ന്യൂഡൽഹി: വിവാദങ്ങൾക്കൊടുവിൽ ദീപികാ പദുക്കോണിന്റെ സഞ്ജയ് ലീലാ ബൻസാലി ചിത്രം പത്മാവത് റിലീസിനൊരുങ്ങവെ വിലക്കുമായി രാജസ്ഥാൻ സർക്കാർ. ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഖട്ടാരിയ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന വ്യക്തമാക്കി രംഗത്തുവന്നത്. മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ നേരത്തെ പുറത്തുവിട്ട ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

പത്മാവതി എന്ന് പേരിട്ടിരുന്ന ചിത്രത്തിന് ഏറെ എതിർപ്പുകളെ തുടർന്ന് സെൻസർ ബോർഡ് റിലീസിനുള്ള അനുമതി നിഷേധിച്ചിരുന്നു. പിന്നീടാണ് അഞ്ച് സുപ്രധാന മാറ്റങ്ങളോടെ പത്മാവത് എന്ന് പേര്മാറ്റി റിലീസ് ചെയ്യാൻ തീരുമാനമായത്. രജപുത്രവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ഉത്തരേന്ത്യയിൽ ചിത്രത്തിനെതിരെ പ്രതിഷേധം വ്യാപകമായത്.

അതേസമയം ചിത്രത്തിനെതിരെ രംഗത്തുവന്ന രജ്പുത് കർണി സേന ചിത്രത്തിന് വിലക്കേർപ്പെടുത്തണം എന്ന നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. മുംബൈയിലെ സെൻസർ ബോർഡിന്റെ ഓഫീസ് ഉപരോധിക്കുമെന്ന് രജ്പുത് കർണി സേന വ്യക്തമാക്കിയിട്ടുണ്ട്.