ഇസ്ലാമാബാദ്: ഇസ്ലാം മതം സ്വീകരിച്ചാൽ കൊലപാതക കുറ്റത്തിൽനിന്നു രക്ഷപ്പെടുത്താമെന്ന് ക്രിസ്തുമത വിശ്വാസികൾക്ക് പാക് പ്രോസിക്യൂട്ടറുടെ വാഗ്ദാനം. ലാഹോറിലെ മുതിർന്ന പ്രോസിക്യൂട്ടറുടെ നടപടി വൻ വിവാദമായിരിക്കുകയാണ്. പാക്കിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നിയമസംവിധാനത്തിൽനിന്നു പോലും നീതി ലഭിക്കുന്നില്ലെന്ന ആരോപണം ശക്തമായിരിക്കുന്നതിനിടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

രണ്ടു വർഷം മുൻപു നടന്ന കലാപത്തിനിടെ രണ്ടു മുസ്‌ലിം മതവിഭാഗക്കാരെ കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ നേരിടുന്ന പത്തിലധികം വരുന്ന ക്രിസ്തുമത വിശ്വാസികൾക്കാണ് പാക്ക് പ്രോസിക്യൂട്ടർ ഈ വാഗ്ദാനം നൽകിയത്. ലാഹോറിനോടു ചേർന്നുള്ള യൊഹാനാബാദിൽ രണ്ടു വർഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2015 ൽ ഇവിടെ ക്രിസത്യൻ പള്ളികൾക്കുനേർക്ക് ചാവേർ ആക്രമണങ്ങൾ നടന്നിരുന്നു. ഇതിനു പിന്നാലെ പ്രദേശത്ത് കലാപം പൊട്ടിപ്പുറപ്പെട്ടു.

ഞായറാഴ്ച കുർബാന നടക്കുന്നതിനിടെ വരെ ആക്രമണം ഉണ്ടായി. തുടർന്നുണ്ടായ മതലഹളയിൽ പള്ളിയിലെ ചാവേറാക്രമണത്തിൽ പങ്കുണ്ടെന്ന് കരുതപ്പെടുന്ന രണ്ടു മുസ്‌ലിം മതവിഭാഗക്കാർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ നാൽപതിലധികം ക്രിസ്തുമത വിശ്വാസികളെയാണ് പൊലീസ് പ്രതിചേർത്തത്.

എന്നാൽ, ക്രിസ്തുമത വിശ്വാസം ഉപേക്ഷിച്ച് ഇസ്‌ലാം മതം സ്വീകരിച്ചാൽ കേസിൽനിന്നും ഊരിത്തരമെന്ന് ജില്ലാ ഡപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ സയീദ് അനീസ് ഷാ വാഗ്ദാനം നൽകിയതായാണ് ആരോപണം. കേസിൽ പ്രതി ചേർക്കപ്പെട്ടവർക്ക് നിയമസഹായം നൽകുന്ന ജോസഫ് ഫ്രാൻസി എന്നയാളാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ, പ്രതികളാക്കപ്പെട്ടവർ ഇതിനോട് പ്രതികരിച്ചില്ലെന്നും അദ്ദേഹം അറിയിച്ചതായാണ് റിപ്പോർട്ട്.

മതപുരോഹിതർ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പട്ടവരെ മതപരിവർത്തനത്തിന് നിർബന്ധിക്കുന്ന വാർത്തകൾ പാക്കിസ്ഥാനിൽ പതിവാണെങ്കിലും ഭരണകൂടത്തിന്റെ ഭാഗമായിട്ടുള്ള വ്യക്തിതന്നെ പ്രതികളെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ മതപരിവർത്തനമെന്ന മാർഗം ഉപയോഗിച്ചെന്ന റിപ്പോർട്ട് ആദ്യമാണ്.