തിരുവനന്തപുരം: മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ ഷോട്ട് ഫിലിം എന്ന ഖ്യാതിയുമായി 'പൈലോ ക്യാൻ'. ബിബിൻ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നാടൻ സൂപ്പർ ഹീറോയെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ ഹ്രസ്വചിത്രത്തിലൂടെ. ഈ ചിത്രത്തിൽ വിഷ്വൽ ഇഫക്ട്‌സ് ആരാധകരെ ത്രസിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്.

ഒരു മലയോരഗ്രാമത്തിലെ കർഷകനായ പൈലോയുടെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയങ്കരനാണ് ചാച്ചി എന്നു വിളിക്കുന്ന പൈലോ. പറമ്പിൽ പണിയെടുത്തും അൽപസ്വൽപം കള്ളു കുടിച്ചുമൊക്കെ ജീവിതം തള്ളി നീക്കുന്ന ശരാശരി കർഷകനാണ് ചാച്ചി. അപ്രതീക്ഷിതമായി തനിക്ക് അമാനുഷിക ശക്തി ലഭിച്ചതായി ചാച്ചി തിരിച്ചറിയുന്നതും തുടർന്നുമുള്ള സംഭവങ്ങളാണ് രസകരമായി 'പൈലോ ക്യാൻ' എന്ന ചിത്രം പറയുന്നത്.

മലയോരഗ്രമത്തിന്റെ നാട്ടുഭംഗി അനുഭവിപ്പിക്കുന്നതാണ് ഹ്രസ്വചിത്രത്തിലെ അഭിനേതാക്കളും ചിത്രത്തിന്റെ മെയ്ക്കിങ്ങും. കേന്ദ്രകഥാപാത്രമായ ചാച്ചിയെ അതിഗംഭീരമായി രാം കുമാർ അവതരിപ്പിച്ചിട്ടുണ്ട്. രാം കുമാറിന്റെ അതിസ്വാഭാവികമായ അഭിനയമാണ് ചിത്രത്തിന്റെ നട്ടെല്ല്. ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും അവരുടെ വേഷം മികവുറ്റതാക്കി. മാർട്ടിൻ മാത്യുവാണ് ക്യാമറ. എഡിറ്റർ ഷൈജാസ് കെ.എം. അരവിന്ദ് മഹാദേവന്റേതാണ് സംഗീതം.

ഇന്ത്യയിലെ ആദ്യത്തെ ഷോർട്ട് ഫിലിം പ്രൊഡക്ഷൻ കോൺടെസ്റ്റ് ആയ ബഡ്ജറ്റ് ലാബ് നടത്തിയ സീസൺ 4- മലയാളം ഷോർട്ട് ഫിലിം പ്രൊഡക്ഷൻ മത്സരത്തിൽ 'പൈലോ ക്യാൻ' വിജയം നേടിയിരുന്നു. മത്സരത്തിൽ 4 സിനിമകളാണ് തിരഞ്ഞെടുത്തിരുന്നത്. അതിലെ ഒരു ചിത്രമാണ് പൈലോ ക്യാൻ.

ബഡ്ജറ്റ്ലാബ് പ്രൊഡക്ഷൻസാണ് നിർമ്മാണം. 100000 രൂപ ബഡ്ജറ്റിൽ ആണ് ഈ ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ പിന്നാലെ പ്രവർത്തകർ പലരും സിനിമ ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്നവരാണ്.

രാം കുമാർ, ഹമീർ കല്യാണി, ഉണ്ണി, ഗീതു എസ് ശരത്, അൻസമ്മ മാത്യൂ, ശിവാനി എസ് ശരത്, അർജുൻ പി നാഥ്, ടിസ് തുടങ്ങിയവരാണ് അഭിനേതാക്കൾ. മാർട്ടിൻ മാത്യു ആണ് ഛായാഗ്രഹണം. എഡിറ്റിങ്ങ്-ഷൈജാസ് കെ.എം., ഗാനരചന-ബിബിൻ ആന്റണി, സംഗീതം-അരവിന്ദ് മഹാദേവൻ.