തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിയെ ബാർകോഴ വിവാദത്തിൽപ്പെടുത്തിയ ബാറുടമാ അസോസിയേഷൻ നേതാവിനെ ലക്ഷ്യമിട്ട് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പിനുള്ള വിദഗ്ധ സമിതി റിപ്പോർട്ട്. ക്ഷേത്രത്തിന് ചുറ്റം താമസിക്കുന്നവർ സ്വത്തിന് ഭീഷണി ഉയർത്തുന്നവെന്നാണ് വിദഗ്ധ സമിതിയുടെ നിരീക്ഷണം. ക്ഷേത്രത്തിന് ചുറ്റം ഹോട്ടലു നടത്തുന്നവരുടെ ഭീഷണിയേയും സുപ്രീംകോടതിയിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഉയർത്തിക്കാട്ടുന്നുണ്ട്. ഈ ശുപാർശകൾ സുപ്രീംകോടതി അംഗീകരിച്ചാൽ ബിജു രമേശിന്റെ രാജധാനി ഗ്രൂപ്പിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകും.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേർന്നാണ് ബിജു രമേശിന്റെ വീട്. ക്ഷേത്ര മതിലിനോട് ചേർന്നാണ് വീടെന്ന് നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. ഇതിനൊപ്പം രാജധാനി ബാറും ഇവിടെയുണ്ട്. ലോഡ്ജ് സംവിധാനവും രാജധാനിയിൽ ഉണ്ട്. ഇതെല്ലാം ശതകോടികളുടെ അമൂല്യ സ്വത്തുള്ള ക്ഷേത്ര സുരക്ഷയ്ക്ക് തടസ്സമാണെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കൈവശമുള്ള സ്ഥലങ്ങളിൽ ലോഡ്ജുകൾ നടത്തുന്നു. ഇവിടെ താമസിക്കുന്ന അപരിചിതർ ക്ഷേത്രത്തിന് സുരക്ഷാഭീഷണിയുയർത്തുന്നുവെന്നാണ് നീരീക്ഷണം. ഇതിനൊപ്പമാണ് ക്ഷേത്രത്തോട് ചേർന്നുള്ള ബിജു രമേശിന്റെ വീടുയർത്തുന്ന പ്രശ്‌നങ്ങളും.

ഏതാണ് നൂറ് കോടി രൂപയിലെധികം വിലമതിക്കുന്ന ആസ്തികളാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്ത് ബിജു രമേശിന് ഉള്ളത്. ബിജുവിന്റെ അച്ഛനായ രമേശൻ കോൺട്രാക്ടർ തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്ന് വാങ്ങിയതാണ് ഇവിടെ. രാജധാനി ഗ്രൂപ്പിന്റെ പ്രധാന സാമ്പത്തിക ശക്തിയാണ് രാജധാനി ബിൽഡിങ്ങ്. ലക്ഷക്കണക്കിന് രൂപ വാടകയിനത്തിൽ തന്നെ ലഭിക്കും. ഇതിനോട് ചേർന്നാണ് ബിജു രമേശിന്റെ വീടും.

പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിലെ കുളം നിയമവിരുദ്ധമായി നികത്തി തീർത്ഥപാദ മണ്ഡപം പണിതതിനേയും വിദഗ്ധ സമിതി വിമർശിക്കുന്നുണ്ട്. പത്മതീർത്ഥക്കുളത്തിൽ നിന്നുള്ള അധികജലം ശേഖരിച്ചിരുന്ന പാത്രക്കുളം പഴയ രൂപത്തിൽ പുനരുദ്ധരിക്കണമെന്ന് ഭരണ സമിതി അദ്ധ്യക്ഷ കെ.പി. ഇന്ദിര സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. സ്ഥലം സ്വകാര്യ വ്യക്തികൾക്ക് കൈമാറാൻ മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻനായർ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയെന്ന വിജിലൻസ് റിപ്പോർട്ടിന്റെ പകർപ്പും ഭരണസമിതി റിപ്പോർട്ടിനൊപ്പം സമർപ്പിച്ചു.

