ഇസ്ലാമാബാദ്‌ ഇന്ത്യയിൽ നടക്കുന്ന കബഡി ലോകകപ്പിൽ പാക്കിസ്ഥാന് വിലക്ക്. 12 രാഷ്ട്രങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് അഹമ്മദാബാദിൽ അടുത്തയാഴ്ച മുതലാണ് ആരംഭിക്കുന്നത്.

ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സംഘർഷം നിലനിൽക്കുന്നതിനാലാണ് പാക്കിസ്ഥാന് ടൂർണമെന്റിൽ അനുമതി നിഷേധിച്ചതെന്ന് ഇന്റർനാഷണൽ കബഡി ഫെഡറേഷൻ (ഐ.കെ.എഫ്) തലവൻ ദിയോരാജ് ചതുർവേദി പറഞ്ഞു. പാക്കിസ്ഥാൻ കബഡി ഫെഡറേഷന്റെ ഒഴിച്ചുകൂടാനാകാത്ത പ്രതിനിധിയാണെന്നും എന്നാൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ പാക്കിസ്ഥാന് പ്രവേശനം അനുവദിക്കാനാകില്ലെന്നും ചതുർവേദി പറഞ്ഞു.

അതേ സമയം മത്സരത്തിൽ നിന്നും ഒഴിവാക്കിയതിനെതിരെ പാക്കിസ്ഥാൻ രംഗത്തെത്തി. സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ ഇരു രാഷ്ട്രങ്ങളെയും ടൂർണമെന്റിൽ നിന്ന് ഒഴിവാക്കണമായിരുന്നെന്ന് പാക്കിസ്ഥാൻ കബഡി ഫെഡറേഷൻ സെക്രട്ടറി റാണ മുഹമ്മദ് സർവർ പറഞ്ഞു.
പാക്കിസ്ഥാനില്ലാതെ കബഡി ലോകകപ്പില്ലെന്നും ബ്രസീലില്ലാതെ ഫുട്ബോൾ ലോകകപ്പ് നടത്തുന്നത് പോലെയാണിതെന്നും സർവാർ പറഞ്ഞു. ടൂർണമെന്റിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം ചൂടുമായിരുന്നെന്ന് പാക് ക്യാപ്റ്റൻ നാസിർ അലി പറഞ്ഞു.
വെള്ളിയാഴ്ച ആരംഭിക്കുന്ന ആദ്യ റൗണ്ട് മത്സരത്തിൽ ഇറാൻ അമേരിക്കയെ നേരിടും..