ന്യൂഡൽഹി: നിയന്ത്രണരേഖയിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾ തകർക്കുന്നതിന്റെ ദൃശ്യങ്ങളെന്ന് അവകാശപ്പെടുന്ന വീഡിയോയുമായി പാക്കിസ്ഥാൻ. അഞ്ച് ഇന്ത്യൻ സൈനികരെ വധിച്ചുവെന്ന അവകാശവാദത്തിന് പിന്നാലെയാണ് ആരാജ്യം ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെയോടെണ് പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ വീഡിയോ ട്വിറ്ററിൽ പോസ്റ്റുചെയ്തത്.

ഇന്ത്യ നടത്തിയ വെടിവെപ്പിന് തിരിച്ചടിയായാണ് സൈനിക പോസ്റ്റുകൾ തകർത്തതെന്ന് വീഡിയോയ്ക്കൊപ്പം നൽകിയ കുറിപ്പിൽ പാക്കിസ്ഥാൻ അവകാശപ്പെടുന്നു. ഇത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള വീഡിയോയുമായി പാക്കിസ്ഥാൻ രംഗത്തെത്തുന്നത്. കഴിഞ്ഞ മെയ് 24 നും ഇന്ത്യൻ സൈനിക പോസ്റ്റുകൾ തകർത്തുവെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാൻ വീഡിയോ പുറത്തുവിട്ടിരുന്നു. പാക്കിസ്ഥാൻ പോസ്റ്റുകൾ തകർക്കുന്നതിന്റെ വീഡിയോ ഇന്ത്യ പുറത്തുവിട്ടതിന് പിന്നാലെ ആയിരുന്നു ഇത്.

ഇന്ത്യൻ ബങ്കറുകൾ തകർത്തുവെന്നും അഞ്ച് ഇന്ത്യൻ സൈനികരെ വധിച്ചുവെന്നും കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് അവകാശപ്പെട്ടത്. പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സൈന്യം ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ ഇന്ത്യയിലെ ഒരു സ്ത്രീയ്ക്ക് പരിക്കേറ്റതായും സൈന്യം വ്യക്തമാക്കിയിരുന്നു.