കറാച്ചി: ശീതസമരത്തിനും സോവിയറ്റ് യൂണിയന്റെ പതനത്തിനും ശേഷം ആഗോള രാഷ്ട്രീയത്തിൽ രൂപപ്പെട്ട രാഷ്ട്രീയ സമവാക്യങ്ങളുടെ അനന്തര ഫലമാണ് യുക്രെയിലെ സൈനിക നടപടിയിലേക്ക് റഷ്യയെ കൊണ്ടുചെന്നെത്തിച്ചത്. ലോക രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കുള്ള റഷ്യയുടെ കടന്നുവരവും ചൈനയുടെ വളർച്ചയും ലോകത്തെ ഒന്നാം നമ്പർ ശക്തിയായി തുടരാനുള്ള അമേരിക്കയുടെ പരിശ്രമവുമാണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ യഥാർത്ഥ കാരണം.

ഇതൊടൊപ്പം രൂപപ്പെടുന്ന പുതിയ ലോകക്രമത്തിൽ ഇന്ത്യയുടെ അഭിപ്രായങ്ങൾക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് രാജ്യാന്തര തലത്തിൽ പ്രസക്തി ഏറുമ്പോൾ ലോകരാജ്യങ്ങൾക്ക് മുന്നിൽ ഒന്നുമല്ലാതായി മാറുന്ന പാക്കിസ്ഥാന്റെ അസഹിഷ്ണുതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രതികരണങ്ങൾ.

ഒരുകാലത്ത് എന്തിനും ഏതിനും പാക്കിസ്ഥാന് അവസാന ആശ്രയം അമേരിക്കയായിരുന്നു. 1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യയെ സമ്മർദത്തിലാക്കാൻ വിന്യസിച്ച അമേരിക്കൻ ഏഴാംനാവികപ്പടയുടെ ഭീഷണിയടക്കം രൂപപ്പെട്ടത് ഇന്ത്യയുടെ ശത്രുപക്ഷത്തേക്ക് പാക്കിസ്ഥാനെ കൊണ്ടുപോകാൻ നടത്തിയ നീക്കങ്ങളുടെ ഭാഗമായിരുന്നു. അന്ന് ഇന്ത്യയെ പോർമുഖത്ത് സഹായിച്ചത് സോവിയറ്റ് യൂണിയന്റെ നാവികസേനാവിന്യാസമാണ്.

എന്നാൽ കുറച്ചുനാളായി അമേരിക്ക പാക്കിസ്ഥാനെ ഏഴയലത്ത് അടുപ്പിക്കുന്നില്ല. മാത്രമല്ല പാക് പ്രധാനമന്ത്രി ഫോൺ വിളിച്ചാൽപ്പോലും സംസാരിക്കാൻ ബൈഡനോ മറ്റ് ഉന്നതരോ തയ്യാറാകുന്നുമില്ല. മറുവശത്ത് അമേരിക്ക അടക്കമുള്ള വൻ ശക്തികൾ ഇന്ത്യയോട് ഏറെ അടുക്കുകയാണ്. അവർ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ വാക്കുകൾക്ക് വില കൽപ്പിക്കുന്നു. അന്താരാഷ്ട്ര പ്രശ്‌നങ്ങൾ വരുമ്പോൾ ഇന്ത്യയോട് ഇടപെടാൻ അവർ ആവശ്യപ്പെടുന്നു. ഇതൊക്കെ പാക്കിസ്ഥാന് സഹിക്കാനാവുന്നതിനും അപ്പുറമാണ്.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താലാണ് അമേരിക്ക ഉൾപ്പടെയുള്ളവർ പാക്കിസ്ഥാനെ അകറ്റി നിറുത്തുന്നത്. ഒപ്പം ചൈനയോടുള്ള പാക്കിസ്ഥാന്റെ അടുപ്പവും ഇതിന് പ്രധാന കാരണമായിട്ടുണ്ട്.

വൻ ശക്തികൾ തങ്ങളെ കൈവിട്ടെന്ന് മനസിലായതോടെ ചൈനയെ കൂടുതൽ പ്രീതിപ്പെടുത്തി ഒപ്പം കൂടാനുള്ള കഠിന പരിശ്രമത്തിലാണ് പാക്കിസ്ഥാൻ. ചൈനയോട് അടുക്കുന്നതിലൂടെ റഷ്യയോട് ചങ്ങാത്തം കൂടാമെന്നും അവർ കരുതുന്നു. ചൈനയുടേയോ റഷ്യയുടെയോ കൂട്ടില്ലാതെ അധിക നാൾ ഇന്ത്യയ്ക്കുമുന്നിൽ പിടിച്ചു നിൽക്കാൻ ആവില്ലെന്നും ഇമ്രാന് നന്നായി അറിയാം.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദിസർക്കാരിന്റെ അടുത്ത നീക്കം പാക് അധിനിവേശ കാശ്മീർ (പി.ഒ.കെ.) പിടിച്ചടക്കുകയാണെന്ന് ഇമ്രാനും കൂട്ടർക്കും ഭയമുണ്ട്. കഴിഞ്ഞദിവസം ഇസ്ലാമാബാദിൽ നടന്ന ഒരു റാലിയിൽ പാശ്ചാത്യ ശക്തികൾക്കെതിരെ ആഞ്ഞടിച്ചാണ് ചൈനാ പ്രേമം പാക്കിസ്ഥാൻ വ്യക്തമാക്കിയത്.

