ശ്രീനഗർ: നിയന്ത്രരേഖയിൽ പാക്കിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിച്ച് തുടരുന്നു. അതിനിടെ ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതായി പാക്ക് സേന അവകാശപ്പെട്ടു. ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ചെന്നും പാക്കിസ്ഥാൻ പറയുന്നു. എന്നാൽ പാക് അവകാശവാദങ്ങൾ തെറ്റാണെന്നും ശനിയാഴ്ച ഇന്ത്യ വെടിനിർത്തൽക്കരാർ ലംഘിച്ചിട്ടില്ലെന്നും ഇന്ത്യൻ സൈനികവൃത്തങ്ങൾ വ്യക്തമാക്കി.

നിയന്ത്രണരേഖയിൽ കൃഷ്ണഘാട്ടി ടാറ്റ പാനി സെക്ടറിലാണു തിരിച്ചടിയുണ്ടായതെന്നും ഇന്ത്യൻ ബങ്കറുകൾ തകർത്തതായും പാക്ക് സൈനിക വക്താവ് അവകാശപ്പെട്ടു. എന്നാൽ പാക്ക് വാദം നുണയാണെന്നു ഇന്ത്യൻ സേന അറിയിച്ചു. അതിർത്തിയിൽ കനത്ത വെടിവയ്പു തുടരുകയാണ്. നേരത്തെ ഇന്ത്യാ-പാക്ക് യുദ്ധത്തിന്റെ സാധ്യതകൾ ഐക്യരാഷ്ട്ര സഭയും ചൂണ്ടിക്കാട്ടിയിരുന്നു. നിയന്ത്രണ രേഖയിലെ സംഘർഷത്തിൽ ആശങ്കയും അറിയിച്ചു. ഇതൊന്നും സംഘർഷം ലംഘൂകരിക്കുന്നില്ലെന്നതാണ് ലഭിക്കുന്ന സൂചനകൾ

ട്വിറ്ററിലാണ് പാക്ക് സേനാവക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ഇന്ത്യയ്‌ക്കെതിരായ വളിപ്പെടുത്തൽ നടത്തിയത്. ഇന്ത്യയുടെ ഭാഗത്തുനിന്നു നിയന്ത്രണരേഖയിൽ പ്രകോപനമുണ്ടായപ്പോൾ മാരകമായി തിരിച്ചടിച്ചു. ഇന്ത്യൻ ബങ്കറുകൾ തകർത്തു. പ്രത്യാക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നു വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.

ഇതേസമയം, പാക്കിസ്ഥാന്റെ വാദം പൂർണമായും തെറ്റാണെന്നും മുതിർന്ന സേനാ ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഇന്ത്യൻ സേനയ്ക്കു യാതൊരു പരുക്കുകളും ഉണ്ടായിട്ടില്ല. പാക്ക് സൈന്യമാണു വെടിനിറുത്തൽ കരാർ ലംഘിച്ചത്. പാക്ക് വെടിവയ്പിൽ പ്രദേശവാസിയായ സ്ത്രീ ഉൾപ്പെടെ രണ്ടുപേർക്കു പരുക്കേറ്റെന്നും കരസേന അറിയിച്ചു.

പൂഞ്ച് ജില്ലയിലെ രണ്ട് സെക്ടറുകളിലാണു പാക്ക് സൈന്യം വെടിനിറുത്തൽ കരാർ ലംഘിച്ചത്. ഗ്രാമീണർ താമസിക്കുന്ന സ്ഥലങ്ങളിൽ മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യൻ സേന പ്രത്യാക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞദിവസവും പാക്കിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിച്ചിരുന്നു.