ന്യൂഡൽഹി: സഞ്ജയ് ലീല ബൻസാലിയുടെ വിവാദ ചിത്രം 'പത്മാവത്' പ്രദർശിപ്പിക്കാമെന്ന് ആരും സ്വപ്നം കാണേണ്ടെന്ന് രജപുത്ര കർണിസേന. കർണിസേന തലവൻ ലോകേന്ദ്ര സിങ് കൽവിയാണ് ഇക്കാര്യം ആവർത്തിച്ചു വ്യക്തമാക്കിയത്. ചിത്രം പ്രദർശിപ്പിക്കാൻ ഒരു സംസ്ഥാനങ്ങളും തയാറാകരുതെന്നാവശ്യപ്പെട്ട കൽവി, ഏതെങ്കിലും കാരണവശാൽ ചിത്രം പ്രദർശിപ്പിച്ചാൽ പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങൾക്ക് തങ്ങൾ ഉത്തരവാദികളായിരിക്കില്ലെന്നും കൂട്ടിച്ചേർത്തു.

ചിത്രം പുറത്തിറങ്ങിയാൽ 16,000ലേറെ സ്ത്രീകൾ ജീവനൊടുക്കുമെന്നും സേനാവൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നും വിവിധയിടങ്ങളിൽ തിയറ്ററുകൾ ആക്രമിക്കപ്പെട്ടു.

ഇതിനിടെ 'പത്മാവദ്' പ്രദർശിപ്പിക്കാനിരുന്ന മാൾ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ അടിച്ച് തകർത്തു. ഈ മാസം 25ന് പുറത്തിറക്കുന്ന ചിത്രം മാളിലെ തീയേറ്ററിൽ പ്രദർശിപ്പിക്കുന്നത് മുൻകൂട്ടി കണ്ടാണ് ഹരിയാനയിലെ മാൾ അക്രമിസംഘം തകർത്തത്. സംഘം ചേർന്ന് എത്തിയ ആളുകൾ ചുറ്റികയും വാളും ഉപയോഗിച്ച് മാളിന്റെ ചില്ലും മറ്റ് സാധനങ്ങളും അടിച്ച് തകർത്തെന്ന് ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് ശേഷം ഇരുപതോളം പേർ അടങ്ങുന്ന സംഘം മാൾ ആക്രമിച്ചതിന് ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും അക്രമികൾ ഉപയോഗിച്ച വാൾ പരിസരത്ത് നിന്ന് കണ്ടെടുത്തെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കുരുക്ഷേത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.