- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ വേണമെങ്കിൽ പട്ടിയെന്ന് വിളിച്ചോളൂ... എങ്കിലും പാക്കിസ്ഥാനിയെന്ന് വിളിക്കരുത്; ബലൂചിസ്താനിലെ പാക് ഭീകരത വ്യക്തമാക്കി ഒരു ബലൂചിസ്താൻകാരൻ; മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആവേശം കൊണ്ട ദിൽഷാദിന്റെ വാക്കുകൾ ഇങ്ങനെ
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്താൻ വിമോചന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ബലൂചിസ്താനികൾക്ക് കൈവന്നത് പുതിയൊരു ആത്മവിശ്വാസമാണ്. തങ്ങളുടെ പ്രദേശത്ത് പാക്കിസ്ഥാൻ നടത്തുന്ന ഭീകരതയ്‌ക്കെതിരെ തുറന്ന് പ്രതികരിക്കാൻ തയ്യാറായി മുന്നോട്ടുവരുന്ന ബലൂചിസ്താനികളുടെ എണ്ണം കൂടിവരികയാണ്. ഏതാനും മാസം മുമ്പ് ഇന്ത്യയിലെത്തിയ മസ്ദാക്ക് ദിൽഷാദ് ബലൂച് എന്ന 25കാരൻ തന്നെ അധികൃതർ പാക്കിസ്ഥാനി എന്നു വിളിച്ചതിലുള്ള വേദനയാണ് പങ്കുവെക്കുന്നത്. കനേഡിയൻ പാസ്‌പോർട്ടുമായാണ് ദിൽഷാദ് ന്യൂഡൽഹിയിലെത്തിയത്. പാസ്‌പോർട്ട് രേഖകൾ അനുസരിച്ച് ദിൽഷാദ് ജനിച്ചത് പാക്കിസ്ഥാനിലെ ക്വെറ്റയിലാണ്. എന്നാൽ, തന്നെ പട്ടിയെന്ന് വിളിച്ചാലും പാക്കിസ്ഥാനി എന്ന് വിളിക്കരുതെന്നാണ് ദിൽഷാദിന്റെ അഭ്യർത്ഥന. താനൊരു ബലൂചിസ്താൻകാരനാണ്. എന്നാൽ, ജനിച്ചത് ക്വെറ്റയിലായിപ്പോയി എന്നതുകൊണ്ട് ജീവിതത്തിലുടനീളം അപമാനം നേരിടേണ്ടിവന്നുവെന്നും ദിൽഷാദ് പറയുന്നു. ബലൂചിസ്താനിലെ പാക്കിസ്ഥാൻ ഇടപെടൽ ജീവിതം ദുസ്സഹമാക്കിയതോടെ അവിട
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്താൻ വിമോചന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ബലൂചിസ്താനികൾക്ക് കൈവന്നത് പുതിയൊരു ആത്മവിശ്വാസമാണ്. തങ്ങളുടെ പ്രദേശത്ത് പാക്കിസ്ഥാൻ നടത്തുന്ന ഭീകരതയ്‌ക്കെതിരെ തുറന്ന് പ്രതികരിക്കാൻ തയ്യാറായി മുന്നോട്ടുവരുന്ന ബലൂചിസ്താനികളുടെ എണ്ണം കൂടിവരികയാണ്.
ഏതാനും മാസം മുമ്പ് ഇന്ത്യയിലെത്തിയ മസ്ദാക്ക് ദിൽഷാദ് ബലൂച് എന്ന 25കാരൻ തന്നെ അധികൃതർ പാക്കിസ്ഥാനി എന്നു വിളിച്ചതിലുള്ള വേദനയാണ് പങ്കുവെക്കുന്നത്. കനേഡിയൻ പാസ്‌പോർട്ടുമായാണ് ദിൽഷാദ് ന്യൂഡൽഹിയിലെത്തിയത്. പാസ്‌പോർട്ട് രേഖകൾ അനുസരിച്ച് ദിൽഷാദ് ജനിച്ചത് പാക്കിസ്ഥാനിലെ ക്വെറ്റയിലാണ്. എന്നാൽ, തന്നെ പട്ടിയെന്ന് വിളിച്ചാലും പാക്കിസ്ഥാനി എന്ന് വിളിക്കരുതെന്നാണ് ദിൽഷാദിന്റെ അഭ്യർത്ഥന. താനൊരു ബലൂചിസ്താൻകാരനാണ്. എന്നാൽ, ജനിച്ചത് ക്വെറ്റയിലായിപ്പോയി എന്നതുകൊണ്ട് ജീവിതത്തിലുടനീളം അപമാനം നേരിടേണ്ടിവന്നുവെന്നും ദിൽഷാദ് പറയുന്നു.
