ശ്രീനഗർ: അതിർത്തിയിൽ പാക്കിസ്ഥാൻ ശക്തമായ വെടിവയ്പ് തുടങ്ങിയതോടെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. കാഷ്മീരിലെ നൗഷേര സെക്ടറിലാണ് ഇന്ന് രാവിലെ ഒൻപതിനു അതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. പാക് വെടിവയ്പിനെ തുടർന്നു ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായും ഏറ്റുമുട്ടൽ ഒരു മണിക്കൂർ നീണ്ടുനിന്നതായും സൈന്യം അറിയിച്ചു.

ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ രജൗരി സെക്ടറിലും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ഇന്ത്യൻ സേന സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഇത്തരം പ്രകോപന വെടിവയ്പുകൾക്ക് പിന്നാലെയാണ് പാക്കിസ്ഥാൻ തീവ്രവാദികൾക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റാൻ അവസരം ഒരുക്കുന്നത് എ്ന്നതിനാൽ തന്നെ സൈന്യം അതീവ ജാഗ്രതയിലാണ്.

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ നിരവധി തവണയാണ് പാക്കിസ്ഥാൻ അതിർത്തി ലംഘിച്ച് ആക്രമണം നടത്തിയത്. പാക് ആക്രമണങ്ങളിൽ നാല് സൈനികർ കൊല്ലപ്പെട്ടത്. ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളിൽ മൂന്നു പാക്കിസ്ഥാൻ സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇതോടെ അതിർത്തിയിൽ കാവൽ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.