ന്യൂഡൽഹി : പാക്കിസ്ഥാനിൽ തടവിലുള്ള കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ അമ്മയോടും ഭാര്യയോടും പാക് അധികൃതർ മോശമായ സംഭവം പുതിയ വിവാദത്തിലേയ്ക്ക്. കുൽഭൂഷണിന്റെ ഭാര്യയോട് ചെരിപ്പ് അഴിച്ചുവെക്കാൻ ആവശ്യപ്പെട്ട അധികൃതർ കൂടിക്കാഴ്ചയ്ക്ക് ശേഷവും അവ തിരികെ നൽകിയില്ലെന്നതാണ് ഏറ്റവും പുതിയ വിവാദങ്ങൾക്ക് ഇടനൽകിയിരിക്കുന്നത്. കുൽഭൂഷണിനെ കാണാനെത്തിയ അമ്മയോടും ഭാര്യയോടും താലിമാല ഉൾപ്പെടെ ഊരി വാങ്ങിയതും മാതൃഭാഷയിൽ സംസാരിക്കാൻ അനുവദിക്കാത്തതുമൊക്കെ പാക്കിസ്ഥാൻ കാട്ടിയ വാഗ്ദാന ലംഘനമാണെന്ന് ഇന്ത്യ വിമർശിച്ചിരുന്നു.

ഇതോടെ, 'പാക്കിസ്ഥാൻ ചെരിപ്പു കള്ളന്മാർ' എന്ന പേരിൽ ഹാഷ് ടാഗുകളുമായി സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധ കാമ്പയിൻ സജീവമായിരിക്കുകയാണ്. ചെരിപ്പു കള്ളന്മാരായ പാക്കിസ്ഥാനെ ആക്രമിക്കുന്നതാണ് നമ്മുടെ യഥാർത്ഥ പുതുവത്സരാഘോഷം എന്നൊക്കെയാണ് ട്വീറ്റുകൾ.

നിരന്തരമായ അപേക്ഷകൾക്കു ശേഷവും ചെരിപ്പുകൾ തിരികെ നൽകാൻ പാക്കിസ്ഥാൻ തയ്യാറായില്ലെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചത്. എന്നാൽ, സുരക്കാ കാരണങ്ങളാലാണ് ചെരിപ്പൂരാൻ ആവശ്യപ്പെട്ടതെന്നും ചെരിപ്പിനുള്ളിൽ നിന്നും എന്തോ ഒന്ന് കിട്ടിയതിനാലാണ് അവ തിരിച്ചു നൽകാഞ്ഞതെന്നുമാണ് പാക് സർക്കാർ പ്രതികരിച്ചത്.