ഇസ്‌ലാമാബാദ്: അതിർത്തി പ്രദേശത്തു സംഘർഷം തുടരുന്നതിനിടെ ഇന്ത്യയെ പ്രകോപിപ്പിച്ച് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി രംഗത്ത്. ഇന്ത്യക്കു യുദ്ധക്കൊതി പിടിപെട്ടാൽ പാക്കിസ്ഥാൻ ശക്തമായി തിരിച്ചടിക്കുമെന്നാണ് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് പറഞ്ഞത്.

പാക്കിസ്ഥാനുമായി എപ്പോൾ വേണമെങ്കിലും ചെറിയൊരു യുദ്ധമുണ്ടായേക്കാമെന്നും അതിനായി ഇന്ത്യൻ സൈന്യം സദാ സന്നദ്ധരായിരിക്കണമെന്നും ഇന്ത്യൻ കരസേനാ മേധാവി ദൽബീർ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു മറുപടിയായാണു പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.

സമാധാനമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ എന്തെങ്കിലും പ്രകോപനം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കും. ചെറുതോ വലുതോ ആയ യുദ്ധത്തിന് ഇന്ത്യ ഒരുങ്ങിയാൽ ശക്തമായ തിരിച്ചടി നൽകാൻ പാക്കിസ്ഥാനും പൂർണ സജ്ജമാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.