ശ്രീനഗർ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താനുള്ള പാക് ഭീകരരുടെ പദ്ധതി സുരക്ഷാസേന തകർത്തു. 15 മണിക്കൂർ നീണ്ടു നിന്ന വെടിവെപ്പിന് ശേഷം ഒരു പാക് ഭീകരനെ വധിച്ചതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് തോക്ക്, ഗ്രനേഡ്, റോക്കറ്റ് ലോഞ്ചർ തുടങ്ങിയ വൻ ആയുധശേഖരം കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശ്രീനഗർ-ജമ്മു ദേശീയ പാതയിൽ ബിഎസ്എഫ് വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പട്രോളിങ് നടത്തുന്നതിനിടെ സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ നിന്നും ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

വെള്ളിയാഴ്ചയും തുടർന്ന വെടിവെപ്പിൽ രണ്ട് സ്വദേശികൾക്കും നാല് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രദേശത്ത് പൊലീസ് ഉപയോഗിച്ച രണ്ട് ഡ്രോണുകൾ ഭീകരർ വെടിവെച്ചിട്ടു. തുടർന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരിലൊരാളെ സുരക്ഷാ സൈന്യം വധിച്ചത്.

 

''ഒരു വലിയ ദുരന്തമാണ് സൈന്യം ഒഴിവാക്കിയത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയപാതയിൽ വലിയ ആക്രമണത്തിനാണ് ഭീകരർ പദ്ധതിയിട്ടത്''-കശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു. ബരാമുള്ള-ശ്രീനഗർ അല്ലെങ്കിൽ ഖാസിഗുണ്ട്-പാൻത ചൗക് എന്നീ ദേശീയപാതകളിൽ ആക്രമണ സാധ്യതയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ സജ്ജമായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മേഖല പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.