ബലൂചിസ്താനിലെ പാക്കിസ്ഥാൻ ഇടപെടൽ ജീവിതം ദുസ്സഹമാക്കിയതോടെ അവിടെനിന്ന് പലായനം ചെയ്തതാണ് ദിൽഷാദിന്റെ കുടുംബം. എല്ലാവരും ഇപ്പോൾ കാനഡയിലാണ് താമസം. ഇത്തരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറിയ ബലൂച് വംശജർ ആയിരക്കണക്കിനുണ്ട്. ബലൂചിസ്താനിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെക്കുറിച്ച് ഇന്ത്യക്കാരെ ബോധവൽക്കരിക്കുന്നതിനു വേണ്ടിയാണ് ദിൽഷാദ് ഭാര്യയ്‌ക്കൊപ്പം ന്യൂഡൽഹിയിലെത്തിയത്. സ്വാതന്ത്ര്യത്തിനുവേണ്ടി ബലൂചിസ്താൻ ജനത 70 വർഷമായി തുടരുന്ന ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ ലഭിച്ചതിലുള്ള സന്തോഷത്തിലാണ് ദിൽഷാദ് ഇപ്പോൾ. സിനിമാ സംവിധായനായിരുന്നു ദിൽഷാദിന്റെ അച്ഛൻ മിർ ഗുലാം മുസ്തഫ റൈയ്‌സാനി. എന്നാൽ, ഇദ്ദേഹത്തെ പാക്കിസ്ഥാൻ സൈന്യം തട്ടിക്കൊണ്ടുപോയി 2006 മുതൽ 2008വരെ തടവിൽ പാർപ്പിച്ചു. സൈന്യത്തിൽനിന്ന് മോചിതനായശേഷം മിർ തന്റെ കുടുംബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദമായ ബലൂചിസ്താൻ പ്രസ്താവനയെ പിന്തുണച്ച് ബലൂച് സ്റ്റുഡന്റ് ഓർഗനൈസേഷൻ (ആസാദ്) ചെയർപേഴ്‌സൻ കരിമ ബലൂച് ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. 'ബലൂചി വനിതകൾ ഇന്ത്യൻ പ്രധാനമന്ത്രിയെ തങ്ങളുടെ സഹോദരനായാണ് കണക്കാക്കുന്നതെന്ന്' രക്ഷാ ബന്ധൻ ദിനത്തിൽ കരിമ ട്വീറ്റ് ചെയ്തു. മോദിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ബലൂചിസ്താൻ വിഷയം ഉയർത്തി കൊണ്ടുവന്നതിൽ നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു. തങ്ങളുടെ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി ഇന്ത്യയും ലോകവും സഹായിക്കുമെന്നാണ് പ്രതീക്ഷ. ആ വിശ്വാസം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. ബലൂചിസ്താനിൽ പാക്കിസ്ഥാൻ നടത്തുന്ന യുദ്ധകുറ്റങ്ങളെ എതിർക്കണമെന്നും ട്വീറ്റിലൂടെ കരിമ ആവശ്യപ്പെടുന്നു.
സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്താനിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ പരസ്യമായി പിന്തുണച്ചത്. ഇന്ത്യയും മാദ്ധ്യമങ്ങളും ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ശബ്ദിക്കാൻ മാത്രമല്ല, ബലൂച് സ്വാതന്ത്ര്യ പ്രക്ഷോഭത്തെ പിന്തുണക്കാനും ശ്രമിക്കുമെന്നായിരുന്നു പ്രസംഗത്തിൽ പരാമർശിച്ചത്. ഇതിനെ അഫ്ഗാനിസ്ഥാനും പിന്തുണച്ചു. ബലൂചിസ്താന്റെ സ്വാതന്ത്ര്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിൽ പിന്തുണ അറിയിച്ച് അഫ്ഗാനിസ്താൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി. മോദിയുടെ പ്രസ്താവന അഭിനന്ദനാർഹമാണ്. പാക്കിസ്ഥാന്റെ പ്രകോപനങ്ങളെകുറിച്ച് ഏറ്റവും നന്നായി പ്രതികരിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും ഹമീദ് പറഞ്ഞിരുന്നു. കാശ്മീരിൽ പാക്കിസ്ഥാൻ നടത്തുന്ന ഇടപെടലുകൾക്കെതിരെയാണ് ബലീചിസ്താൻ പ്രശ്‌നം മോദി ഉയർത്തിക്കാട്ടുന്നതെന്നാണ് വിലയിരുത്തൽ.
അതിനിടെ ബലൂചിസ്താൻ പ്രശ്‌നത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിരുവിടുന്നുവെന്നും കശ്മീർവിഷയം യു.എൻ. പൊതുസഭയിൽ ശക്തമായി ഉന്നയിക്കുമെന്നും പാക് വിദേശകാര്യവക്താവ് നഫീസ് സക്കരിയ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യദിനപ്രസംഗത്തിൽ ബലൂചിസ്താനുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരമാർശങ്ങളോട് അതിരൂക്ഷമായ ഭാഷയിലാണ് പാക് വിദേശകാര്യ വക്താവ് പ്രതികരിച്ചത്. മോദിയുടെ പ്രസ്താവന ഐക്യരാഷ്ട്രസഭ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകളുടെ ലംഘനമാണ്. ബലൂചിസ്താനിലും കറാച്ചിയിലും കുഴപ്പങ്ങളുണ്ടാക്കാനാണ് ഇന്ത്യയുടെ ശ്രമം. കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങൾ മറയ്ക്കാനാണ് ബലൂചിസ്താൻ വിഷയം ഉയർത്തുന്നതെന്നും സക്കരിയ കുറ്റപ്പെടുത്തിയിട്ടുണ്ട്.
മോദി അതിരുകടക്കുന്നുവെന്ന വിമർശം,നയതന്ത്രത്തിൽ സ്വന്തം അതിർത്തി തിരിച്ചറിയാത്ത രാജ്യത്തിന്റെ അസാധാരണമായ പരാമർശമെന്നായിരുന്നു ഇന്ത്യയുടെ മറുപടി. മേഖലയിലെ പ്രശ്‌നങ്ങൾക്ക് മുഖ്യകാരണം പാക്കിസ്ഥാന്റെ തീവ്രവാദവും നുഴഞ്ഞുകയറ്റവുമാണെന്നും വികാസ് സ്വരൂപ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.