കറാച്ചി: പാക്കിസ്ഥാനി ഖവാലി ഗായകൻ അംജദ് സാബ്രിയെ അജ്ഞാതൻ വെടിവച്ചു കൊന്നു. കറാച്ചിക്ക് സമീപം ലിയാഖത്താബാദിൽ വച്ച് ബുധനാഴ്ചയാണ് അംജദ് സാബ്രിക്ക് നേരെ ആക്രമണമുണ്ടായത്.

ഗായകനും സഹായികളും സഞ്ചരിച്ചിരുന്ന കാറിന് നേരെ ബൈക്കിലെത്തിയ വ്യക്തി വെടിവയ്ക്കുകയായിരുന്നു. ആക്രമണം നടന്ന ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സാബ്രിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു.

സാബ്രിയുടെ തലയ്ക്കും നെഞ്ചിലുമാണ് വെടിയേറ്റത്.
പ്രശസ്ത ഖവാലി ഗായകനായിരുന്ന ഗുലാം ഫരീദ് സബ്രിയുടെ മകനാണ് അംജദ് സബ്രി. സബ്രി സഹോദരങ്ങളുടെ സംഗീതം പാക്കിസ്ഥാനിൽ വലിയ പ്രചാരം നേടിയിരുന്നു. 2014ൽ ദൈവത്തെ നിന്ദിക്കുന്ന ഗാനങ്ങൾ ആലപിച്ചെന്ന പേരിൽ സാബ്രിക്കെതിരെ കേസെടുത്തിരുന്നു.

സഹോദരൻ ഗസ്‌നാവി സാബ്രിയ്‌ക്കൊപ്പം ചേർന്നു തുടങ്ങിയ ബാൻഡുമായി ലോകമെമ്പാടും സംഗീത പരിപാടികൾ നടത്തിവരികയായിരുന്നു അംജദ്.