പുനലൂർ: എസ്.എൻ.ഡി.പി യോഗത്തിന്റെ ലേബലിൽ യു.ഡി.എഫ് സർക്കാരിൽനിന്നു കിട്ടിയ കെപ്‌കോയുടെ ചെയർമാൻ സ്ഥാനം പത്തനംതിട്ട യൂണിയൻ ചെയർമാൻ കെ. പത്മകുമാർ ഒഴിഞ്ഞു.

എസ്.എൻ.ഡി.പി യോഗം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ യു.ഡി.എഫുമായി സഹകരിക്കാൻ കഴിയാത്തതിനാലാണ് സ്ഥാനത്യാഗം ചെയ്യുന്നതെന്ന് പത്മകുമാർ സ്ഥാനം ഒഴിഞ്ഞുകൊണ്ട് എഴുതിയ കത്തിൽ വ്യക്തമാക്കി. ഇത്തരത്തിൽ സ്ഥാനങ്ങൾ ഒഴിയാൻ വെള്ളാപ്പള്ളിയും നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. എന്നാൽ എസ്എൻഡിപിയിലെ മറ്റാരും ഇത് പാലിക്കുന്നുമില്ല.

എസ്.എൻ.ഡി.പിക്ക് സർക്കാർ നൽകിയ പിന്നാക്ക ക്ഷേമകോർപ്പറേഷൻ ചെയർമാൻ സ്ഥാനം മോഹൻ ശങ്കറും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിലെ പ്രാതിനിധ്യം അടിമാലി യൂണിയൻ ചെയർമാൻ അനിൽ തറനിലവും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം ദിനേശനും ഒഴിയാൻ തയാറായിട്ടില്ല. വെള്ളാപ്പള്ളിയുടെ പാർട്ടിയുമായി സഹകരിക്കാതെ യു.ഡി.എഫിൽ തന്നെ നിൽക്കുന്നതു കൊണ്ടാണ് മോഹൻ ശങ്കർ രാജിവയ്ക്കാത്തത്. മോഹൻശങ്കർ രാജിവയ്ക്കില്ലെന്നും വ്യക്തമാണ്. എന്നാൽ മറ്റു രണ്ടുപേരും രാജിവയ്ക്കാത്തതിന്റെ കാര്യം വ്യക്തമല്ല.

കേരളാ കോൺഗ്രസ് (എം) മുഖേനയാണ് കെപ്‌കോ ചെയർമാൻ സ്ഥാനം എസ്.എൻ.ഡി.പിക്കു കിട്ടിയത്. അതുകൊണ്ടു തന്നെ പാർട്ടി ചെയർമാൻ കെ.എം. മാണിക്കാണ് ഒഴിയാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ട് പത്മകുമാർ കത്തു നൽകിയത്. കഴിഞ്ഞ 15 നാണ് പത്മകുമാർ സ്ഥാനം ഒഴിഞ്ഞത്. 16 ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലും ചെയർമാൻ പങ്കെടുത്തില്ല. വെള്ളാപ്പള്ളി നടേശൻ സമത്വ മുന്നേറ്റയാത്ര തുടങ്ങിയപ്പോൾ തന്നെ അതിൽനിന്ന് വിട്ടുനിൽക്കാൻ സർക്കാർ പത്മകുമാറിനും മോഹൻശങ്കറിനും മേൽ സമ്മർദം ചെലുത്തിയിരുന്നു.

മോഹൻശങ്കർ അത് അനുസരിച്ചെങ്കിലും പത്മകുമാർ വെള്ളാപ്പള്ളിക്കൊപ്പം മുന്നോട്ടു പോവുകയായിരുന്നു. പാർട്ടിയുടെ പ്രഖ്യാപനം കൂടി കഴിഞ്ഞതോടെ ഇനി കെപ്‌കോ ചെയർമാൻ സ്ഥാനത്ത് തുടരുന്നതിൽ അർഥമില്ലെന്ന് മനസിലാക്കി ഒഴിയാൻ തീരുമാനിക്കുകയായിരുന്നു. ധാർമികതയുടെ പേരിലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര തുടങ്ങിയ ദിവസം തന്നെയാണ് പത്മകുമാറിനും യൂണിയൻ കൺവീനർ സി.എൻ. വിക്രമനും എതിരേ മൈക്രോഫിനാൻസ് തട്ടിപ്പിന് പൊലീസ് കേസെടുത്തത്.

സമത്വ മുന്നേറ്റയാത്രയിൽനിന്നു വിട്ടു നിൽക്കാൻ പത്മകുമാർ മടി കാണിച്ചതിന്റെ പേരിലായിരുന്നു ഇതെന്നും പറയുന്നു.