ഭയംതേടിയെത്തുന്നവർ ബ്രിട്ടീഷ് നികുതി ദായകർക്ക് ലഭിക്കേണ്ട ബെനഫിറ്റുകൾ കൈക്കലാക്കുന്നത് സംബന്ധിച്ച് ഒട്ടേറെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അനിയന്ത്രിതമായ രീതിയിലേക്ക് കുടിയേറ്റം വളരുകയും നികുതി ദായകർക്ക് ലഭിക്കേണ്ട ബെനഫിറ്റുകൾ സർക്കാരിന് നിയന്ത്രിക്കേണ്ടിവരികയും ചെയ്തതോടെയാണ് യൂറോപ്യൻ യൂണിയന് പുറത്തുകടക്കാൻ ബ്രിട്ടീഷ് ജനത ആഗ്രഹിച്ചതും. ബ്രെക്‌സിറ്റ് ഹിതപരിശോധന അതേത്തുടർന്നുണ്ടായ സംഭവവികാസമായിരുന്നു.

ഇത്തരത്തിൽ ബ്രിട്ടനിലെത്തി ബെനഫിറ്റുകൾ കൈക്കലാക്കിയ പാക്കിസ്ഥാനിലെ ദമ്പതിമാർ ഒടുവിൽ കുടുങ്ങി. പാക്കിസ്ഥാനിൽ വലിയ സ്വത്തുക്കൾക്കുടമകളായിട്ടും ഒന്നുമില്ലാത്തവരെപ്പോലെ ബ്രിട്ടനിലെത്തി ബെനഫിറ്റുകൾ ആസ്വദിച്ച് ജീവിക്കുകയായിരുന്നു ഇവർ. ബെനഫിറ്റിൽ കഴിയുമ്പോഴും ബ്രിട്ടനിൽ വ്യാജ അക്കൗണ്ടുകളിൽ ഇവർ ലക്ഷങ്ങൾ സൂക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

41-കാരനായ സയ്യദ് സൈദിയും 40-കാരിയായ റിസ്വാന കമാലുമാണ് തട്ടിപ്പ് നടത്തിയത്. വർഷം 40,000 പൗണ്ടോളമാണ് ഇവർക്ക് ബെനഫിറ്റായി ലഭിച്ചിരുന്നത്. ഏഴ് ബാങ്കുകളിലായി തങ്ങളുടെ സ്വത്തുക്കൾ ശേഖരിച്ചുവെച്ചശേഷമാണ് ഇവർ അഭയാർഥികളെന്ന വ്യാജേന ബ്രിട്ടനിലെത്തി ബെനഫിറ്റുകൾ സ്വന്തമാക്കിയതെന്ന് അന്വേഷണോദ്യോഗസ്ഥർ മിൻഷുൽ സ്ട്രീറ്റ് ക്രൗൺ കോടതിയിൽ പറഞ്ഞു.

രഹസ്യ വിവരം കിട്ടിയതിനെത്തുടർന്ന് വർക്ക് ആൻഡ് പെൻഷൻ വകുപ്പധികൃതർ കഴിഞ്ഞവർഷം ഡെന്റണിലെ ഇവരുടെ വീട്ടിൽ തിരച്ചിൽ നടത്തിയിരുന്നു. അഭയാർഥി ദമ്പതിമാർ രണ്ട് കാറുകൾ ഉപയോഗിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. ഒന്നരലക്ഷം പൗണ്ടോളം ബെനഫിറ്റായി കൈപ്പറ്റിയ ദമ്പതിമാർക്ക് രണ്ടരലക്ഷം പൗണ്ടോളം നിക്ഷേപമുണ്ടെന്നും കണ്ടെത്തി.

പത്തുമാസം തടവിനാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്. ഇവർക്ക് മൂന്നുമക്കൾ ഉണ്ടെന്നതിനാൽ, സയ്യദ് സൈദിയുടെ ശിക്ഷാകാലയളവ് കഴിഞ്ഞാണ് റിസ്വാനയെ ജയിലിലടച്ചത്. കുട്ടികളെ നോക്കാൻ ആരുമില്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാനായിരുന്നു ഇത്. കാറുകൾവിറ്റും ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പിൻവലിച്ചും തട്ടിപ്പിലൂടെ നേടിയ ബെനഫിറ്റുകൾ തിരിച്ചടയ്ക്കാനും കോതി നിർദേശിച്ചിട്ടുണ്ട്.

റിസ്വാന കമാലിന്റെ സ്റ്റുഡന്റ് വിസയുടെ മറവിലാണ് ദമ്പതിമാർ പാക്കിസ്ഥാനിൽ നിന്നെത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പിന്നീടിവർ അഭയം തേടുകയായിരുന്നു. അഭയാർഥികൾക്കുള്ള ബെനഫിറ്റുകളും ചൈൽഡ് ബെനഫിറ്റുകളുൾപ്പെടെയുള്ളവയും ഇവർ നേടിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അഭയാർഥികളായതിനാൽ, ഇവർക്ക് സൗജന്യ താമസവും സർക്കാർ നൽകിയിരുന്നു.