മുംബൈ: വിവാദം ചിത്രം പത്മാവതിന്റെ റിലീസിനെതിരേ പ്രതിഷേധിച്ച കർണി സേന പ്രവർത്തകർ അറസ്റ്റിൽ. മുംബൈയിൽ പ്രതിഷേധിച്ച 50 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകരുതലെന്ന നിലയിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നാണു പൊലീസ് നൽകുന്ന സൂചന.

ചിത്രത്തിന്റെ റിലീസ് വ്യാഴാഴ്ചയാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ സമർപ്പിച്ച മുഴുവൻ ഹർജികളും സുപ്രീം കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. ചിത്രത്തിന്റെ പ്രദർശനം തടയാനാകില്ലെന്നും കാണേണ്ടവർ മാത്രം പത്മാവത് കണ്ടാൽ മതിയെന്നും തുറന്നടിച്ച കോടതി രാജ്യത്തെ ഒരു ഹൈക്കോടതികളും ഇനി ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കേണ്ടെന്നും ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ചിത്രത്തിന്റെ റിലീസിനു കളമൊരുങ്ങിയത്.

ചരിത്ര വസ്തുതകൾ വളച്ചൊടിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ചിത്രത്തിനെതിരെ രജപുത് കർണിസേന ചിത്രത്തിനെതിരേ വൻതോതിലുള്ള പ്രതിഷേധമുയർത്തിയത്. വിവിധയിടങ്ങളിൽ തിയറ്ററുകൾ അടിച്ചു തകർത്ത സേന, ചിത്രം രാജ്യത്ത് പ്രദർശനത്തിനെത്തിയാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്നും 16,000ലേറെ സ്ത്രീകൾ ജീവനൊടുക്കുമെന്നും വരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.