- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം; അവിശ്വാസപ്രമേയം ചർച്ച ചെയ്യാതെ പാക് അസംബ്ലി; ഞായറാഴ്ച വീണ്ടുംചേരും; പ്രമേയം പിൻവലിച്ചാൽ സഭ പിരിച്ചുവിടാമെന്ന് ഇമ്രാൻ ഖാൻ; പ്രതിപക്ഷവുമായി ധാരണയിലെത്താൻ നീക്കം
ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാതെ പാക്കിസ്ഥാൻ ദേശീയ അസംബ്ലി ഏപ്രിൽ മൂന്നുവരെ പിരിഞ്ഞു.. പ്രമേയത്തിൽ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചർച്ച മാറ്റിയത്.
ഇന്നത്തേയ്ക്കു പിരിഞ്ഞ സഭ, ഞായറാഴ്ച വീണ്ടും ചേരുമെന്ന് ഡപ്യൂട്ടി സ്പീക്കർ ഖാസിം സുരി അറിയിച്ചു. പ്രതിപക്ഷത്തിനു കാര്യഗൗരവമില്ലെന്നും ഡപ്യൂട്ടി സ്പീക്കർ പറഞ്ഞു. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ ബഹളംവച്ചു. ഇന്നത്തെ അജൻഡയിൽ നാലാമതായി ആയിരുന്നു അവിശ്വാസ പ്രമേയ ചർച്ച. പ്രമേയത്തിലുള്ള ചർച്ച ഞായറാഴ്ച നടന്നേക്കും.
അവിശ്വാസപ്രമേയം പിൻവലിക്കുന്നതിന് പ്രതിപക്ഷവുമായി ഒരു ധാരണയിലെത്താൻ ഇമ്രാൻ ഖാൻ നീക്കംനടത്തുന്നതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെയാണ് പ്രമേയത്തിൽ നടക്കേണ്ട ചർച്ച ഞായറാഴ്ചത്തേക്ക് മാറ്റിയത്. അവിശ്വാസ പ്രമേയം പിൻവലിച്ചാൽ സഭ പിരിച്ചുവിടാമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും ഇമ്രാൻ ഖാൻ നിർദ്ദേശംവെച്ചതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫിന് ഇമ്രാൻ ഖാൻ പ്രത്യേക ദൂതൻ മുഖേന കത്ത് നൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സർക്കാരും പ്രതിപക്ഷവും തമ്മിൽ ധാരണയിലെത്തിയാൽ ഇരു വിഭാഗത്തിനും സമ്മതനായ ഒരു ഉന്നത നേതാവ് ഇതു സംബന്ധിച്ച് ഇടനിലക്കാരനായി വർത്തിക്കും. എന്നാൽ ഇമ്രാൻ ഖാൻ വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ പ്രതിപക്ഷം ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേ സമയം ഇമ്രാൻ ഖാൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
മാർച്ച് 28നാണ് പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്. പ്രമേയം അവതരിപ്പിക്കാൻ അന്നു തന്നെ അംഗീകാരം നൽകുകയും ചെയ്തിരുന്നു.
മുഖ്യ ഘടകകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ്പാക്കിസ്ഥാൻ (എംക്യുഎംപി) കൂടി പിന്തുണ പിൻവലിച്ചതോടെ ഇമ്രാൻ സർക്കാരിനു കേവലഭൂരിപക്ഷം നഷ്ടമായിരുന്നു. എംക്യുഎമ്മിന്റെ രണ്ടു മന്ത്രിമാരും രാജിക്കത്ത് നൽകി. ഏഴ് അംഗങ്ങളാണ് എംക്യുഎമ്മിനുള്ളത്. എം.ക്യു.എം. മുഖ്യ പ്രതിപക്ഷമായ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പി.പി.പി.)യുമായി ധാരണയിലെത്തുകയും ചെയ്തതോടെയാണ് ഇമ്രാൻ ഖാന്റെ നിലനിൽപ്പ് കൂടുതൽ പരുങ്ങലിലായത്.
ഇതിനിടെ സൈനികമേധാവി ഖമർ ജാവേദ് ബജ്വ, രഹസ്യാന്വേഷണവിഭാഗം തലവൻ നദീൻ അൻജുൻ എന്നിവരുമായി ഇമ്രാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇമ്രാൻ രാജിവെക്കില്ലെന്നും അവസാനത്തെ പന്തുവരെ പോരാടുമെന്നും പാക്കിസ്ഥാൻ വാർത്താവിതരണവകുപ്പ് മന്ത്രി ഫവാദ് ചൗധരി ഇന്നലെ പറഞ്ഞിരുന്നു.
നേരത്തേ, പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് തങ്ങൾക്ക് അർഹതയുണ്ടെന്ന് എം.ക്യു.എം. പ്രഖ്യാപിച്ചിരുന്നു. പിന്തുണ ലഭിക്കാൻവേണ്ട ഉപാധികളും പാർട്ടി മുന്നോട്ടുവെച്ചു. മറ്റൊരു സഖ്യകക്ഷിയായ പി.എം.എൽ.ക്യു.വിന് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം നൽകാൻ ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ.) തീരുമാനിച്ചതിനുപിന്നാലെയായിരുന്നു പ്രതികരണം.
അധികാരം നിലനിർത്താൻ 172 പേരുടെ പിന്തുണയാണ് ഇമ്രാന് വേണ്ടത്. ഏഴ് അംഗങ്ങളുള്ള എം.ക്യു.എം. മുന്നണി വിട്ടതോടെ ദേശീയ അസംബ്ലിയിൽ ഇമ്രാൻ സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. 176 അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും സർക്കാർ രൂപവത്കരിക്കുമെന്നും പ്രതിപക്ഷപാർട്ടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരുന്നതായി മറ്റൊരു ഘടകകക്ഷിയായ ബലൂചിസ്ഥാൻ അവാമി പാർട്ടി (4 അംഗങ്ങൾ) തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതിപക്ഷ സഖ്യത്തിൽ 177 അംഗങ്ങളായെന്നാണു സൂചന. 342 അംഗ പാർലമെന്റിൽ അവിശ്വാസം വിജയിക്കാൻ 172 വോട്ടുകളാണു വേണ്ടത്. 155 അംഗങ്ങളുള്ള ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) 2018 ൽ ചെറുകക്ഷികളുടെ പിന്തുണയോടെയാണു സർക്കാരുണ്ടാക്കിയത്.
പാക്കിസ്ഥാന്റെ ചരിത്രത്തിൽ ഇതുവരെ ഒരു പ്രധാനമന്ത്രി പോലും കാലാവധി തികച്ചിട്ടില്ല. ഒരു പ്രധാനമന്ത്രി പോലും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടിട്ടുമില്ല. അവിശ്വാസ പ്രമേയം നേരിടുന്ന മൂന്നാമത്തെ പാക്ക് പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ.




