ലക്‌നോ: സഞ്ജയ് ലീല ബൻസാലിയുടെ 'പത്മാവതി'യെ വീണ്ടും കീറിമുറിച്ച് പരിശോധിക്കുന്നു. ചിത്രത്തിൽ വിവാദ ഭാഗങ്ങൾ പരിശോധിക്കാൻ ആറംഗം സമിതിയെ നിയോഗിച്ചു. രാജകുടുംബാംഗങ്ങളും ചരിത്രകാരന്മാരും ഉൾപ്പെടുന്നതാണ് സമിതി. സെൻസർ ബോർഡാണ് സമിതിയെ നിയോഗിച്ചരിക്കുന്നത്.

'പത്മാവതി' സിനിമക്കെതിരേ തീവ്ര ഹിന്ദുസംഘടനകൾ നടത്തുന്ന പ്രക്ഷോഭം കണക്കിലെടുത്താണ് വീണ്ടും പരിശോധന നടത്തുന്നത്. വടക്കേയിന്ത്യയിൽ പലയിടത്തും രജ്പുത് കർണി സേനയുടെ നേതൃത്വത്തിൽ സിനിമയ്ക്കെതിരേ അക്രമവും പ്രതിഷേധവും അരങ്ങേറിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സിനിമ പ്രദർശിപ്പിക്കുന്നതിന് വിലക്കും ഏർപ്പെടുത്തി. ശിവസേനയും സർവ് ബ്രാഹ്മിൺ മഹാസഭ എന്ന സംഘടനയും ചിത്രത്തിനെതിരേ വിമർശനവുമായി വന്നിട്ടുണ്ട്.

'പത്മാവതി'യുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും മുഖ്യവേഷം ചെയ്ത നടി ദീപികാ പദുകോണിന്റെയും തലകൊയ്യുമെന്ന ഭീഷണിയുമായി പടിഞ്ഞാറൻ യു.പി.യിലെ സംഘടന ക്ഷത്രിയസമാജ് രംഗത്തെത്തിയിരുന്നു. ദീപികയുടെയും ബൻസാലിയുടെയും തലകൊയ്യുന്നവർക്ക് അഞ്ചുകോടി രൂപ നൽകുമെന്നും സംഘടന പ്രഖ്യാപിച്ചിരുന്നു. വടക്കേയിന്ത്യയിൽ പലയിടത്തും രാജ്പുത് കർണി സേനയുടെ നേതൃത്വത്തിൽ സിനിമയ്ക്കെതിരേ അക്രമവും പ്രതിഷേധവും നടക്കുന്നതിനിടെയാണ് യു.പി.യിൽ ക്ഷത്രിയ സമാജും രംഗത്തുവന്നിരിക്കുന്നത്. ശിവസേനയും സർവ് ബ്രാഹ്മിൺ മഹാസഭ എന്ന സംഘടനയും ചിത്രത്തിനെതിരേ വിമർശനവുമായി വന്നിട്ടുണ്ട്.