- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റ് ഓഫീസ് ജോലി രാജിവെച്ച് പാവക്കൂത്തിനായി ജീവിതം ഒഴിഞ്ഞുവെച്ച വ്യക്തി; ക്ഷേത്രമതിൽക്കെട്ടിനു പുറത്തെ വിശാല ലോകത്തിലേക്ക് പൗരാണികകലയെ നയിച്ചു; രാമചന്ദ്ര പുലവർക്ക് അർഹതയ്ക്കുള്ള അംഗീകാരമായ പത്മശ്രീ; കണ്ണുകളിലെ ഇരുട്ടിനെ അക്ഷരവെളിച്ചം കൊണ്ട് അതിജീവിച്ചു ബാലൻ പൂതേരിക്കും ജീവിത സായൂജ്യമായി പുരസ്ക്കാരം
തിരുവനന്തപുരം: ഇന്നലെ രാജ്യം പത്മ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാള സംഗീത ലോകത്തു നിന്നും രണ്ടും പ്രമുഖർക്ക് ആ ആദവര് ലഭിച്ചു. കെ എസ് ചിത്രയ്ക്ക് പത്ഭൂഷണും കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീ പുരസ്ക്കാരവുമാണ് ലഭിച്ചത്. ഇവരെ കൂടാതെ കേരള പൊതുസമൂഹത്തിൽ അത്രയ്ക്ക് സെലബ്രിറ്റി സ്റ്റാറ്റസ് ഇല്ലാത്ത രണ്ട പ്രമുഖരെയും രാജ്യം ആദരിക്കുകയുണ്ടായി. പാലക്കാട് ഷൊർണൂർ സ്വദേശിയായ പാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവരും സാഹിത്യകാരൻ ബാലൻ പുതേരിയുമാണ് ഇവർ. ഇരുവർക്കും പത്മശ്രീ പുരസ്ക്കാരമാണ് ലഭിച്ചത്.
ക്ഷേത്രമതിൽക്കെട്ടിനു പുറത്തെ വിശാലലോകത്തിലേക്ക് പൗരാണികകലയായ പാവക്കൂത്തിനെ ആനയിക്കാൻ നേതൃത്വം നൽകിയ വ്യക്തിയാണ് കെ ക് രാമചന്ദ്ര പുലവർ. അദ്ദേഹത്തെ തേടിയെത്തിയത് അർഹ്തയ്ക്കുള്ള അംഗീകാരം തന്നെയാണ്. പാവക്കൂത്ത് കലാകാരന്മാരുടെ കുടുംബത്തിലാണ് രാമചന്ദ്ര പുലവരുടെ ജനനം. പ്രശസ്ത തോൽപാവക്കൂത്ത് കലാകാരൻ കെ.എൽ. കൃഷ്ണൻകുട്ടി പുലവരുടെ മകനാണ് ഇദ്ദേഹം. പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ നാൽപ്പതിലധികം ക്ഷേത്രങ്ങളിൽ ഇന്ന് രാമചന്ദ്ര പുലവർ പാവക്കൂത്ത് അവതരിപ്പിക്കുന്നുണ്ട്.
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക ചരിത്രം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കു വഹിച്ച കലാരൂപമാണു നിഴൽ പാവക്കൂത്ത്. ജാതിക്കും മതത്തിനുമപ്പുറത്തു വിശാലമായ ലോകവീക്ഷണവും ചരിത്ര പശ്ചാത്തലവുമുണ്ട് പാവക്കൂത്തിന്. ദേവിക്കു മുൻപിൽ അവതരിപ്പിക്കാൻ വേണ്ടി ചിട്ടപ്പെടുത്തിയ ദൈവികകലയാണ് പാവക്കൂത്ത് എന്നാണ് ഐതിഹ്യം. എന്നാൽ ഇന്നു കലയുടെയും കലാകാരന്റെയും അതിജീവനത്തിനായി രാമചന്ദ്ര പുലവർ പാവക്കൂത്തിനെ ജനകീയ കാലയാക്കി മാറ്റിയിരിക്കുകയാണ്.
പോസ്റ്റ് ഓഫിസിലെ ജോലി രാജിവച്ചാണ് രാമചന്ദ്ര പുരവർ ഈ മേഖലയിലേക്കു കടന്നുവന്നത്. ഇന്ന് ഇദ്ദേഹത്തിന്റെ മക്കളും പാവക്കൂത്തിനൊപ്പം ഉണ്ട്. കൂടാതെ നാൽപ്പതോളം ശിഷ്യന്മാരും. ലോകത്തിലെതന്നെ ആദിമ കലാരൂപങ്ങളിൽ ഒന്നായ നിഴൽ പാവക്കൂത്തിനെ, ഓർമ്മയുടെ പടുകുഴിയിലേക്കു വലിച്ചെറിയാൻ തയ്യാറല്ലെന്നു പ്രായോഗികതയിലൂടെ തെളിയിക്കുകയാണു രാമചന്ദ്ര പുലവർ.
