ന്യൂഡൽഹി: ഇന്ത്യ- പാക് നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പാക് സൈനിക പോസ്റ്റുകൾ തകർത്ത ദൃശ്യങ്ങൾ ഇന്ത്യ പുറത്തുവിട്ടതിന് പിന്നാലെ പ്രകോപനവുമായി പാക്കിസ്ഥാൻ. ഇന്ത്യയും പാക്കിസ്ഥാനും തന്ത്രപ്രധാനമായി കരുതുന്ന സിയാച്ചെൻ ഹിമാനിക്കുമുകളിൽ കൂടി യുദ്ധവിമാനങ്ങൾ പറത്തിയാണ് പാക് സൈന്യം പ്രകോപനം സൃഷ്ടിച്ചത്.

അതേസമയം, ഇന്ത്യയുടെ അതിർത്തി ലംഘിക്കാതെയുള്ള പ്രകടനമാണ് പാക്കിസ്ഥാൻ നടത്തിയതെന്ന് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഇന്ത്യൻ സൈന്യവും വ്യക്തമാക്കി. പാക്കിസ്ഥാന്റെ പുതിയ നടപടിയോടെ അതിർത്തിയിൽ യുദ്ധസമാന അന്തരീക്ഷം മുറുകുകയാണെന്നാണ് റിപ്പോർട്ടുകൾ. പ്രകോപനം സൃഷ്ടിക്കാനാണ് പാക്കിസ്ഥാൻ ഇത്തരമൊരു നടപടിക്ക് മുതിർന്നതെന്നും ഇതിനോട് ഇന്ത്യയും ശക്തമായി പ്രതികരിച്ചേക്കുമെന്നും സൂചനകളുണ്ട്.

ഇന്ത്യയുടെ ആക്രമണത്തിനുള്ള മറുപടിയെന്ന നിലയിലാണ് പാക്കിസ്ഥാൻ യുദ്ധവിമാനം പറത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. സകർദു ഫോർവേർഡ് ഓപ്പറേഷൻ ബേസിൽ നിന്നാണ് യുദ്ധവിമാനങ്ങൾ എത്തിയത്. പാക് വ്യോമസേനാ തലവൻ എയർ ചീഫ് സൊഹൈൽ അമൻ ആണ് യുദ്ധാഭ്യാസത്തിന് സമമായ പ്രകടനത്തിന് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഇദ്ദേഹം വിമാനം പറത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പാക് മാധ്യമങ്ങൾ പറയുന്നത്.

മിറാഷ് വിമാനങ്ങളാണ് പാക്കിസ്ഥാൻ എയർഫോഴ്‌സ് പറത്തിയതെന്നും അതിർത്തിയിലെ ഏതു ഭീഷണിയേയും പാക്കിസ്ഥാൻ നേരിടാൻ സജ്ജമാണെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ശത്രുവിന്റെ ഭാഗത്തുനിന്നുള്ള ഏത് കടന്നുകയറ്റത്തിനോടുമുള്ള പാക്കിസ്ഥാന്റെ മറുപടി അടുത്ത തലമുറവരെ ഓർമിക്കുന്നതായിരിക്കുമെന്ന് സാഹൈൽ അമൻ പറഞ്ഞതായും റിപ്പോർട്ടുകളിൽ പറയുന്നു.

ഇന്ത്യയെ നിരന്തരം പ്രകോപിപ്പിക്കുന്ന പാക് നടപടിക്ക് വൻ തിരിച്ചടിയേകി കഴിഞ്ഞദിവസം ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. പാക് സൈനിക പോസ്റ്റുകൾ തകർത്തുകൊണ്ടായിരുന്നു ഇന്ത്യൻ ആക്രമണം. നൗഷേരയിലെ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാന് കനത്ത നാശനഷ്ടം ഇന്ത്യൻസേന വരുത്തി എന്നാണ് റിപ്പോർട്ട്. രജൗറി ജില്ലയിലെ നൗഷേര സെക് ടറിലെ പാക് സൈനിക പോസ്റ്റുകൾ ബോംബിട്ട് തകർത്തു.

ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും കരസേന പുറത്തുവിട്ടിരുന്നു. ശക്തമായ നാശം പാക് പോസ്റ്റുകൾക്ക് സംഭവിച്ചുവെന്ന് മേജർ ജനറൽ അശോക് നെറൂല മാധ്യമപ്രവർത്തകരെ അറിയിച്ചു. എപ്പോഴാണ് ആക്രമണം നടത്തിയത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇനി ഇത്തരം ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെയാണ് ഇന്ത്യ തന്ത്രപ്രധാന മേഖലയായി കരുതുന്ന സിയാച്ചെൻ ഗ്‌ളേഷ്യറിന് മുകളിലൂടെ പാക്കിസ്ഥാൻ പ്രകോപനപരമായി വ്യോമ പ്രകടനം നടത്തിയത്. ഇന്ത്യൻ അതിർത്തി ലംഘിക്കാത്ത സാഹചര്യത്തിൽ ഇത് ഇപ്പോൾ പ്രശ്‌നമായിട്ടില്ലെങ്കിലും പാക് നടപടി ഇന്ത്യ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യക്കെതിരായ ഏതു കടന്നുകയറ്റത്തിനും ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്ന് നിരന്തരം ഇന്ത്യൻ അധികൃതർ വ്യക്തമാക്കുന്നുമുണ്ട്.

ഇന്ത്യൻ സൈന്യം സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും പാക്കിസ്ഥാൻ നുഴഞ്ഞ് കയറ്റക്കാരെ സഹായിക്കുന്നത് തുടരുകയാണെന്ന് അശോക് നെറൂല കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്ത്യൻ അക്രമണത്തിൽ എത്ര പാക്കിസ്ഥാൻ പോസ്റ്റുകൾ തകർന്നെന്നോ എത്ര ആളപായമുണ്ടെന്നോ വ്യക്തമായിട്ടില്ലെങ്കിലും വലിയ തോതിലുള്ള നാശ നഷ്ടം പാക്കിസ്ഥാന് ഉണ്ടായിട്ടുണ്ടാവാമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

സായുധധാരികളായ നുഴഞ്ഞുകയറ്റക്കാർക്ക് എല്ലാസഹായവും നൽകുകയാണ് പാക്ക് പട്ടാളം. നിയന്ത്രണരേഖയോടു ചേർന്ന പാക്ക് പോസ്റ്റുകൾ നുഴഞ്ഞുകയറ്റക്കാരുടെ കേന്ദ്രമാണ്. തിരിച്ചടിക്കു സാധിക്കാത്തവിധം ഗ്രാമീണരെ മറയാക്കിയാണ് നുഴഞ്ഞുകയറ്റക്കാർ ഇന്ത്യയിലേക്കു കടക്കുന്നത്. എന്നാൽ ഇന്ത്യൻ സേന ഇപ്പോൾ നിയന്ത്രണരേഖയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണെന്നു മേജർ ജനറൽ അശോക് നാരുല പറഞ്ഞു.

ഭീകരവാദികളായ നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയാണ് ഇന്ത്യ ആക്രമിച്ചത്. കശ്മീരിലെ യുവാക്കളെ ഭീകരരുടെ സ്വാധീനത്തിൽനിന്നു മോചിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഇന്ത്യൻ സൈന്യം വിശദമാക്കിയിട്ടുണ്ട്.

പതിവ് വെടിവയ്പോ ഷെല്ലാക്രമണമോ അല്ല കടുത്ത ശിക്ഷയാണ് പാക്കിസ്ഥാന് നൽകിയതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകളും ചെറിയ തമ്പുകളും കൃത്യമായി ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയിരിക്കുന്നത്. ബങ്കറുകൾ തകർക്കാനുള്ള തോക്കുകയും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം. ഈ നീക്കം തകർക്കുന്നതിന് വേണ്ടിയാണ് പാക് സൈനിക പോസ്റ്റുകൾ തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തത്.