റഷ്യൻ ആക്രമണത്തെ അപലപിച്ച് യുഎൻ ജനറൽ അസംബ്ലിയിലെ പ്രമേയത്തെ പിന്തുണയ്ക്കാൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടേതുൾപ്പെടെയുള്ള ഇരുപത്തിരണ്ട് രാജ്യങ്ങളിലെ തലവന്മാർ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. പ്രമേയത്തിൽ റഷ്യയ്ക്കെതിരെ രൂക്ഷ വിമർശനമുള്ളതിനാൽ പാക്കിസ്ഥാൻ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇന്ത്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നിട്ടും ഇന്ത്യയോട് ഇത്തരത്തിലൊരു ആവശ്യം ഉന്നയിക്കാത്തതിലും പാക്കിസ്ഥാന് കാര്യമായ അമർഷമുണ്ട്.

'യൂറോപ്യൻ യൂണിയൻ അംബാസഡർമാരോട് എനിക്ക് ചോദിക്കണം: നിങ്ങൾ ഇന്ത്യക്ക് ഇത്തരമൊരു കത്ത് എഴുതിയോ? എന്നാണ് റാലിയെ അഭിസംബോധന ചെയ്യവെ ഇമ്രാൻ ചോദിച്ചത്. പറയുന്നതുപോലെ ചെയ്യാൻ പാക്കിസ്ഥാൻ നിങ്ങളുടെ അടിമയാണെന്ന് കരുതുന്നുണ്ടോ എന്നും ഇമ്രാൻ ചോദിച്ചു.

ഞങ്ങൾ റഷ്യയുടെ സുഹൃത്തുക്കളാണ്, ഞങ്ങൾ അമേരിക്കയുടെയും സുഹൃത്തുക്കളാണ്; ഞങ്ങൾ ചൈനയുമായും യൂറോപ്പുമായും അടുപ്പത്തിലാണ്. ഞങ്ങൾ ഒരു ക്യാമ്പിലും ഇല്ല'- ഖാൻ പറയുന്നു. അഫ്ഗാനിസ്ഥാനിലെ പാശ്ചാത്യ നാറ്റോ സഖ്യത്തെ പിന്തുണച്ച പാക്കിസ്ഥാൻ നന്ദിക്ക് പകരം വിമർശനങ്ങൾ നേരിടുന്നു എന്ന വിഷമവും ഇമ്രാൻ പങ്കുവച്ചു. വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതിന് ഇന്ത്യയെ റഷ്യ കാര്യമായി അഭിനന്ദിച്ചിരുന്നു. എന്നാൽ അത്തരമൊരു അഭിനന്ദനം പാക്കിസ്ഥാന് ലഭിച്ചുമില്ല. ഇതിലും ഇമ്രാന് കടുത്ത വിഷമമുണ്ട്.

പട്ടിണിയും പരിവട്ടവുമായി വട്ടം ചുറ്റുന്ന പാക്കിസ്ഥാൻ അടുത്തിടെ ചൈനയുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഇതിലൂടെ കൂടുതൽ സഹായങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാൻ. ചൈനയുടെ ഉപദേശം സ്വീകരിച്ച് വൻ പ്രതീക്ഷയുമായി നേരേ റഷ്യയിലേക്ക് വിമാനം കയറി. പക്ഷേ, എല്ലാ പ്രതീക്ഷയും തെറ്റി എന്നുമാത്രമല്ല ലോകത്തിന്റെ മുന്നിൽ ആകെ നാണംകെടുകയും ചെയ്തു.

ഇമ്രാനും കൂട്ടരും മോസ്‌കോയിൽ കാലുകുത്തിയ അന്നാണ് റഷ്യ യുക്രെയിനിലേക്ക് ഇരച്ചുകയറിയത്. പുടിനെ കാണാനോ ചർച്ച നടത്താനോ കഴിഞ്ഞില്ലെന്ന് മാത്രമല്ല ഇമ്രാനെയും കൂട്ടരെയും സ്വീകരിക്കാൻ വെറും ജൂനിയറായ ഒരു മന്ത്രി മാത്രമാണ് എത്തിയത്. സമയം നോക്കാതെയുള്ള സന്ദർശനത്തിന്റെ പേരിൽ പാക്കിസ്ഥാനിൽ നിന്നുൾപ്പടെ ഇമ്രാന് കാര്യമായ വിമർശനവും നേരിടേണ്ടി വന്നു.
ഒടുവിൽ കുനിഞ്ഞ തലയുമായി രായ്ക്കുരാമാനം നാട്ടിലേക്ക് വണ്ടികയറി.

