂർ കണക്കിൽ മണ്ഡലകാലത്തെ 41 ദിവസത്തിനുള്ളിൽ 72 ലക്ഷം ഭക്തർക്കു മാത്രമേ പടി ചവിട്ടാനാവൂവെന്നുമാണു ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കുന്ന കണക്ക്.

യുവതീ പ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ ചരിത്ര വിധി എന്നു വിശേഷിപ്പിച്ചവരാണു വിധിക്കെതിരായി ആളുകൾ കൂടുന്നതു കണ്ട് അതിന്റെ മുന്നിൽ കയറി നിന്നു ക്രെഡിറ്റ് എടുക്കുന്നത്. ദേവസ്വം ബോർഡ് രാഷ്ട്രീയം കളിക്കാൻ ഉദ്ദേശിക്കുന്നില്ല. തീർത്ഥാടനം അട്ടിമറിക്കാനുള്ള പല ശ്രമങ്ങളുമുണ്ടായിട്ടും അതെല്ലാം പൊലീസ് നന്നായി കൈകാര്യം ചെയ്തു. ബേസ് ക്യാംപായ നിലയ്ക്കലിൽ കുടിവെള്ള പദ്ധതിയും മലിനജല സംസ്‌കരണ പ്ലാന്റും ഉൾപ്പടെയുള്ള കുടുതൽ സൗകര്യങ്ങൾ അടുത്ത തീർത്ഥാടന കാലത്തിനു മുൻപ് ഒരുക്കും - പ്രസിഡന്റ് അറിയിച്ചു.