വാഷിങ്ടൺ: നയതന്ത്രജ്ഞർക്ക് സഞ്ചാരപരിധി നിശ്ചയിച്ച് പാക്കിസ്ഥാനും അമേരിക്കയും പരസ്പരം ഉരസൽ തുടങ്ങിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതായി സൂചന. കുറച്ചുകാലമായി ചൈനയുമായി കൂടുതൽ ബന്ധം സ്ഥാപിച്ചുള്ള പാക്കിസ്ഥാൻ നീക്കത്തിന് എതിരെ ഒളിഞ്ഞും തെളിഞ്ഞും അമേരിക്ക രംഗത്തുവരുന്നുണ്ട്. പുതിയ നീക്കവും അത്തരത്തിലുള്ളതാണെന്ന സൂചനകളാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രതലത്തിൽ കടുത്ത ഭിന്നതയുണ്ടായേക്കുമെന്ന വിലയിരുത്തലുകളും ഇതോടൊപ്പം പുറത്തുവരുന്നു.

യു.എസിൽ ജോലി ചെയ്യുന്ന പാക്കിസ്ഥാനി നയതന്ത്രജ്ഞർക്ക് ട്രംപ് ഭരണകൂടം അമേരിക്കയിൽ സഞ്ചാരപരിധി നിശ്ചയിച്ചതോടെയാണ് വിഷയം ചർച്ചയാകുന്നത്. മെയ്‌ ഒന്നുമുതൽ ഇവർ താമസിക്കുന്ന നഗരത്തിന്റെ 40 കിലോമീറ്റർ ചുറ്റളവിൽതന്നെ കഴിയണമെന്ന് കഴിഞ്ഞദിവസം നിർദ്ദേശം വരികയായിരുന്നു. അമേരിക്കയുടെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി തോമസ് ഷാനനാണ് വോയ്സ് ഓഫ് അമേരിക്കയുടെ ഉസ്ബെക് സർവീസിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെ സാധാരണ നയതന്ത്രകാര്യമായി മാത്രം കണ്ടാൽ മതിയെന്നായിരുന്നു പ്രതികരണം.

ഏന്നാൽ വിഷയം അതോടെ വലിയ ചർച്ചയായി. അമേരിക്കൻ നയതന്ത്രജ്ഞർക്ക് പാക്കിസ്ഥാനും ഇത്തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. അമേരിക്കൻ പ്രതിനിധികൾ പാക്കിസ്ഥാനിൽ സഞ്ചരിക്കുന്നകാര്യം നേരത്തേ അധികൃതരെ അറിയിക്കണമെന്നായിരുന്നു ഈ നിർദ്ദേശം. ഇതു പക്ഷേ അമേരിക്കക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. പാക്കിസ്ഥാനിൽ തീവ്രവാദികൾ അമേരിക്കൻ നയതന്ത്രജ്ഞരെ നോട്ടമിടാൻ സാധ്യതയുണ്ടെന്നത് മുൻകൂട്ടി കണ്ടുകൊണ്ടായിരുന്നു ഇതെന്നാണ് പാക്കിസ്ഥാന്റെ പക്ഷം.

എന്നാൽ അമേരിക്കയിൽ അത്തരമൊരു സാഹചര്യമില്ല. പാക് പ്രതിനിധികൾക്ക് അമേരിക്കയിൽ ഉണ്ടായിരുന്ന സഞ്ചാര സ്വാതന്ത്ര്യം വെട്ടിക്കുറച്ചത് എന്തിനെന്ന് വ്യക്തമായ മറുപടി അമേരിക്ക നൽകിയിട്ടുമില്ല. അതിനാൽ തന്നെ ഇത് പകരത്തിന് പകരം എന്ന നിലയിൽ കൈക്കൊണ്ട നടപടിയാണെന്ന അഭിപ്രായമാണ് ഉയരുന്നത്. 'യു.എസ്. നയതന്ത്രജ്ഞർ പാക്കിസ്ഥാനിൽ സഞ്ചാര നിയന്ത്രണങ്ങൾ നേരിടുന്നുണ്ട്. പാക് സർക്കാരിനെ അറിയിച്ചതിനു ശേഷമേ അവർക്ക് ആ പരിധിയിൽ കൂടുതൽ യാത്ര ചെയ്യാനാകൂ' -ഷാനൻ പറയുന്നു. അതേസമയം അതിനെ സഞ്ചാരനിയന്ത്രണമായി കാണരുതെന്നും യു.എസ്. ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പാക്കലാണ് ലക്ഷ്യമെന്നും പാക് ഉദ്യോഗസ്ഥരും പറയുന്നു.

ഏതായാലും അമേരിക്കയിലെത്തുന്ന പാക് നയതന്ത്രജ്ഞർക്ക് മെയ് ഒന്നുമുതൽ താമസിക്കുന്ന നഗരത്തിന്റെ 40 കിലോമീറ്റർ ചുറ്റളവിൽ മാത്രമേ സഞ്ചരിക്കാൻ അനുവാദമുണ്ടാകൂ. 40 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കണമെങ്കിൽ യാത്ര ദിവസത്തിനു അഞ്ച് നാൾ മുൻപ് അനുമതി തേടണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഫത്താ,കറാച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ പാക് സർക്കാർ യുഎസ് നയതന്ത്രജ്ഞരെ അനുവദിക്കാത്തതും ഒരു അമേരിക്കൻ സൈനികൻ പാക്കിസ്ഥാനിൽ നിയമ നടപടി നേരിടുന്നതുമെല്ലാം ആണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് സൂചനകൾ.