ലക്‌നോ: ബിഹാറിൽ തോക്കിന്മുനയിൽ വീണ്ടും വിവാഹം. ഇതോടെ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത പെൺകുട്ടിയെ വിവാഹംകഴിക്കേണ്ടിവന്നത് യുവ എൻജിനീയർക്ക്. പക്ദുവാ ശാദി എന്നറിയപ്പെടുന്ന സമ്പ്രദായത്തിന്റെ ഇരയാവുകയായിരുന്നു ഇയാളെന്നാണ് റിപ്പോർട്ടുകൾ.

ബലപ്രയോഗത്തിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ തോക്കിൻ മുനയിൽ നിർത്തി ഇതുവരെ കണ്ടിട്ടുപോലും ഇല്ലാത്ത യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. ഝാർഖണ്ഡ് സ്വദേശി വിനോദ് കുമാർ എന്ന യുവ എൻജിനിയറാണ് നിർബന്ധിത വിവാഹത്തിന് വിധേയനായത്.

പ്രദേശത്തെ സ്റ്റീൽ പ്ലാന്റിലാണ് വിനോദ് കുമാർ ജോലി ചെയ്യുന്നത്. സുഹൃത്തുക്കൾ ക്ഷണിച്ചതനുസരിച്ച് അവരെ കാണാനെത്തിയ വിനോദിനെ രണ്ടുപേർ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയി. പിന്നീട് വിവാഹമണ്ഡപത്തിലെത്തിച്ച് സമീപമിരുന്ന യുവതിയെ വിവാഹം കഴിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അവിടെനിന്നു രക്ഷപെടാൻ വഴിയില്ലെന്നു മനസിലാക്കിയ വിനോദ് ജീവൻ ഭയന്ന് യുവതിയെ താലി ചാർത്തി.

തുടർന്ന് പെണ്ണിന്റെ ബന്ധുക്കൾ വിനോദിനെ ഒരു രാത്രി മുറിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്തു. പിറ്റേന്ന് വിനോദ് ഫോണ് വിളിച്ച് അറിയിച്ചതിനെ തുടർന്ന് എത്തിയ സഹോദരൻ പൊലീസിനെ വിവരമറിയിച്ചു. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഇവർക്ക് സഹായമൊന്നും ലഭിച്ചില്ല. പ്രശ്‌നം നിങ്ങൾ തന്നെ പറഞ്ഞു തീർക്കു എന്നാണ് പൊലീസ് നൽകിയ മറുപടി.

'പക്ക്ദുവാ ശാദി' എന്നറിയപ്പെടുന്ന വിവാഹമാണിത്. പെണ്മക്കളുടെ വിവാഹം നടത്താൻ മാതാപിതാക്കളുടെ പക്കൽ പണമില്ലാതെ വരുന്‌പോൾ യുവാക്കളെ തട്ടിക്കൊണ്ടു പോയി ബല പ്രയോഗത്തിലൂടെ അവരെ വിവാഹം കഴിപ്പിക്കും. ഇന്ത്യയിലെ ചില കുഗ്രാമങ്ങളിൽ ഇത്തരം പ്രവണതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.