ഇന്ത്യയിലെ വിവിധയിടങ്ങളിലും റഷ്യ, സ്വീഡൻ, സ്പെയിൻ, അയർലൻഡ്, ജർമനി, ഗ്രീസ്, സിങ്കപ്പുർ തുടങ്ങി വിവിധ രാജ്യങ്ങളിലും രാമചന്ദ്ര പുലവർ പാവക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൽനിന്ന് ജൂനിയർ ഫെല്ലോഷിപ്പും സീനിയർ ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്. തോൽപാവക്കൂത്ത് എന്ന പുസ്തകവും രാമചന്ദ്ര പുലവർ രചിച്ചിട്ടുണ്ട്. തായ്ലൻഡ് ഗവൺമെന്റ് പുരസ്കാർ(2011), ഡോ. ബി.ആർ. അംബേദ്കർ(2011), കേരള സംസ്ഥാന ഫോക്ക്ലോർ അക്കാദമി അവാർഡ്(2012) , കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാർ(2013) തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കണ്ണിലെ ഇരുട്ട് കലാഹൃദയത്തിന് തടസ്സമെല്ലെന്ന് തെളിയിച്ച വ്യക്തിയാണ് സാഹിത്യകാരൻ ബാലൻ പുതേരി. അന്ധതയെ അക്ഷരങ്ങളുടെ വെളിച്ചത്തിൽ അതിജീവിച്ച അദ്ദേഹത്തിനും പത്മശ്രീ പുരസ്ക്കാരം ലഭിച്ചു. ശ്രീകൃഷ്ണനെയും ഭക്ത കവി സൂർദാസിനെയും മനസ്സിന്റെ കാഴ്ചയാക്കി ബാലൻ പൂതേരി എഴുതിയത് ഇരുന്നൂറിൽപരം പുസ്തകങ്ങളാണ്. ജന്മനാൽ തന്നെ ബാലൻ പൂതേരിയുടെ വലത് കണ്ണിന് കാഴ്ച നഷ്ടമായിരുന്നു. ഇടത് കണ്ണിന് വെറും മൂന്ന് മീറ്റർ മാത്രം കാഴ്ച. കാഴ്ചയുള്ള കണ്ണുകൊണ്ട് വായനയുടെ ലോകത്തിലൂടെയായി സഞ്ചാരം.
പി.എസ്.എം.ഒ. കോളേജിലെ എം.എ. ചരിത്ര പഠനത്തിനുശേഷം 1983-ൽ ആദ്യ പുസ്തകമായ ക്ഷേത്ര ആരാധനയെഴുതി. തുടർന്ന് എഴുത്തിന്റെ ലോകത്തിലൂടെ നീണ്ട സഞ്ചാരം. 1997-ൽ അമ്പതാമത്തെ പുസ്തകമായ 'ഗുരുവായൂർ ഏകാദശി' പ്രസിദ്ധികരിച്ചു. തന്റെ പുസ്തകങ്ങൾ വച്ചു കൊണ്ട് ഗുരുവായൂരപ്പന്റെ മുന്നിൽ തുലാഭാരം നടത്തിയാണ് ബാലൻ പൂതേരി സന്തോഷം പ്രകടിപ്പിച്ചത്.
അറുപത്തിമൂന്ന് പുസ്തകങ്ങളുടെ രചന പിന്നിട്ടശേഷം തന്റെ ഇടത് കണ്ണിനു മങ്ങൽ മൂടി. കാഴ്ചയ്ക്കും തടസ്സം അനുഭവപ്പെട്ടു. പിന്നീട് കാഴ്ച പൂർണ്ണമായും നഷ്ടമായെങ്കിലും ഓരോ ഐതിഹ്യകഥകളും സാരോപദേശ സന്ദേശങ്ങളും പുസ്തകമാക്കുന്ന തിരക്കിലായിരുന്നു. മനസ്സിൽ തെളിയുന്ന വാക്യങ്ങൾ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ചിരുത്തി പറഞ്ഞു കൊടുക്കും. അവർ അത് കടലാസിലേക്ക് പകർത്തും. ശ്രീകൃഷ്ണചരിതവും മുത്തപ്പൻ കഥകളും എഴുതുന്ന വേളകളിൽ ഭക്തർ തന്നെയാണ് എഴുതാൻ എത്താറ്.
2017 ഒക്ടോബർ 19 ന് 'ശ്രീനാരായണ ഗുരുദേവനും ഹൈന്ദവ നവോത്ഥാനവും' എന്ന ഇരുനൂറാമത്തെ പുസ്തകം ഡോ. പി.കെ.വാരിയർ പ്രകാശനം ചെയ്തു. ബാലൻ പൂതേരിയെ തേടി 2011-ലെ കേരള സർക്കാറിന്റെ വികലാംഗ പ്രതിഭ പുരസ്കാരം എത്തി. ജയശ്രീ പുരസ്കാരം, ലത്തിൻ കത്തോലിക്ക ഐക്യവേദിയുടെ സുവർണ വിശിഷ്ട സേവാരത്നം ജൂബിലി പുരസ്കാരം, കുഞ്ഞുണ്ണി പുരസ്കാരം, ജ്ഞാനാമൃതം പുരസ്കാരം തുടങ്ങിയവയും ലഭിച്ചു .കൂടാതെ കർണാടകയിലെ ധർമസ്ഥലയിൽ നിന്ന് സ്വർണ മെഡലും ലഭിച്ചിട്ടുണ്ട്.
ബാലൻ പൂതേരിയുടെ വേരുകൾ കോഴിക്കോട് ഫറോക്കിലാണെങ്കിലും ഇപ്പോൾ താമസം മലപ്പുറം ജില്ലയിലെ കാടപ്പടിയിലാണ്. ബാലൻ പൂതേരിയെ കുറിച്ച് കണ്ണൂർ സ്വദേശിയും കാർട്ടൂണിസ്റ്റുമായ സി.ബി.കെ. നമ്പ്യാർ 'അന്ധകാരത്തിലെ വെളിച്ചമെന്ന' പുസ്തകവും തിരുവനന്തപുരം സ്വദേശി പി.എസ്.ശ്രീകുമാർ 'ധന്യമീ ജീവിതം' എന്ന പുസ്തകവും തയ്യാറാക്കിട്ടുണ്ട്. ശാന്തയാണ് ഭാര്യ. മകൻ രാംലാൽ.
മറുനാടന് ഡെസ്ക്