സ്ഥലത്തിന്റെ നിയന്ത്രണം ആർ. രാമചന്ദ്രൻനായരുടെ ചില ബന്ധുക്കളിലാണെന്നും പറയുന്നു. പുറമ്പോക്കായി കണ്ടെത്തിയത് 65 സെന്റ് മാത്രം. ഇപ്പോൾ വിദ്യാധിരാജാ സഭ കൈവശം വച്ചിരിക്കുന്നത് ഒരു ഏക്കറും മൂന്നു സെന്റും. ചട്ടമ്പി സ്വാമി സ്മാരകം നിലനിറുത്താൻ രണ്ടു സെന്റ് മാത്രമേ ആവശ്യമുള്ളൂ. ബിജു രമേശിന്റെ സ്ഥാപനങ്ങളെ പോലും ഇതും ഒഴുപ്പിക്കണമെന്നാണ് സമിതിയുടെ നിർദ്ദേശം. പഴയ ഭരണസമിതിയുമായി ബന്ധപ്പെട്ടവർ മുറികൾ ഒഴിഞ്ഞു തരുന്നില്ല. ഈ മുറികൾ കാവൽ നിൽക്കുന്ന പൊലീസുകാർക്ക് വിശ്രമമുറിയായി ഉപയോഗിക്കാം. വാടക നൽകാതെ അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിക്കാൻ കോടതി ഇടപെടണമെന്നും പറയുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിഗൂഢമായ ബി നിലവറ തുറക്കാൻ ഉത്തരവിടണമെന്നതാണ് വിദഗ്ദ്ധസമിതി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ആവശ്യം. മറ്റു നിലവറകളുടെ ശക്തിപ്പെടുത്തലും എണ്ണി തിട്ടപ്പെടുത്തലും കഴിഞ്ഞാൽ ബി യുടെ കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് 2011 സെപ്റ്റംബറിൽ കോടതി വ്യക്തമാക്കിയിരുന്നു. സാധനങ്ങളുടെ കണക്കെടുപ്പും മൂല്യനിർണയവും കഴിഞ്ഞ സാഹചര്യത്തിൽ വിദഗ്ദ്ധ സമിതി തുടരണമെങ്കിൽ ബി നിലവറയുടെ കാര്യത്തിൽ തീരുമാനമുണ്ടാകണം. ഈ നിലവറകളിലെ സാധനങ്ങളിൽ ക്ഷേത്രത്തിന് ആവശ്യമുള്ളവ ഒഴിച്ച് ബാക്കിയുള്ളവ സൂക്ഷിക്കാൻ മ്യൂസിയം സജ്ജമാക്കാമെന്ന് നേരത്തേ സമിതി ശുപാർശ ചെയ്തിരുന്നു. ബി നിലവറ തുറക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ മ്യൂസിയത്തിന്റെ സാദ്ധ്യതാ റിപ്പോർട്ട് കൂടി തയ്യാറാക്കിയ ശേഷം ജോലി അവസാനിപ്പിക്കും.

ബി നിലവറ തുറക്കുന്നില്ലെങ്കിൽ എ.എസ്. ആർ.ഒ കെൽട്രോൺ സംഘത്തെയും നിലനിറുത്തേണ്ട ആവശ്യമില്ല. നിലവറകളിലെ അമൂല്യ വസ്തുക്കളുമായി ബന്ധപ്പെട്ട് സമിതി തയ്യാറാക്കിയ വിവരങ്ങൾ അടങ്ങിയ പേപ്പർ കോപ്പിയും കമ്പ്യൂട്ടർ കോപ്പിയും സുപ്രീംകോടതി ചുമതലപ്പെടുത്തുന്ന ഏജൻസിക്ക് കൈമാറേണ്ടതുണ്ട്. നിലവറകളിൽ നിന്ന് ഉൽസവ സമയത്ത് അമൂല്യ വസ്തുക്കൾ കൈമാറുമ്പോൾ ഫോട്ടോയെടുക്കുന്നത് സുരക്ഷിതമല്ല. സമിതിയുടെ കൈവശമുള്ള ഫോട്ടോകൾ സർവറിൽ സുരക്ഷിതമാണ്. നിലവറകളിലെ സാധനങ്ങൾ സൂക്ഷിക്കാൻ അതിസുരക്ഷയോടുകൂടിയ മ്യൂസിയം തുറക്കാൻ സുപ്രീംകോടതി ഉത്തരവിടണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു. മ്യൂസിയത്തിന്റെ സാദ്ധ്യതാ റിപ്പോർട്ടും വിദഗ്ദ്ധ സമിതി സമർപ്പിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലെ മൂല്യനിർണയം പൂർത്തിയായ എ, സി, ഡി, എഫ്. ജി.എച്ച് നിലവറകളിലെല്ലാം കൂടി മൊത്തം 156091രത്‌നങ്ങളുണ്ടെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. മരതകം, മാണിക്യം, ഗോമേദകം, പുഷ്യരാഗം തുടങ്ങി അപൂർവ ഇനങ്ങളാണിവ. എ നിലവറയിൽ 5864 അമൂല്യ വസ്തുക്കളുണ്ടെന്ന് കണക്കെടുപ്പിൽ കണ്ടെത്തി. മറ്റു നിലവറകളിലെ കണക്ക്: സി1481, ഡി619, ഇ40, എഫ്21, ജി105, എച്ച്25. ഇവയിൽ 1511 ആഭരണങ്ങൾ രത്‌നം പതിച്ചവയാണ്. രാശിപ്പണം, വെനീഷ്യൻ നാണയം, പാത്രങ്ങൾ എന്നിവയുടെ വലിയ ശേഖരവും നിലവറകളിലുണ്ട്. ജി, എച്ച് നിലവറകളിലെ കണക്കെടുപ്പ് 60 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