ന്യൂഡൽഹി: വിവാദത്തിലായ പത്മാവതി സിനിമ ഉപാധികളോടെ പ്രദർശിപ്പിക്കാൻ അനുമതി നൽകി. ചിത്രത്തിൽ 26 മാറ്റങ്ങൾ വരുത്താൻ വിദഗ്ധ സമിതി നിർദ്ദേശിച്ചു. സിനിമയുടെ പേര് പത്മാവത് എന്നാക്കാനും നിർദ്ദേശം. 

ദീപിക പദുക്കോണും രൺവീർ സിംഗും ഷാഹിദ് കപൂറും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം വലിയ വിവാദത്തിലായതോടെയാണ് ചിത്രം പരിശോധിക്കാൻ കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. യു-എ സർട്ടിഫിക്കറ്റ് നൽകിയാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകുന്നത്.

ടൈറ്റിൽ പത്മാവത് എന്നാക്കണം എന്നതുൾപ്പെടെ നിരവധി മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. സതി എന്ന ദുരാചാരത്തെ ചിത്രീകരിച്ച രംഗം ഘൂമർ എന്ന പാട്ട് എന്നിവിടങ്ങളിലെല്ലാമാണ് മാറ്റങ്ങൾ നിർദ്ദേശിച്ചതെന്നാണ് വിവരം പുറത്തുവരുന്നത്. റാണി പത്മിനിയെന്ന ചരിത്രനായികയെ പുനരാവിഷ്‌കരിച്ചപ്പോൾ അവർക്ക് അപകീർത്തികരമായി എന്ന ആരോപണം ഉയർന്നതോടെയാണ് പത്മാവതി വിവാദത്തിലായത്.

സിനിമയ്ക്കു ചരിത്ര സംഭവവുമായി ബന്ധമില്ലെന്ന് രണ്ട് തവണ എഴുതി കാണിക്കണം. നിർദ്ദേശങ്ങൾ പാലിച്ചാൽ ഉടൻ സിനിമയ്ക്കു സർട്ടിഫിക്കറ്റ് നൽകുമെന്നും സമിതി അറിയിച്ചു. സിബിഎഫ്‌സിയുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് സംവിധായകൻ സഞ്ജയ് ലീല ബൻസാലി പറഞ്ഞു.

സിനിമയിലെ ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്ന നിർമ്മാതക്കളുടെ പ്രസ്താവനയെ തുടർന്നു ഫിലിം സർട്ടിഫിക്കേഷൻ ബോർഡാണു വിദഗ്ധ സമിതിയെ നിയമിച്ചത്.