മെൽബൺ: പ്രധാന മന്ത്രി ടോണി അബോട്ടിന് ഏറെ വിമർശനം നേരിടേണ്ടി വന്ന പെയ്ഡ് പേരന്റൽ ലീവ് സ്‌കീമിൽ അഴിച്ചുപണി പ്രഖ്യാപിച്ചു. ഇതുപ്രകാരം ആഴ്ചയിൽ ഇൻ ഹോം ചൈൽഡ് കെയറിനായി ആഴ്ചയിൽ 350 ഡോളർ അനുവദിക്കും. മുമ്പ് പ്രഖ്യാപിച്ചിരുന്ന പെയ്ഡ് പേരന്റൽ സ്‌കീം പ്രകാരം സർക്കാരിനുണ്ടാകുന്ന അധികബാധ്യത പുതിയ സ്‌കീം പ്രകാരം ഇല്ലാതാക്കാൻ സാധിക്കുമെന്നും ടോണി അബോട്ട് വ്യക്തമാക്കി.

പുതുതായി അമ്മമാരാകുന്നവർക്ക് ആറു മാസം വരെ ശമ്പളത്തോടു കൂടി  ലീവ് അനുവദിക്കുന്നതാണ് പെയ്ഡ് പേരന്റൽ സ്‌കീം. ഈ തുക 50,000 ഡോളറിൽ കുറയാതെ അമ്മമാർക്ക് ലഭിക്കും. ഓസ്‌ട്രേലിയയിൽ നിലവിലുള്ള മിനിമം വേജ് പ്രകാരം പിപിഎൽ അനുവദിച്ചാൽ അത് സർക്കാരിന് 5.5 ബില്യൺ ഡോളറിന്റെ അധികബാധ്യത വരുത്തുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. എന്നാൽ തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പെയ്ഡ് പേരന്റൽ ലീവ് സ്‌കീം ഉപേക്ഷിക്കാൻ പ്രധാനമന്ത്രിയൊട്ട് തയാറായതുമില്ല. സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് ഈ പദ്ധതി മൂലം അധികവരുമാനം ലഭിക്കുമെന്നായിരുന്നു മറ്റൊരു വാദം. പാർലമെന്റിൽ ഇതു പാസായാൽ അടുത്ത വർഷം ആദ്യം മുതൽ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ എല്ലാ ഭാഗത്തു നിന്നും ഈ പദ്ധതിക്ക് എതിർപ്പ് നേരിടേണ്ടി വരികയായിരുന്നു. തന്മൂലം വിവാദമായ പിപിഎല്ലിൽ അഴിച്ചുപണി നടത്താൻ ടോണി അബോട്ട് തീരുമാനിക്കുകയായിരുന്നു.

ആഴ്ചയിൽ 350 ഡോളർ അനുവദിക്കുന്നത് ഇൻ ഹോം ചൈൽഡ് കെയറിനും നാനികൾക്കുമായി ഉപയോഗിക്കാമെന്നാണ് പറയുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി രാജ്യത്തെ 3000 വൻകിട കമ്പനികൾക്ക് 1.5 ശതമാനം അധിക നികുതി ചുമത്തുമെന്നാണ് അബോട്ട് വ്യക്തമാക്കുന്നത്. ഇത് സർക്കാരിന് അധികബാധ്യത ഉണ്ടാകാതിരിക്കാൻ സഹായകമാകും.