- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപകർക്ക് നിയന്ത്രണവുമായി പാക്കിസ്ഥാൻ; അദ്ധ്യാപികമാർ ജീൻസും അദ്ധ്യാപകർ ജീൻസും ടി-ഷർട്ടും ധരിക്കരുതെന്ന് നിർദ്ദേശം; നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഫെഡറൽ ഡയറക്ടറേറ്റ് ഓഫ് എജ്യൂക്കേഷൻ വിജ്ഞാപനം പുറത്തിറക്കി
ഇസ്ലാമാബാദ്: അദ്ധ്യാപകന്മാർക്കും അദ്ധ്യാപികമാർക്കും നിയന്ത്രണങ്ങളുമായി പാക്കിസ്ഥാൻ. അദ്ധ്യാപകരുടെ വസ്ത്രധാരണത്തിൽ തുടങ്ങി വ്യക്തിശുചിത്വത്തിലേക്ക് വരെ വ്യക്തമായ നിർദ്ദേശങ്ങളോടെയാണ് പുതിയ നിയന്ത്രണങ്ങൾ.ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ ഫെഡറൽ ഡയറക്ടറേറ്റ് ഓഫ് എജ്യൂക്കേഷൻ വിജ്ഞാപനം പുറത്തിറക്കി.വനിതാ അദ്ധ്യാപകർ ജീൻസും ടൈറ്റ്സും ധരിക്കരുതെന്ന് വിജ്ഞാപനത്തിൽ പറയുന്നു. പുരുഷ അദ്ധ്യാപകരുടെ വസ്ത്രധാരണത്തെ കുറിച്ചും വിജ്ഞാപനത്തിൽ നിർദ്ദേശമുണ്ട്. പുരുഷ അദ്ധ്യാപകർ ജീൻസും ടി-ഷർട്ടും ധരിക്കരുതെന്നാണ് നിർദ്ദേശം.
ജീവനക്കാർ ഓരോരുത്തരും വേഷവിധാനത്തിലും വ്യക്തിശുചിത്വത്തിലും മാന്യത പുലർത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്. ഇതിന്റെ ഭാഗമായി കൃത്യമായ ഇടവേളകളിൽ മുടിവെട്ടുക, താടി വെട്ടിയൊതുക്കുക, നഖം മുറിക്കുക, കുളിക്കുക, ഡിയോഡറന്റോ സുഗന്ധലേപനമോ ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അദ്ധ്യാപകർ ക്ലാസിനുള്ളിൽ ടീച്ചിങ് ഗൗണുകളും ലാബോറട്ടറികളിൽ കോട്ടുകളും ധരിക്കണം. ജോലിസമയം, കാമ്പസിൽ ചെലവഴിക്കുന്ന സമയം, ഔദ്യോഗിക കൂടിച്ചേരലുകൾ, യോഗങ്ങൾ എന്നിവയിലും ഈ നിർദ്ദേശങ്ങൾ പാലിക്കണം.സ്കൂളുകളിലെയും കോളേജുകളിലെയും ഗേറ്റിലെ സുരക്ഷാജീവനക്കാർക്കും മറ്റ് ജീവനക്കാർക്കും യൂണിഫോം വേണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. ഔദ്യോഗിക യോഗങ്ങളിൽ ഫാൻസി അല്ലെങ്കിൽ പാർട്ടി വസ്ത്രങ്ങൾ വനിതാ അദ്ധ്യാപകർ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
ലളിതവും മാന്യവുമായ സൽവാർ കമ്മീസ്, ട്രൗസർ, ഷർട്ടിനൊപ്പം ദുപ്പട്ട അല്ലെങ്കിൽ ഷാൾ എന്നിവയാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്. ശൈത്യകാലത്ത് അദ്ധ്യാപികമാർക്ക് മാന്യമായ നിറത്തിലും ഡിസൈനിലുമുള്ള കോട്ട്, ബ്ലേസർ, സ്വെറ്റർ, ജേഴ്സി, ഷാൾ തുടങ്ങിയവ ധരിക്കാം. പാദരക്ഷകളുടെ കാര്യത്തിലും നിയന്ത്രണങ്ങളുണ്ട്. പമ്പ്സ്, ലോഫർ, മ്യൂൾ തുടങ്ങിയ ഫോർമൽ ഷൂകളോ അല്ലെങ്കിൽ സ്നീക്കേഴ്സോ ഉപയോഗിക്കാം. സ്ലിപ്പറുകൾ ഉപയോഗിക്കരുത്.
ഈ വിഷയവുമായി ബന്ധപ്പെട്ട കത്ത് സ്കൂളുകളുടെയും കോളേജുകളുടെയും പ്രിൻസിപ്പാളുമാർക്ക് അക്കാഡമിക്സ് ഡയറക്ടർ അയച്ചു.
മറുനാടന് മലയാളി ബ്യൂറോ