യുക്രെയിനിൽ കുടുങ്ങിയ പാക്കിസ്ഥാൻ പൗരന്മാരെയും വിദ്യാർത്ഥികളെയും രക്ഷിക്കാൻ ഇമ്രാൻ സർക്കാർ ഒന്നും ചെയ്യാത്തതും ഇമ്രാന് തിരിച്ചടിയായി. ഇതിനെതിരെ രാജ്യത്തുനിന്ന് കടുത്ത വിമർശനമാണ് ഉയർന്നത്. യുദ്ധമുഖത്ത് നിന്നും ഇന്ത്യൻ എംബസിയുടെ കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ് പാക്കിസ്ഥാൻകാർ രക്ഷപ്പെട്ടത്.

ഇന്ത്യൻ പതാകയും കൈയിലേന്തി ഭാരത് മാതാ കീ ജയ് വിളിച്ചാണ് തങ്ങൾ രക്ഷപ്പെട്ടതെന്നും ഇമ്രാൻ ഒന്നും ചെയ്തില്ലെന്നും യുക്രെയിനിൽ നിന്ന് രക്ഷപ്പെട്ടവർ സോഷ്യൽ മീഡിയയിലൂടെയും മറ്റും വിവരിച്ചിരുന്നു.

ഇമ്രാൻ സർക്കാർ നോക്കുക്കുത്തികളാണെന്നും, ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഇമ്രാൻ കണ്ട് പഠിക്കണമെന്നും യുക്രെയിനിലെ എയ്റോസ്പേയ്സ് സർവകലാശാലയിലെ വിദ്യാർത്ഥിനി മിഷ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്ത്യൻ പതാകയേന്തിയാണ് ഞങ്ങൾ അതിർത്തി കടന്നത്. ആ പതാകയ്ക്ക് കീഴിൽ തങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പുണ്ടായിരുന്നു എന്നും മിഷ കുറിച്ചു.

അഫ്ഗാനിൽ താലിബാൻ ഭരണം കൊണ്ടുവരാൻ പാക്കിസ്ഥാൻ ഏറെ വിയർപ്പൊഴുക്കിയിട്ടുണ്ട്. താലിബാനെ ജമ്മുകാശ്മീരിൽ ഉൾപ്പടെ ഇന്ത്യക്കെതിരെ സമർത്ഥമായി ഉപയോഗിക്കാൻ കഴിയും എന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, അത് തുടക്കത്തിലേ പാളി. മാത്രമല്ല താലിബാൻ പാക്കിസ്ഥാനിൽ പിടിമുറുക്കുമോ എന്നും ഇമ്രാന് ഭയമുണ്ട്.

കഴിഞ്ഞദിവസം പാക്കിസ്ഥാന്റെ അഭിമാനത്തെ നടിച്ചു താഴ്‌ത്തുന്ന തരത്തിൽ താലിബാന്റെ ഭാഗത്തുനിന്ന് പ്രതികരണവുമുണ്ടായി. യു.എൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യയും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാന് ഗോതമ്പ് നൽകിയത്. എന്നാൽ, ഗുണനിലവാരം കുറഞ്ഞ ഗോതമ്പാണ് പാക്കിസ്ഥാൻ നൽകിയതെന്നും തിന്നാൻ കൊള്ളില്ലെന്നുമാണ് താലിബാൻ ഉദ്യോഗസ്ഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

യുക്രൈനിലെ യുദ്ധമുഖത്തും ഇന്ത്യയുടെ വാക്കുകൾക്ക് വേണ്ടത്ര ഗൗരവവും പ്രസക്തിയും കിട്ടുമ്പോൾ രാജ്യാന്തര തലത്തിൽ മുഖം നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാക്കിസ്ഥാന് ഇമ്രാൻ ഖാന്റെ നയങ്ങളും നിലപാടുകളും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എന്തിനും ഏതിനും ചൈനയെ കൂട്ടുപിടിക്കുന്ന പാക്കിസ്ഥാൻ വിദേശ രാജ്യങ്ങളെ എതിർ ചേരിയിൽ നിർത്തേണ്ട അവസ്ഥയിലാണിപ്പോൾ. ഇമ്രാൻ ഖാന്റെ നിലപാടുകൾ ദീർഘകാലയളവിൽ പാക്കിസ്ഥാന് തിരിച്ചടി നൽകുന്നതാണെന്ന് റഷ്യയുടെ സമീപനത്തിൽ നിന്നടക്കം വ്യക്തമായിക്കഴിഞ്ഞു.